അച്ഛൻ നിയമമന്ത്രി ആയേക്കുമെന്നു കരുതിയല്ല നിഖിൽ ബാലൻ നിയമം പഠിക്കാൻ പോയത്. അഞ്ചാം ക്ലാസ് മുതലുള്ള ആഗ്രഹമാണു മന്ത്രി എ.കെ.ബാലന്റെ മകനെ തിരുവനന്തപുരം ലോ കോളജിലെത്തിച്ചത്. ബിരുദം കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങിയെങ്കിലും ഉപരിപഠനത്തിൽ മനസ്സുടക്കി. ബഹിരാകാശ മേഖലയിലെ പഠനതാൽപര്യം പുറത്തുപറഞ്ഞതും അപ്പോഴാണ്. വക്കീലിനെന്തു ബഹിരാകാശ പഠനം എന്നായി പലരും. നിഖിൽ അന്വേഷണം തുടങ്ങി. പ്രഫസർമാർ മാർഗദർശികളായി. അങ്ങനെയാണു നെതർലൻഡ്സിലെ ലെയ്ഡൻ സർവകലാശാലയിലെ അഡ്വാൻസ്ഡ് മാസ്റ്റേഴ്സ് ഇൻ എയർ ആൻഡ് സ്പേസ് കോഴ്സിനെക്കുറിച്ചറിയുന്നത്.
ഈ വിഷയത്തിൽ ലോകത്തിലെ ഏക മാസ്റ്റേഴ്സ് പഠനകേന്ദ്രം. കോഴ്സ് ഒരുവർഷം. എയർ ലോ, സ്പേസ് ലോ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. എയർ ലോയ്ക്കാണു കൂടുതൽ തൊഴിൽ സാധ്യതയെങ്കിലും നിഖിൽ സ്വന്തം ഇഷ്ടം കണക്കിലെടുത്തു സ്പേസ് ലോ തിരഞ്ഞെടുത്തു. പ്രൈവറ്റ് എയർ ലോ, പബ്ലിക് എയർ ലോ, സ്പേസ് ലോ ആൻഡ് പോളിസി എന്നിങ്ങനെയാണു പഠന വിഷയങ്ങൾ. കഴിഞ്ഞ ബാച്ചിൽ 24 സീറ്റുകളിലായി 16 രാജ്യക്കാർ പഠിക്കാനെത്തി. ഇന്ത്യയിൽ നിന്നു നിഖിലടക്കം നാലുപേർ. കേരളത്തിൽ ഈ കോഴ്സ് പൂർത്തിയാക്കിയ ആദ്യവ്യക്തിയും നിഖിലായിരിക്കും. നിയമബിരുദമാണ് അടിസ്ഥാന യോഗ്യത. സെപ്റ്റംബറിലും ഫെബ്രുവരിയിലുമായി വർഷത്തിൽ രണ്ടു ബാച്ച്.
വെബ്സൈറ്റ്: www.universiteitleiden.nl
ലെയ്ഡനിലേക്കുള്ള വഴി
എന്തുകൊണ്ട് ഈ കോഴ്സിനു ചേരുന്നുവെന്ന ‘സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്’ നിർബന്ധം. അഭിരുചി കർശനമായി പരിശോധിച്ചാണു തിരഞ്ഞെടുപ്പ്. നമ്മുടെ ചിന്താഗതി പോലും വിലയിരുത്തും. ഐഇഎൽടിഎസ് നിർബന്ധം. ഓപ്പൺ ബുക്ക് എക്സാം ആണു മറ്റൊരു പ്രത്യേകത. കാണാപ്പാഠമല്ല, കൃത്യമായ ആലോചനയും വിലയിരുത്തലുമാണു വേണ്ടത്.
സ്പേസ് ലോ: സാധ്യതകൾ
വിദേശത്ത് ഉപഗ്രഹങ്ങളും വിമാനങ്ങളുമായി ബന്ധപ്പെട്ട നിയമ, പരിസ്ഥിതി പ്രശ്നങ്ങൾ രാജ്യാന്തര തർക്കങ്ങൾക്കു വരെ കാരണമാണ്. ഉപഗ്രഹങ്ങളുടെ തകർച്ചയുണ്ടാക്കുന്ന നഷ്ടങ്ങൾ സംബന്ധിച്ച നിയമപ്രശ്നങ്ങൾ കൂടുകയാണ്. ഇവിടെയാണു സ്പേസ് ലോ പഠിച്ച കൺസൽറ്റന്റുമാരുടെ പ്രസക്തി; പ്രത്യേകിച്ചും സ്വകാര്യമേഖലയിൽ.ഇന്ത്യയിൽ സ്പേസ് ലോ അത്ര വളർന്നിട്ടില്ല. നിയമനിർമാണത്തിന്റെ കരട് കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണിപ്പോൾ. നിയമം പ്രാബല്യത്തിലാകുന്നതോടെ ഇവിടെയും തൊഴിൽസാധ്യതയേറും.
ഇന്ത്യയിൽ ബഹിരാകാശദൗത്യങ്ങൾ ഐഎസ്ആർഒയുടെ ചുമതലയിലായതിനാൽ സാധ്യതകളും പൊതുമേഖലയിലാകും. ‘ഇന്ത്യയുടെ ബഹിരാകാശ നിയമനിർമാണം: ഭാവിസാധ്യതകൾ’എന്ന വിഷയത്തിലായിരുന്നു നിഖിലിന്റെ പ്രബന്ധം. യൂറോപ്പിൽ രണ്ടുവർഷം തൊഴിൽപരിശീലനം നേടിയശേഷം ഇന്ത്യയിൽ മടങ്ങിയെത്തുകയാണു ലക്ഷ്യവും.