ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യയിലെ ഉന്നത പുരസ്കാരമായ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (5 ലക്ഷം രൂപ) ഇത്തവണ ലഭിച്ചവരിലെ മലയാളിയാണു കോട്ടയം സ്വദേശി ഡോ. തോമസ് പുകടിയിൽ. പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) അസോഷ്യേറ്റ് പ്രഫസറായ ഡോ. തോമസ് (42) റീകോൺസ്റ്റിറ്റ്യൂഷൻ ബയോളജി എന്ന പഠനശാഖയ്ക്കു നൽകിയ സംഭാവനകൾക്കാണ് അംഗീകാരം. കോശഭിത്തികളിലെ പ്രോട്ടീൻ ചലനമായിരുന്നു ഗവേഷണവിഷയം.
കോശഭിത്തികളുടെ പഠനം
വെസിക്കിൾസ് എന്ന പ്രത്യേക ജൈവസംവിധാനങ്ങൾ വഴിയാണു കോശഭിത്തികളിലെ പ്രോട്ടീനുകളുടെ ചലനം. കാൻസർ ചികിൽസയിലുൾപ്പെടെ സ്വാധീനം ചെലുത്താവുന്ന മേഖലയാണിത്. ബയോകെമിസ്ട്രി, സെൽ ബയോളജി തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ അറിവു വേണ്ട മേഖലയാണു റീകോൺസ്റ്റിറ്റ്യൂഷൻ ബയോളജി. കോഴ്‌സുകൾ വിരളം. എന്നാൽ ഈ രംഗത്തെ ഗവേഷണസാധ്യതകൾ തേടുന്നവരേറെ.വൈവിധ്യവും ഗവേഷണസാധ്യതയുമുള്ള മേഖലയായി വളരുകയാണിന്നു ബയോളജി. ഇന്റർഡിസിപ്ലിനറി സ്വഭാവവും ഏറുന്നു.
സയൻസ് വീട്ടുകാര്യം
പ്രമുഖ ഭൗതികശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാരജേതാവുമായ ഡോ. പി. ഐ.ജോണിന്റെ മകനാണു തോമസ്. ബയോകെമിസ്ട്രിയിൽ അഹമ്മദാബാദ് സെന്റ് സേവ്യേഴ്‌സ് കോളജിൽ നിന്നു ബിഎസ്‌സിയും ബറോഡ എംഎസ് സർവകലാശാലയിൽ നിന്ന് എംഎസ്‌സിയും നേടി. തുടർന്നു ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലർ ബയോളജിയിൽനിന്നു പിഎച്ച്ഡിയും നേടി. യുഎസിലെ സ്‌ക്രിപ്‌സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റും പോസ്റ്റ് ഡോക്ടറൽ ഫെലോയായി ജോലി ചെയ്തിരുന്നു.
More Campus Updates>>