Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസ്കസ് ചെയ്യാം കൂൾ കൂളായി

aswins@mm.co.in
Group-Discussion

ജോലിയിലേക്കുള്ള തിരഞ്ഞെടുപ്പു പ്രക്രിയയിൽ പല ഘട്ടങ്ങളുണ്ടെങ്കിലും പലരെയും ഏറ്റവും കുഴക്കുന്ന വില്ലനാണു ഗ്രൂപ്പ് ഡിസ്കഷൻ അഥവാ ജിഡി. അപ്പോൾ തരുന്ന ഒരു വിഷയത്തെക്കുറിച്ചു ഗ്രൂപ്പിനുള്ളിൽ ചർച്ച ചെയ്യുകയെന്നതു തീർച്ചയായും വെല്ലുവിളി തന്നെ. അന്തർമുഖത്വം, സ്വന്തം ഭാഷയിലുള്ള ആത്മവിശ്വാസക്കുറവ്, പറയുന്നതു തെറ്റുമോയെന്ന പേടി – ഗ്രൂപ്പ് ഡിസ്കഷനിൽ അറച്ചുനിൽക്കാൻ കാരണങ്ങൾ പലതാകാം. എന്നാൽ പല കമ്പനികളും തങ്ങളുടെ റിക്രൂട്ടിങ്ങിൽ നിർബന്ധമായും ജിഡി ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്ങനെ കീഴടക്കാം ഈ ബാലികേറാമല ?

വേണം സാമാന്യധാരണ
ഗ്രൂപ്പ് ഡിസ്കഷനിൽ പ്രധാനമായും നോക്കുന്നതു മൂന്നു കാര്യങ്ങളാണ് – ഉദ്യോഗാർഥിയുടെ അറിവ്, അതു ക്രോഡീകരിക്കാനുള്ള കഴിവ്, ആശയവിനിമയശേഷി.

ഏതു വിഷയത്തെക്കുറിച്ചും വ്യക്തമായ ധാരണയോടെയാണു നാം സംസാരിക്കുന്നതെങ്കിൽ ആശയവിനിമയം എളുപ്പമാകും. ഒരു കമ്പനിയിലേക്ക് ഗ്രൂപ്പ് ഡിസ്കഷനു പോകുന്നതിനു മുൻപ് ആ കമ്പനിയുടെ പ്രവർത്തനമേഖല, വെല്ലുവിളികൾ, സമീപകാല സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ചു മനസ്സിലാക്കിവയ്ക്കണം.

തർക്കിച്ചുതോൽപിക്കണ്ട
ഗ്രൂപ്പ് ഡിസ്കഷൻ എന്നാൽ തർക്കമാണെന്നു ചിലർക്കു മിഥ്യാധാരണയുണ്ട്. എന്നാൽ യാഥാർഥ്യം മറിച്ചാണെന്ന് എച്ച്ആർ പ്രഫഷനലുകൾ ചൂണ്ടിക്കാണിക്കുന്നു. തർക്കിച്ചു തോൽപിക്കുന്നതിലല്ല ഗ്രൂപ്പ് ഡിസ്കഷന്റെ വിജയം. തനിക്കറിയാവുന്ന കാര്യങ്ങൾ മികച്ച രീതിയിൽ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലാണു വിജയം.

കേൾക്കുകയും വേണം
പല ഉദ്യോഗാർഥികളും ഗ്രൂപ്പ് ഡിസ്കഷന്റെ തുടക്കം മുതൽ ഒടുക്കം വരെ മറ്റുള്ളവർക്കു സംസാരിക്കാൻ അവസരം നൽകാതെ കത്തിക്കയറും. ഇങ്ങനെയുള്ള പ്രകടനം നല്ലതാണെന്ന് ഉദ്യോഗാർഥിക്കു തോന്നാം; എന്നാൽ കമ്പനിക്കു തോന്നുക മറിച്ചാകും. മറ്റുള്ളവർക്കു സംസാരിക്കാൻ അവസരമൊരുക്കുകയും അവരുടെ ആശയങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നവരാണു ഗ്രൂപ്പ് ഡിസ്കഷനിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നത്.

മോക്ക് ഡിസ്കഷൻ
അന്തർമുഖർ ഗ്രൂപ്പ് ഡിസ്ക‌ഷനു വേണ്ടി നിർബന്ധമായും പരിശീലനം നടത്തണം. ബന്ധുക്കൾ, അടുത്ത സുഹൃത്തുക്കൾ എന്നിവരുമായി ചേർന്ന് മോക്ക് ഡിസ്കഷനുകൾ നടത്താം. ഇങ്ങനെ ചെയ്യുമ്പോൾ ഗ്രൂപ്പിലുള്ള മറ്റുള്ളവരോടു തെറ്റുകൾ ചൂണ്ടിക്കാട്ടാനും ആവശ്യപ്പെടണം. ആത്മവിശ്വാസം വളർത്താൻ ഇതുപകരിക്കും. സ്കൈപ് ഉപയോഗിച്ചുള്ള ഗ്രൂപ്പ് കോൺഫറൻസുകളും പ്രയോജനപ്രദമാണ്.

തുടക്കം ശ്രദ്ധിക്കാം
പല ഉദ്യോഗാർഥികളുടെയും താളം പിഴയ്ക്കുന്നതു തുടക്കത്തിലാണ്. എപ്പോഴാണു സംഭാഷണം തുടങ്ങേണ്ടതെന്നു പലർക്കും അറിയില്ല. ഇനി സംസാരിച്ചു തുടങ്ങിയാലോ ? പറയാനുദ്ദേശിച്ചിരുന്ന പല കാര്യങ്ങളും വായിൽനിന്നു വീഴില്ല; ഭാഷാപരമായ പ്രശ്നങ്ങളും ഉടലെടുക്കാം.

എല്ലാത്തിനും കാരണം ആശങ്കയും ആത്മവിശ്വാസക്കുറവുമാണ്. ജിഡിയുടെ വിഷയം കിട്ടുമ്പോൾത്തന്നെ നമ്മുടേതായ നിലപാട് മനസ്സിൽ രൂപീകരിക്കണം. ഈ നിലപാടിനെ ന്യായീകരിക്കാൻ ഉപകരിക്കുന്ന വാദഗതികളും മനസ്സിൽ‌ വേണം. 

മിക്ക ഗ്രൂപ്പ് ഡിസ്കഷനുകളിലും ഓരോരുത്തർക്കായി സംസാരിക്കാൻ അവസരം നൽകും. സംസാരിക്കാനുള്ള അവസരമെത്തുമ്പോൾ‌ ചാടിക്കയറിപ്പറയേണ്ട. എല്ലാവരെയും നോക്കി പ്രസന്നഭാവത്തോടെ ചെറിയ ചെറിയ വാചകങ്ങളിൽ തുടങ്ങാം. ഭാഷയെ പേടിക്കാതെ സംസാരിക്കാം. നല്ല തുടക്കം സമ്മാനിക്കുന്ന ആത്മവിശ്വാസത്തിൽ പറന്നുയർന്നാൽ ഏതുയരവും കീഴടക്കാം, നിഷ്പ്രയാസം.


More Campus Updates>>