പഠനം തുടരാൻ സ്കോൾ കേരള

ചോദ്യം: സ്കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനത്തിന് 31 വരെ അപേക്ഷ സ്വീകരിക്കുമെന്ന അറിയിപ്പു കണ്ടു. എന്താണു സ്കോൾ കേരള ? പ്ലസ് വണ്ണിൽ റഗുലർ പ്രവേശനം കിട്ടാത്തവർക്കു ഗുണകരമാണോ ?  

അതെ. ഉപരിപഠനത്തിന് അർഹതയോടെ എസ്എസ്എൽസി / തുല്യയോഗ്യത നേടിയെങ്കിലും, റഗുലർ ഹയർ സെക്കൻഡറി പഠനത്തിന് അവസരം കിട്ടാതെപോയ ആർക്കും ജീവിതത്തിന്റെ ഏതു ഘട്ടത്തിലും ഓൺലൈനായി റജിസ്റ്റർ ചെയ്ത്, പ്ലസ്ടു പഠനം പൂർത്തിയാക്കാൻ അവസരം നൽകുന്ന  പദ്ധതിയാണു സ്കോൾ–കേരള. സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ് എജ്യുക്കേഷൻ– കേരള എന്നാണു പേരിന്റെ പൂർണരൂപം. കേരള സർക്കാരിന്റെ ഭാഗമായ സ്കോൾ, പഴയ  കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ പുനഃസംഘടിപ്പിച്ചുണ്ടാക്കിയ സ്വയംഭരണസ്ഥാപനമാണ്.

സയൻസ്,‌ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത കോംബിനേഷനുകളെടുത്തു പഠിച്ച് സാധാരണ ഹയർ സെക്കൻഡറി പരീക്ഷയെഴുതി, അതിന്റെ സർട്ടിഫിക്കറ്റിനു തുല്യമായ യോഗ്യത നേടാം. മിതമായ ഫീസ് മാത്രം. തിരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്കൂളുകളിൽ സമ്പർക്ക ക്ലാസുകളും പ്രാക്ടിക്കലുമുണ്ട്. ഒന്നാം വർഷം പൂർത്തിയാക്കിയവർക്കു രണ്ടാം വർഷത്തിനു മാത്രമായും റജിസ്റ്റർ ചെയ്യാം. ആവശ്യമുള്ളവർക്ക് സമാന്തരമായി ഡിസിഎയ്ക്കും പഠിക്കാം. ഇതു പിഎസ്‍സി വഴി അസിസ്റ്റന്റ് നിയമനത്തിന് ഉപകരിക്കും.

ഇപ്പോൾ പ്ലസ്‌വൺ പ്രവേശ‌നത്തിന് ജൂലൈ 31 വരെയും, 60 രൂപ ലേറ്റ് ഫീസ് അടച്ച് ഓഗസ്റ്റ് 10 വരെയും റജിസ്റ്റർ ചെയ്യാം. പോസ്റ്റ് ഓഫിസിൽ ഫീസടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റിലെ പ്രോസ്പെക്ടസിൽ. 

വെബ്സൈറ്റ്: www.scolekerala.org

വിലാസം: SCOLE - Kerala, Vidyabhavan, Poojappura, Thiruvananthapuram-695 012

ഫോൺ: 0471 2342271

ഇമെയിൽ: scolekerala@gmail.com

More Campus Updates>>