ഇങ്ങനെയാകണം ന്യൂജെൻ

ചിത്രം : ജിബിൻ ചെമ്പോല, മോഡൽ: ദിയാ പോൾ‌ മാമ്പിള്ളി

ഫെയ്സ്ബുക്, സ്കൈപ്, ലിങ്ക്ഡ്ഇന്‍, വാട്സാപ്... പുതിയകാലത്തു മേല്‍വിലാസങ്ങള്‍ പലതാണ്. സോഷ്യല്‍ മീഡിയയിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ അവിടെ നില്‍ക്കട്ടെ, ഈ പ്ലാറ്റ്ഫോമുകളിലെല്ലാം ജോലിയിലേക്കുള്ള വഴികള്‍ കൂടി ഒളിഞ്ഞുകിടപ്പുണ്ടെന്ന കാര്യം നാം ഗൗരവത്തോടെ ഓര്‍ത്തിട്ടുണ്ടോ? സ്കൈപ് ഇന്റര്‍വ്യൂവിനെക്കുറിച്ചും റിക്രൂട്മെന്റ് ഘട്ടത്തില്‍ കമ്പനികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നടത്തുന്ന ബാക്ക്ഗ്രൗണ്ട് ചെക്കിനെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയില്ലാതെ ഇനിയുള്ള കാലത്തു ജോലി തേടിയിറങ്ങിയിട്ടു കാര്യമില്ല.

ഇന്റർവ്യൂവിന് സ്കൈപ്
സ്കൈപ് പോലെയുള്ള വിഡിയോ ചാറ്റ് പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള ഇന്റർവ്യൂ ഇന്നു കൗതുകമേയല്ല. പ്രാരംഭഘട്ടമെന്ന നിലയിലാണു പല കമ്പനികളും സ്കൈപ് ഇന്റർവ്യു നടത്തുന്നത്. ആയിരക്കണക്കിനുപേർ ഒരു തസ്തികയ്ക്കു വേണ്ടി മൽസരിക്കുന്ന ഈ പ്രാരംഭഘട്ടം വിജയകരമാക്കാൻ ശ്രദ്ധവേണം.

∙പരമ്പരാഗത ഇന്റർവ്യൂ നേരിടുന്ന അതേ ഗൗരവത്തോടെ വേണം സ്കൈപ് ഇന്റർവ്യൂവിനെയും സമീപിക്കാൻ. വീട്ടിലിരുന്നാണു പങ്കെടുക്കുന്നതെങ്കിലും വീട്ടുവേഷം പാടില്ല; ഫോര്‍മല്‍ വസ്ത്രശൈലി തന്നെ വേണം.

ചിത്രം : ജിബിൻ ചെമ്പോല, മോഡൽ: ദിയാ പോൾ‌ മാമ്പിള്ളി

∙സ്കൈപ് യൂസർനെയിം തികച്ചും പ്രഫഷനൽ ആയിരിക്കണം. തമാശപ്പേരുകള്‍ പാടില്ല.

∙ഇടയ്ക്കു പണിമുടക്കാത്ത ഇന്റര്‍നെറ്റ് കണക്‌ഷന്‍, കാര്യക്ഷമമായ കംപ്യൂട്ടറും വെബ്ക്യാമറയും, ശബ്ദശല്യമില്ലാത്ത മുറി എന്നിവ പ്രധാനം.

∙ഹെഡ്സെറ്റ് ഉപയോഗിക്കുന്നതു നന്നായിരിക്കും. ഇന്റർവ്യൂ ചെയ്യുന്നവർ പറയുന്നതു ശരിയായി കേൾക്കാൻ ഇത് ഉപകരിക്കും. എന്തെങ്കിലും കേൾക്കാൻ സാധിക്കാതെ വന്നാൽ ‘പാർഡൻ’ എന്നു പറഞ്ഞശേഷം മാത്രം ആവർത്തിക്കാൻ അഭ്യര്‍ഥിക്കുക. നിർഭാഗ്യവശാൽ സാങ്കേതിക പ്രശ്നം വന്നാൽ ഇന്റർവ്യൂവറോടു തുറന്നു പറയുക.

∙ഏറ്റവും പ്രധാനം പശ്ചാത്തലമാണ്. ഇളംനിറത്തിലുള്ള ഭിത്തിയോ കർട്ടനോ പശ്ചാത്തലമാക്കാം. അനാവശ്യ വസ്തുക്കളൊന്നും ഇന്റർവ്യൂവറുടെ ശ്രദ്ധയിൽ വരാത്തവിധം മുറി ക്രമീകരിക്കണം.

∙സ്ക്രീനിലേക്കല്ല, വെബ്ക്യാമറയിലേക്കു നോക്കിയാണ് ഉത്തരം നൽകേണ്ടത്.

∙ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇന്റർവ്യൂ സമയത്തു ശല്യപ്പെടുത്തരുതെന്നു പ്രത്യേകം പറയണം.

നെറ്റ്‌വർക്കിങ്ങിന് ലിങ്ക്ഡ്ഇന്‍
ഇഷ്ട തൊഴിൽമേഖലയിലെ പ്രഫഷനലുകളെ പരിചയപ്പെട്ടു വയ്ക്കുന്നതു പുതിയകാലത്ത് ഏറെ ഗുണംചെയ്യും. പണ്ട് ഇതു ശ്രമകരമായ ദൗത്യമായിരുന്നെങ്കിലും ഇന്നൊരു ലിങ്ക്ഡ്ഇൻ അക്കൗണ്ട് ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി.

ലിങ്ക്ഡ്ഇൻ അക്കൗണ്ട് ഉപയോഗിക്കുന്ന തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്

∙ഫോട്ടോ: ഫോർമല്‍ വേഷത്തിലുള്ള പ്രഫഷനൽ ചിത്രമാണു വേണ്ടത്.

∙സമ്മറി: 2000 വാക്കുകളിൽ നിങ്ങളെക്കുറിച്ച് മികച്ച സമ്മറി എഴുതി നൽകണം. നെറ്റിലുള്ള മോഡൽ സമ്മറികൾ സഹായകരമാണ്. പഠനത്തിനിടെ നേടിയ പരിശീലനം മുതല്‍ എല്ലാ നേട്ടങ്ങളും പറയാം. അനാവശ്യവിവരങ്ങൾ ഒഴിവാക്കാം.

∙ബന്ധങ്ങള്‍: നേരിട്ടു പരിചയമുള്ള പ്രഫഷനലുകളുമായി ആദ്യം ബന്ധം സ്ഥാപിക്കാം. പടിപടിയായി പരിചിതവലയം വിപുലപ്പെടുത്തണം. ഫെയ്സ്ബുക്കിലെന്ന പോലെയുള്ള പെരുമാറ്റം ഇവിടെ പാടില്ല. താൽപര്യമുള്ള മേഖലയുമായി ബന്ധപ്പെട്ടു വിശദാംശങ്ങൾ പഠിച്ചശേഷം ലിങ്ക്ഡ് ഇന്നിൽ ബ്ലോഗ് എഴുതുന്നതു ‘വിസിബിലിറ്റി’ കൂട്ടും.

ആളെയറിയാന്‍ എഫ്ബി
ഇന്റർവ്യൂവില്‍ വിജയിച്ചെന്നിരിക്കട്ടെ; നിയമനത്തിനു മുൻപു കമ്പനി ബാക്ക്ഗ്രൗണ്ട് ചെക്ക് നടത്തും. ഉദ്യോഗാർഥികളുടെ ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കു കമ്പനിയുടെ എച്ച്ആർ അധികൃതർ പാളിനോക്കുന്നതൊക്കെ സർവസാധാരണം. കണ്ണുംപൂട്ടി പോസ്റ്റിടുമ്പോൾ സൂക്ഷിക്കുക, പണി പാളിയേക്കാം.


സ്കൈപ്പ് ഇന്റർവ്യൂ: ഇവയോർക്കാം 

പശ്ചാത്തലത്തിൽ അനാവശ്യ വസ്തുക്കൾ പാടില്ല.
മൊബൈൽ ഫോൺ മാറ്റിവയ്ക്കുക.
ഗൗരവം നഷ്ടപ്പെടുത്തുന്ന ശരീരഭാഷ വേണ്ട.