ആറാം ക്ലാസിൽ തോറ്റു, ഒൻപതാം ക്ലാസിൽ പുറത്താക്കി; കോഫിമേക്കറിൽനിന്ന് തഹസിൽദാരായ ഷിനു
ചുറ്റും കാട്. ഓലമേഞ്ഞ, വൈദ്യുതിയില്ലാത്ത വീട്. സ്കൂൾ 5 കിലോമീറ്റർ അകലെയും. ആനകളും കടുവകളും ഇറങ്ങുന്ന വഴിയിലൂടെ വേണം യാത്രകൾ. കയ്പ്പേറിയ കുട്ടിക്കാലം, കഠിനാധ്വാനത്തിന്റെ കൗമാരവും യൗവനവും. ഒടുവിൽ, ഇടുക്കി വഞ്ചിവയൽ സ്വദേശി ഷിനു എത്തിയത് തഹസിൽദാരുടെ കസേരയിലേക്ക്. പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട
ചുറ്റും കാട്. ഓലമേഞ്ഞ, വൈദ്യുതിയില്ലാത്ത വീട്. സ്കൂൾ 5 കിലോമീറ്റർ അകലെയും. ആനകളും കടുവകളും ഇറങ്ങുന്ന വഴിയിലൂടെ വേണം യാത്രകൾ. കയ്പ്പേറിയ കുട്ടിക്കാലം, കഠിനാധ്വാനത്തിന്റെ കൗമാരവും യൗവനവും. ഒടുവിൽ, ഇടുക്കി വഞ്ചിവയൽ സ്വദേശി ഷിനു എത്തിയത് തഹസിൽദാരുടെ കസേരയിലേക്ക്. പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട
ചുറ്റും കാട്. ഓലമേഞ്ഞ, വൈദ്യുതിയില്ലാത്ത വീട്. സ്കൂൾ 5 കിലോമീറ്റർ അകലെയും. ആനകളും കടുവകളും ഇറങ്ങുന്ന വഴിയിലൂടെ വേണം യാത്രകൾ. കയ്പ്പേറിയ കുട്ടിക്കാലം, കഠിനാധ്വാനത്തിന്റെ കൗമാരവും യൗവനവും. ഒടുവിൽ, ഇടുക്കി വഞ്ചിവയൽ സ്വദേശി ഷിനു എത്തിയത് തഹസിൽദാരുടെ കസേരയിലേക്ക്. പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട
ചുറ്റും കാട്. ഓലമേഞ്ഞ, വൈദ്യുതിയില്ലാത്ത വീട്. സ്കൂൾ 5 കിലോമീറ്റർ അകലെയും. ആനകളും കടുവകളും ഇറങ്ങുന്ന വഴിയിലൂടെ വേണം യാത്രകൾ. കയ്പ്പേറിയ കുട്ടിക്കാലം, കഠിനാധ്വാനത്തിന്റെ കൗമാരവും യൗവനവും. ഒടുവിൽ, ഇടുക്കി വഞ്ചിവയൽ സ്വദേശി ഷിനു എത്തിയത് തഹസിൽദാരുടെ കസേരയിലേക്ക്.
പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട വഞ്ചിവയലിലെ ഊരാളി ഗോത്രത്തിലാണ് ഷിനുവിന്റെ ജനനം. അച്ഛൻ വിജയന് കൃഷിപ്പണിയാണ്. വാച്ചർ ജോലിയും നോക്കുന്നു. അമ്മ വസന്ത കൃഷിയിൽ അച്ഛനെ സഹായിക്കാനിറങ്ങും. കഷ്ടപ്പാടുകളുടെ കുട്ടിക്കാലത്തെപ്പറ്റിയും പൊരുതിനേടിയ വിജയങ്ങളെപ്പറ്റിയും പറയുകയാണ് 35 കാരനായ ഷിനു.
ഇന്നും കല്ലുംമണ്ണും നിറഞ്ഞ റോഡ്
‘‘അഞ്ചു കിലോമീറ്റർ അകലെയുള്ള വള്ളക്കടവിലുള്ള വഞ്ചിവയൽ ട്രൈബൽ സ്കൂളിലാണ് ഞാനും ഇരട്ടസഹോദരനായ ഷാനുവും പഠിച്ചത്. 1970 കാലഘട്ടത്തിൽ വഞ്ചിവയലിലായിരുന്നു ഈ സ്കൂൾ. കാട്ടിനുള്ളിലേക്കു പഠിക്കാനെത്തുന്നത് കുട്ടികൾക്കു ബുദ്ധിമുട്ടാണെന്നു കരുതി സ്കൂൾ വള്ളക്കടവിലേക്കു മാറ്റുകയായിരുന്നു. കോളനിയിലെ എല്ലാ വീടുകളും പുല്ല് കൊണ്ടുള്ളതായിരുന്നു. പിന്നീട്, കാഞ്ഞിരപ്പള്ളി മെത്രാനായിരുന്ന മാർ മാത്യു അറയ്ക്കൽ സഹായവുമായെത്തി. ആളുകൾക്ക് കരിങ്കൽ വീടുകൾ വച്ചുകൊടുത്തു. എങ്കിലും ഇന്നും പുൽവീടുകളിൽ കഴിയുന്നവരുണ്ട്.
പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാൽ വന്യമൃഗങ്ങളെ ഭയന്നുതന്നെയാണ് ഇവിടെയുള്ളവർ ജീവിക്കുന്നത്. വഞ്ചിവയലിനു പരിസരത്തായി നാൽപതോളം കടുവകൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കടുവ, ആന, കരടി, പുലി എന്നീ മൃഗങ്ങളുടെ ശല്യത്തിനു പുറമെ കാലാവസ്ഥാമാറ്റങ്ങളും ജനജീവിതത്തെ ബാധിക്കാറുണ്ട്. ആന പ്രസവിക്കുന്ന സമയം കൂടുതൽ അപകടകരമാണ്. കടുവ വന്നാൽ പോലും കുത്തിമലർത്തിയിടാനുള്ള ശൗര്യം അവർ കാണിക്കും. കടുവയ്ക്ക് ആനക്കുട്ടിയെ കിട്ടിയാൽ കുറച്ചുദിവസത്തേക്ക് ഭക്ഷണത്തിനായി അലയേണ്ടി വരില്ല. എന്നാൽ ഈ സമയത്ത് ഏതു ജീവി വന്നാലും ആന കലിപൂണ്ട് നിൽക്കുകയായിരിക്കും. മനുഷ്യനെ കണ്ടാലും വെറുതെവിടില്ല. ആനത്താരയിലെ കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെ നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത്. ഇന്നും അത് ടാർ ഇടാത്ത റോഡ് തന്നെയാണ്– ഓഫ് റോഡ്! ഇവിടെ ജീവിക്കുന്ന 350 ഓളം പേർക്ക് ഇപ്പോഴും നല്ല റോഡ് കിട്ടാക്കനിയാണ്.
മഴക്കാലത്ത് അട്ടശല്യം, മണ്ഡലകാലത്ത് മൃഗശല്യം
മഴക്കാലത്ത് അട്ടശല്യവും രൂക്ഷമായിരുന്നു. സ്കൂൾ വിട്ടുവരുമ്പോൾ കാലു നിറയെ അട്ടയായിരിക്കും. ഉപ്പ് വാങ്ങി കാലിൽ ഇടാനുള്ള സാമ്പത്തികം ഇല്ലായിരുന്നു. എന്നാൽ എല്ലാ വീട്ടിലും പുകയില ഉള്ളതുകൊണ്ട് അത് തുണിയിൽ പൊതിഞ്ഞ് ഉരുട്ടിവയ്ക്കും. കമ്പിൽക്കെട്ടി അട്ടയുള്ള ഭാഗത്ത് വയ്ക്കും. വൈദ്യുതിയില്ലാത്തതിനാൽ മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ചായിരുന്നു പഠനം.
മണ്ഡലകാലത്ത് അയ്യപ്പ ഭക്തർ മലകേറുന്ന സമയം വന്യജീവികളെല്ലാം അവിടെനിന്നു വഞ്ചിവയൽ പരിസരത്തേക്കു പാലായനം ചെയ്യും. മകരവിളക്ക് കഴിയുംവരെ ഈ പ്രദേശത്തെ ആളുകൾക്ക് ഉറക്കമുണ്ടാകില്ല. ആനകൾ വഴിയിൽ തമ്പടിക്കുന്ന മിക്കസമയവും സ്കൂളിൽ പോകാനാകില്ല.
കാടറിയുന്നവർ താൽക്കാലിക വാച്ചർ
കൂടെ പഠിച്ചവരിൽ മിക്കവരും പകുതിയിൽ പഠനം നിർത്തി പല ജോലികള്‍ക്കായി പോയി. ചിലർ വനംവകുപ്പിൽ താൽക്കാലിക വാച്ചറായി കയറി. ആദിവാസി ആയതുകൊണ്ടും കാടറിയാവുന്നതു കൊണ്ടും ഈ ജോലിക്ക് മുൻഗണന നൽകാറുണ്ട്. ഇപ്പോഴും അത് തുടരുന്നു. വളരെ ചുരുക്കം പേർ മാത്രമാണ് എസ്എസ്‌എൽസി പൂർത്തിയാക്കിയത്. അച്ഛനും അമ്മയും പ്രീഡിഗ്രി വരെ പഠിച്ചവരായതുകൊണ്ട് എനിക്കും സഹോദരനും തുടർപഠനത്തിൽ ബുദ്ധിമുട്ടുണ്ടായില്ല. 2010 ൽ എസ്എസ്എൽസി കഴിഞ്ഞവരെല്ലാം തുടർപഠനത്തിനു തയാറായിട്ടുണ്ട്. കൃഷിയാണ് ഇവിടത്തെ പ്രധാന വരുമാന മാർഗം. ഓർഗാനിക് ആയതിനാൽ വിളകൾക്ക് കൂടുതൽ വില ലഭിക്കും.
ആറാം ക്ലാസിൽ തോറ്റു, ഒൻപതാം ക്ലാസിൽ പുറത്താക്കി
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന് വനംവകുപ്പിൽ ഫോറസ്റ്റ് ഗാർഡ് ആയി ജോലി ലഭിക്കുന്നത്. (ഇന്നത്തെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ). ഇതിനുപിന്നാലെ എന്നെയും ഷാനുവിനെയും ട്രൈബൽ സ്കൂളിൽനിന്ന് പീരുമേടുള്ള ഒരു സ്വകാര്യ സ്കൂളിൽ ചേർത്തു. ഇംഗ്ലിഷ് മീഡിയം ആയിരുന്നു. രണ്ടുപേരും ആറാം ക്ലാസിൽ തോറ്റു. ഒൻപതാം ക്ലാസിലായപ്പോൾ ഞങ്ങളിൽ ചിലർക്ക് നിർബന്ധിത ടിസി നൽകി. 32 വർഷമായി പത്താം ക്ലാസിൽ 100 ശതമാനം വിജയം നേടുന്ന സ്കൂൾ ആയതിനാൽ ഞങ്ങളെ ഒഴിവാക്കുകയായിരുന്നു. പിന്നീട് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസ് ഞങ്ങൾ ഫസ്റ്റ് ക്ലാസോടെ പാസായി. ഹയർസെക്കൻഡറി പഠനം കുമളിയിലെ അമരാവതി സ്കൂളിലായിരുന്നു.
ഉപരിപഠനം തലസ്ഥാനനഗരിയിൽ
ഒപ്പം പഠിച്ചവരിൽ നാലുപേർ എൻട്രൻസ് പരീക്ഷ എഴുതിയിരുന്നു. അവർ ഇപ്പോൾ യുകെയിലും മറ്റും എൻജിനീയർ ആയി ജോലിചെയ്യുന്നുണ്ട്. ഞങ്ങൾക്ക് അന്ന് എൻട്രൻസിനെക്കുറിച്ച് അറിയാത്തതിനാൽ എഴുതിയില്ല. സാഹചര്യം അങ്ങനെയായിരുന്നു. അച്ഛനു ജോലിയുള്ളതുകൊണ്ട് ഞങ്ങൾ തുടർപഠനത്തിനായി തിരുവനന്തപുരത്തെത്തി. പല കോളജുകളിലും അപേക്ഷ നൽകിയിരുന്നു. ഷാനു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും ഞാൻ തൈക്കാട് ആർട്സ് കോളജിലും ബോട്ടണിക്കു ചേർന്നു. പാളയം ഹോസ്റ്റലിലായിരുന്നു താമസം. പിന്നീട് എൻട്രൻസ് എഴുതി, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാംപസിൽ ഞാൻ എംഎസ്‌സി ബയോടെക്നോളജിക്കും അവൻ ബോട്ടണിക്കും ചേർന്നു. തുടർന്ന് ക്യാംപസിൽത്തന്നെ ബയോ ഇൻഫർമാറ്റിക്സിൽ എംഎഫിലും എടുത്തു.
2013ൽ പട്ടത്തുള്ള കേരള സിവിൽ സർവീസ് അക്കാദമിയിൽ കോച്ചിങ്ങിനു പോയി. മൂന്നുവർഷം പഠിച്ചെങ്കിലും പ്രിലിംസ് കിട്ടിയില്ല. പിടിപി നഗറിൽ പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള ഒരു സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിക്കാൻ പോയിരുന്നു. ഇതെല്ലാം അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം വണ്ടിപ്പെരിയാറിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎസ്‌സി പരിശീലനത്തിനു ചേർന്നു. കുട്ടികൾക്കു ട്യൂഷൻ എടുത്തും കുടുംബശ്രീയുടെ ഒരു കട നടത്തിയുമൊക്കെയാണ് അന്നു വരുമാനം കണ്ടെത്തിയിരുന്നത്.
ജി.ആർ.ഗോകുൽ കലക്ടറും ശ്രീറാം വെങ്കിട്ടരാമൻ സബ്കലക്ടറും ആയിരുന്ന സമയത്ത് ഗുരുകുലം എന്നൊരു പദ്ധതി ഉണ്ടായിരുന്നു. മറയൂരിൽ ആറു മാസത്തെ റസിഡൻഷ്യൽ പിഎസ്‌സി കോച്ചിങ് ഉണ്ടായിരുന്നു. നിരവധി പരീക്ഷകൾ എഴുതുന്നുണ്ടെങ്കിലും റാങ്ക്‌ലിസ്റ്റിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും വീട്ടുകാരും ‘ജോലിയായില്ലേ’, ‘ഇങ്ങനെയിരുന്നാൽ മതിയോ’ എന്നൊക്കെ ചോദിച്ചിട്ടുണ്ട്.
2018ൽ കുടുംബശ്രീയുമായി ചേർന്ന് കേരള സർക്കാർ തയാറാക്കിയ ഡിഡിയുജികെവൈ (ദീൻ ദയാൽ ഉപാധ്യ ഗ്രാമീൺ കൗസല്യ യോജന) പ്രോഗ്രാമിൽ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം ആണ്. മൈസൂരുവിൽ ആറ് മാസം ട്രെയിനിങ്. ഇതിനിടയ്ക്കാണ് കഫേ കോഫി ഡേയിൽ (സിസിഡി) ജോലി ലഭിക്കുന്നത്. ടെക്നോ പാർക്കിലെ സിസിഡിയിൽ ഓപ്പറേഷൻ ട്രെയിനി തസ്തികയായിരുന്നു. 10,000 രൂപയായിരുന്നു ശമ്പളം. എച്ചിൽ പാത്രങ്ങൾ കഴുകലും ബാത്ത്റൂം വൃത്തിയാക്കലുമാണ് പ്രധാന ജോലി. ഒരുപാട് കഷ്ടപ്പെട്ടു.
19 റാങ്ക്‌ലിസ്റ്റിൽ: ആദ്യം ക്ലർക്ക്, പിന്നെ തഹസിൽദാർ
രണ്ടു മാസം കഴിഞ്ഞപ്പോൾ, 2016 ൽ എഴുതിയ എൽഡി ക്ലർക്ക് പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് വന്നു. 2018 ഏപ്രിൽ രണ്ടിന് തിരുവനന്തപുരത്ത് പിഡബ്ല്യുഡി ഓഫിസിൽ ജോലിക്കു കയറി. ജീവിതം പച്ചപിടിച്ചുതുടങ്ങി. പുതിയ വീടായി. ശേഷം വിവാഹ ജീവിതത്തിലേക്ക്. കണ്ണൂർ സ്വദേശിനി ഷജിനയാണ് ഭാര്യ. കണ്ണൂർ കോർപറേഷനിൽ എൽഡി ക്ലർക്കാണ്.
ജോലി കിട്ടിയെന്നു കരുതി പഠനം ഉപേക്ഷിച്ചില്ല. മറ്റ് തസ്തികകളുടെ പരീക്ഷകളെല്ലാം എഴുതി. പഠിക്കാൻ കൂട്ടായി ഭാര്യയും ഉണ്ടായിരുന്നു. 19 ഓളം റാങ്ക് ലിസ്റ്റിൽ ഇടംനേടി. 2021ൽ തഹസിൽദാർ തസ്തികയ്ക്കായി പരീക്ഷയെഴുതി. 2023ൽ ഇന്റർവ്യൂ നടന്നു. കേരളത്തിൽ ആകെ തിരഞ്ഞെടുത്ത 6 പേരിൽ ഒരാളായി. നാലു വർഷം തിരുവനന്തപുരം പിഡബ്ല്യുഡി ഓഫിസിലും ഒരു വർഷം കട്ടപ്പനയിലും ക്ലർക്കായി ജോലി ചെയ്ത ശേഷം തഹസിൽദാർ ആയി സ്ഥാനമേറ്റു. തഹസിൽദാർ ആയി ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് പിഎസ്‌സി വഴി
കെഎസ്എഫ്ഇയിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ കണ്ണൂർ താഴെ ചൊവ്വ, കണ്ണൂർ ഈവനിങ് എന്നീ ബ്രാഞ്ചുകളിൽ 2 വർഷത്തോളം ജോലി ചെയ്തു.
തുടർച്ചയായ വായന, പഠനം: ഉപകാരമായി
ഇംഗ്ലിഷ് മീഡിയത്തിൽ പഠിക്കുന്ന സമയം അച്ഛൻ മലയാളം പത്രത്തിനൊപ്പം ഇംഗ്ലിഷ് പത്രവും വരുത്തുമായിരുന്നു. കൂട്ടിവായിക്കാൻ പോലും കഷ്ടപ്പെടുന്ന സമയത്തായിരുന്നു ഇത്. ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിട്ടും മാതാപിതാക്കൾ പഠനത്തിൽ വിട്ടുവീഴ്ച നടത്താൻ തയാറായിരുന്നില്ല. അന്ന് എല്ലാ വീടുകളിലും ടെലിവിഷൻ ഉണ്ടായിരുന്നില്ല, സ്മാർട് ഫോണുമില്ല. വായനയിലൂടെ മാത്രമേ കാര്യങ്ങൾ അറിയുകയുള്ളൂ. ഞങ്ങളിൽ വായനാശീലം വളർന്നു. തിരുവനന്തപുരത്തു പഠിക്കാൻ പോയപ്പോൾ യൂണിവേഴ്സിറ്റിയിലും പാളയം ലൈബ്രറിയിലും അംഗത്വമുണ്ടായിരുന്നു. സുഹൃത്തുക്കൾക്കിടയിലെ ആരോഗ്യകരമായ ചർച്ചകളും അറിവുകളായി.
തുടർച്ചയായി പഠിച്ചതുകൊണ്ടാണ് പിഎസ്‌സിയുടെ 19 മെയിൻ ലിസ്റ്റിൽ ഇടംനേടാനായത്. ഒരു പരീക്ഷയിൽ പരാജയപ്പെട്ടെന്നു കരുതി പഠനം ഉപേക്ഷിക്കരുത്. പഠിച്ചുകൊണ്ടിരിക്കണം. ആഗ്രഹിച്ചത് ചിലപ്പോൾ കിട്ടണമെന്നില്ല. അതിനേക്കാൾ മികച്ചത് നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടാകും. ഒരു പരീക്ഷയ്ക്കായുള്ള പഠനം മാത്രം നടത്തരുത്. എല്ലാത്തിനും വേണ്ട പൊതുവായ അറിവുകളെല്ലാം സ്വന്തമാക്കുക. 40 വർഷത്തിനുശേഷമാണ് തഹസിൽദാർ പോസ്റ്റിലേക്ക് കേരള സർക്കാർ നിയമനം നടത്തുന്നത്. തുടർച്ചയായി പഠിച്ചതുകൊണ്ട് മാത്രമാണ് എനിക്ക് ഈ ജോലിയിലേക്ക് പ്രവേശിക്കാനായത്. അവസരം എപ്പോഴാണു വരുന്നതെന്ന് അറിയില്ല. എപ്പോഴും എന്തിനും തയാറായിരിക്കണം. കരയുന്ന കുട്ടിക്കേ പാലുള്ളൂ...
വിദേശപഠനം ട്രെൻഡായി
എന്റെ ഒരുപാട് സുഹൃത്തുക്കൾ ഇപ്പോൾ വിദേശത്താണ്. പഠിച്ചവർ ആരും ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. വിലക്കയറ്റവും ജോലിസാധ്യതകൾ കുറഞ്ഞതുമാണ് കാരണം. തസ്തികകൾ വെട്ടിച്ചുരുക്കിയതോടെ പിഎസ്‌സി നിയമനങ്ങൾ കുറഞ്ഞു. മിക്ക മേഖലയിലും സ്ഥിരനിയമനത്തിനു പകരം കോൺട്രാക്ട് ജോലിയാണ്. ഒഴിവുകൾ ഇല്ലാത്തതിനാൽ റാങ്ക്‌ലിസ്റ്റിൽപ്പെട്ട പലർക്കും ജോലി ലഭിക്കാതെ പോകുന്നു. ഇതിൽ മനംനൊന്ത് നിരവധിപ്പേർ ആത്മഹത്യ ചെയ്യുന്നു. നിരവധി വകുപ്പുകളിൽ നിയമന സാധ്യതകൾ ഉണ്ട്. കേന്ദ്രസർക്കാർ ആയാലും കേരള സർക്കാർ ആയാലും അത് തുറന്നുകാട്ടേണ്ടതുണ്ട്.
എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ജോലി എന്തുമാകട്ടെ, ആത്മാർഥമായി പരിശ്രമിക്കുക. വിജയം ഉറപ്പ്.’