Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്തള്ളൂർ ശാല: വിജ്ഞാനപൈതൃകത്തിന്റെ തിരുശേഷിപ്പ്

temple-sala-inside

ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകൾ രൂപപ്പെടുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപ് നമ്മുടെ നാടിനെ ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിയിരുന്ന മഹാവിജ്ഞാനകേന്ദ്രമായിരുന്നു കാന്തള്ളൂർ ശാല. ലോകപ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന നളന്ദയിലുണ്ടായിരുന്നതിനേക്കാൾ വ്യത്യസ്ത വിഷയങ്ങൾ ഇവിടെ പഠിക്കാൻ അവസരമുണ്ടായിരുന്നു. എന്നിട്ടും ഇന്ന് വളരെക്കുറച്ചുപേർക്കു മാത്രമേ കാന്തള്ളൂർ ശാലയെപ്പറ്റി അറിവുള്ളൂ. മൺമറഞ്ഞ ആ മഹാശാലയുടെ തിരുശേഷിപ്പുകളും ചരിത്രവും അന്വേഷിച്ചുള്ള യാത്രയാണ് തിരുവനന്തപുരത്തെ കാഞ്ഞിരംപാറ സർക്കാർ വിദ്യാലയത്തിലെ അധ്യാപകൻ കിഷോർ കല്ലറ സംവിധാനം ചെയ്ത ‘എന്നിട്ടും കാന്തള്ളൂർ’ എന്ന ഡോക്യുചിത്രം. 

ഏപ്രിൽ 18 ലോക പൈതൃക ദിനമാണ്. ഈ പൈതൃക സംരക്ഷണ ദിനം കൂടി കടന്നു പോകുമ്പോഴും നാം, പ്രത്യേകിച്ച് മലയാളികൾ ഇതുവരെയും ചർച്ച ചെയ്യാതെയും തിരിച്ചറിയാതെയും പോകുന്ന ഒരു പൈതൃക സ്ഥലവും അതിന്റെ വിശാലമായ ചരിത്രവും നമ്മുടെ കൺമുൻപിൽ തന്നെയുണ്ട്. 

1200 വർഷം മുൻപു തന്നെ ഈ ദേശത്തെ ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടുകയും നിരവധി പഠിതാക്കൾക്ക് അറിവ് പകരുകയും ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് അനുകരിക്കാനാവുംവിധം ഉദാത്തമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന ‘കാന്തള്ളൂർശാല’യിൽ ശ്രീലങ്കയിൽ നിന്നു പോലും പഠിതാക്കൾ എത്തിയിരുന്നു. തിരുവനന്തപുരം വലിയശാലയിലാണ് ഇതു പ്രവർത്തിച്ചിരുന്നത്. 

ഒരു പൊതുവിജ്ഞാന ചർച്ചയിൽ ‘ദക്ഷിണ നളന്ദ’ എതെന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് കാന്തള്ളൂരിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നു തോന്നിയതെന്ന് കിഷോർ പറയുന്നു. കാന്തള്ളൂരിന്റെ ചരിത്രം പ്രഥമാധ്യാപിക ജയലത ടീച്ചറോടും മറ്റു സഹപ്രവർത്തകരോടും വിവരിച്ചു. അവരുടെ പിന്തുണയാണ് ഡോക്യുമെന്ററി എന്ന തീരുമാനത്തെ ഉറപ്പിച്ചത്. പ്രശസ്ത ചരിത്രകാരൻ ഡോ. എം. ജി. ശശിഭൂഷൺ നൽകിയ നിർദേശങ്ങൾക്കൊപ്പം മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവും ചിത്രീകരണത്തിന്റെ ആദ്യഘട്ടം മുതൽ പിന്തുണ നൽകി. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണുവും അഭിലാഷും രമേഷും ചേർന്നാണ്. കല്ലറ അജയന്റേതാണ് കവിത. കടമ്പകൾ ഏറെയുണ്ടെങ്കിലും, ചരിത്ര വിദ്യാർഥികൾക്ക് ഏറെ അറിവു പകരുന്ന ഈ ഡോക്യുമെന്ററി എല്ലാ സ്കൂളുകളിലും എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ കിഷോർ കല്ലറ. 

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിനുശേഷം രൂപം കൊണ്ട പ്രധാന പഠനകേന്ദ്രങ്ങളായിരുന്നു ശാലകൾ. നാട്ടിൽ പലേടത്തും ശാലകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവയിലൊക്കെ ഏറെ പേരുകേട്ടതും അനുകരണീയവുമായിരുന്നു പഴയ വേണാട്ടെ പ്രധാന പഠനകേന്ദ്രമായിരുന്ന കാന്തള്ളൂര്‍ശാല. 

ആയ് രാജാവ് കരുന്തടക്കൻ (എഡി 857-885) ആണ് കാന്തള്ളൂർശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. തുടർന്ന്, ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ (ഏഡി 885-925) കാലത്ത് വൈജ്ഞാനിക കേന്ദ്രമെന്ന നിലയിൽ ശാല ലോക പ്രശസ്തിയാർജ്ജിച്ചു. സ്വയംഭരണ സംവിധാനം ആണ് കാന്തള്ളൂർശാലയിൽ നിലനിന്നിരുന്നത്. 

kishore-kallara കിഷോർ കല്ലറ

ആയിരത്തി ഇരുന്നൂറ് വർഷം മുൻപു രൂപം കൊണ്ട ഈ മഹാശാല വെറും പ്രാഥമിക വിദ്യാകേന്ദ്രമായിരുന്നില്ല. ഉന്നതപഠനകേന്ദ്രമായ ഇവിടെ ആയുധ പരിശീലനത്തിനു പുറമേ നിരീശ്വരവാദം ഉൾപ്പെടെ 64 ൽ പരം വിജ്ഞാന ശാഖകളും പഠിക്കുവാൻ അവസരമുണ്ടായിരുന്നു. നളന്ദയിലുള്ളതിനേക്കാൾ ഏറെ വ്യത്യസ്ത വിഷയങ്ങൾ പഠിപ്പിച്ചിരുന്നതിനാലാവും ‘ദക്ഷിണ നളന്ദ’ എന്ന വിളിപ്പേര് ഇതിനു ലഭിച്ചത്. ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞത്തായിരുന്നു കാന്തള്ളൂര്‍ശാലയുടെ ആദ്യകാല സ്ഥാനം. ചോള ആക്രമണങ്ങള്‍ വഴി അതിന് നാശനഷ്ടങ്ങൾ ഉണ്ടായെന്നും ക്രമേണ തിരുവനന്തപുരത്തെ വലിയശാലയിലേക്കു മാറ്റിയെന്നുമാണ് പ്രശസ്ത ചരിത്രകാരനായ ഡോ. എം. ജി. ശശിഭൂഷണിന്റെ നിഗമനം.

More Campus Updates>>