Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ടൈമിങ് ’ ശരിയാക്കാൻ 10 കാര്യങ്ങൾ

Time Management

തലേന്നു വരെ നീണ്ട കഠിനപ്രയത്നത്തിൽ സിലബസ് പൂർണമായി പഠിച്ചുതീർത്ത് പരീക്ഷാ ഹാളിലെത്തിയ വിദ്യാർഥി. ചോദ്യക്കടലാസ് കിട്ടിയപ്പോൾ എല്ലാം അറിയുന്നവ. ഓരോന്നായി ഉത്തരമെഴുതി. രണ്ടുവട്ടം ഒത്തുനോക്കി... പക്ഷേ സമയം കടന്നുപോകുന്നതു മാത്രം ശ്രദ്ധിച്ചില്ല. ഒടുവിൽ പരീക്ഷാ സമയം തീർന്നപ്പോൾ ഉത്തരമെഴുതാത്ത ചോദ്യങ്ങൾ പലതായിരുന്നു.

പരീക്ഷാഹാളിൽ മിക്കവരും നേരിടുന്ന പ്രതിസന്ധി. പരീക്ഷകൾ, പ്രത്യേകിച്ചു മൽസരസ്വഭാവമുള്ളവ, അറിവിനൊപ്പം സമയം പാലിക്കാനുള്ള നമ്മുടെ കഴിവും പരിശോധിക്കും. ഇക്കാര്യത്തിൽ കൃത്യമായ തയാറെടുപ്പില്ലെങ്കിൽ എല്ലാ പ്രയത്നവും വെള്ളത്തിലാകും.

എങ്ങനെ പാലിക്കാം സമയം?

പരീക്ഷയെ അറിയുക: 
ഓരോ പരീക്ഷയും വ്യത്യസ്തം. ചിലതിൽ ഓരോ ചോദ്യത്തിനും ധാരാളം സമയം കിട്ടും; ചിലതിലാകട്ടെ, ഒരു മിനിറ്റ് വീതം പോലും കിട്ടില്ല. ഏതു തരം പരീക്ഷയാണെങ്കിലും മുൻവർഷ ചോദ്യക്കടലാസുകൾ നോക്കി ഘടന വിലയിരുത്തി ഒരു ചോദ്യത്തിനു ശരാശരി എത്ര സമയം ലഭ്യമാണെന്നു മനസ്സിലാക്കണം.

വേണം മോക്ക് ടെസ്റ്റുകൾ: 
നിശ്ചിത സമയക്രമം പാലിച്ച് ഉത്തരം എഴുതാനാകുന്നുണ്ടോയെന്ന സ്വയം വിലയിരുത്തലാണ് അടുത്ത ഘട്ടം. മോക്ക് ടെസ്റ്റുകളാണ് ഇതിനുള്ള വഴി.

exam-hall

ആദ്യഘട്ടം ഉന്മേഷപൂർവം: 
മൂന്നു മണിക്കൂർ പരീക്ഷയിൽ ആദ്യ ഒരു മണിക്കൂറിൽ ഓരോ ചോദ്യത്തിനും ഒരുപാടു സമയം കളയുന്നവരുണ്ട്. ഇതു പാടില്ല. ആദ്യ ഒരു മണിക്കൂർ വളരെ നിർണായകമാണ്. ഈ ഘട്ടത്തിൽ വേഗത്തിൽ ഉത്തരം എഴുതാനായാൽ ആത്മവിശ്വാസം കൂട്ടും. ആദ്യ രണ്ടുമണിക്കൂറിൽ ഭൂരിഭാഗം ചോദ്യങ്ങളും ചെയ്തു തീർത്ത് അവസാന മണിക്കൂറിനെ ധൈര്യപൂർവം സമീപിക്കാം.

എളുപ്പമുള്ള ചോദ്യം ആദ്യം: 
എളുപ്പമുള്ള ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതുന്നതാണു മിക്ക പരീക്ഷാ ടോപ്പർമാരുടെയും സ്ട്രാറ്റജി. ഇങ്ങനെ ഒട്ടേറെ സമയം ലാഭിക്കാൻ കഴിയും.

സ്കോർ നോക്കി സിലക്‌ഷൻ: 
എളുപ്പമുള്ള ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതിക്കഴിഞ്ഞ് അടുത്ത ഘട്ടത്തിലേക്കു കടക്കും മുൻപൊരു വിശകലനം വേണം. കൂടുതൽ മാർക്കുള്ള ചോദ്യങ്ങൾക്കു മുൻഗണന നൽകാം.

വേണം ഷോർട്ട് കട്ടുകൾ: 
മിക്ക പരീക്ഷകളിലും സ്ഥിരം ശൈലിയിലുള്ള ചില ചോദ്യങ്ങളുണ്ടാകും. ബാങ്ക് പ്രവേശനപരീക്ഷകൾ ഉദാഹരണം. കുറേപ്പേർ മേശയുടെ ചുറ്റും ഇരിക്കുന്നു. പിന്നീട് ചില സൂചനകൾ തന്ന്, ആര് എവിടെയൊക്കെ ഇരിക്കുന്നുവെന്ന് പറയാനാകും നിർദേശം. ആദ്യമായി ഇത്തരമൊരു ചോദ്യം കൈകാര്യം ചെയ്യുന്ന വിദ്യാർഥിക്ക് ഏറെ സമയം നഷ്ടപ്പെടും. എന്നാൽ ഇത്തരം സ്ഥിരം ചോദ്യങ്ങളെ നേരിടാനുള്ള ഷോർട്കട്ടുകൾ പഠനസഹായികളിലും ഇന്റർനെറ്റിലുമുണ്ട്. പരിശീലനത്തിലൂടെ മൂന്നിലൊന്നു സമയം വരെ ലാഭിക്കാം.

ശീലിക്കണം, അതിവേഗ വായന: 
ഇംഗ്ലിഷ് പേപ്പറിൽ ഒരു ഖണ്ഡിക വായിച്ച് അതിൽനിന്ന് ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങൾ കാണും. വായനയുടെ വേഗം കൂട്ടി ശീലിച്ചില്ലെങ്കിൽ ഇവ ഏറെ സമയം നഷ്ടപ്പെടുത്തും.  

അതു വേണ്ട, വിട്ടേക്ക്: 
ഓരോ ചോദ്യത്തിനും അനുവദിച്ച സമയത്തിൽ കൂടുതൽ എടുക്കാൻ പാടില്ല. തീരെ പറ്റുന്നില്ലെന്നു കണ്ടാൽ വിട്ട് അടുത്ത ചോദ്യം നോക്കുക.

അവസാനഘട്ടം നിർണായകം: 
അവസാന അരമണിക്കൂറോ ഒരുമണിക്കൂറോ ആണു വിദ്യാർഥിയുടെ ചങ്കിടിപ്പ് കൂട്ടുന്നത്. ഒരുപാടു ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള വെപ്രാളം, ഇതുവരെ നൽകിയ ഉത്തരങ്ങൾ ഒന്നുകൂടി പരിശോധിച്ചില്ലെന്ന ആശങ്ക... ഇവയൊക്കെ മനസ്സാന്നിധ്യം കുറയ്ക്കും. പരീക്ഷ തീരാൻ ഒരു മണിക്കൂറുള്ളപ്പോൾ തിക‍ഞ്ഞ യാഥാർഥ്യബോധത്തോടെ എത്ര ചോദ്യങ്ങൾ ചെയ്യാൻ കഴിയുമെന്നു വിലയിരുത്തുക. അവയിൽ ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ളത് ആദ്യം ചെയ്തുതീർക്കുക.

വാച്ചിലേക്കൊന്നു നോക്കാം: 
സമയം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വാച്ച് നിർബന്ധമായും വേണം. ഇടയ്ക്കൊന്നു നോക്കി, വേഗം കുറവെന്നു തോന്നിയാൽ ടോപ്ഗിയറിലേക്കു മാറുകയും വേണം.

More Campus Updates>>