കേരള മെഡിക്കൽ എൻട്രൻസിനു പകരം ‘നീറ്റ്’വന്നതോടെ സംശയങ്ങൾ പലതാണ്. ഇതാ, പൊതുവെ ഉന്നയിക്കപ്പെടുന്ന ചില സംശയങ്ങൾക്കുള്ള മറുപടി
കേരളത്തിലെ മെഡിക്കൽ – അഗ്രികൾചറൽ ബിരുദ കോഴ്സ് പ്രവേശനം ‘നീറ്റ്’ (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) മുഖേനയാക്കിയതിനെത്തുടർന്ന് പലർക്കും അടിസ്ഥാനമില്ലാത്ത ആശങ്ക. എൻട്രൻസ് പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് തയാറാക്കുന്ന ചുമതല േകന്ദ്രത്തിലേക്കു മാറിയെന്നതല്ലാതെ പറയത്തക്ക വ്യത്യാസമില്ല. ഭയമോ ആശങ്കയോ വേണ്ട. ‘നീറ്റ്’ ദോഷം ചെയ്യുമോയെന്നു സംശയിക്കാതെ, അതിന്റെ ശൈലിയനുസരിച്ച് തയാറെടുക്കാം.
ഇതാ, പൊതുവായി ഉന്നയിക്കപ്പെടുന്ന ചില സംശയങ്ങൾക്കുള്ള മറുപടി.
∙‘നീറ്റ്’ അഖിലേന്ത്യാതലത്തിലായതിനാൽ സ്വന്തം റാങ്ക് തീരെ താണുപോകില്ലേ ?
ഇല്ല. ദേശീയ റാങ്ക്‌ലിസ്റ്റിൽനിന്ന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത് അവർ മാത്രമുൾപ്പെടുന്ന സംസ്ഥാന ലിസ്റ്റ് തയാറാക്കും. അത് അടിസ്ഥാനമാക്കിയാകും കേരളത്തിലെ പ്രവേശനം. ഉദാഹരണത്തിന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരിൽ ആദ്യത്തെ നാലു പേരുടെ റാങ്ക് ദേശീയലിസ്‌റ്റിൽ ഏഴ്, 56, 179, 210 എന്നിങ്ങനെയാണെന്നു കരുതുക. കേരള ലിസ്റ്റിൽ അവരുടെ റാങ്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെയായിരിക്കും.
∙‘നീറ്റി’ന് അപേക്ഷിച്ചു. ഇനി കേരളത്തിലെ പ്രവേശനത്തിനു വേറെ അപേക്ഷിക്കണോ ?
വേണം. കേരള എൻജിനീയറിങ് എൻട്രൻസിന് അപേക്ഷിക്കുന്നവരെപ്പോലെ ‘നീറ്റ്’ എഴുതുന്നവരും കേരള എൻട്രൻസ് കമ്മിഷണർക്ക് 27ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റ്, രേഖകൾ സഹിതം 28ന് അകം എൻട്രൻസ് ഓഫിസിലെത്തിക്കുകയും വേണം.
വെബ്സൈറ്റ്:
www.cee-kerala.org, www.cee.kerala.gov.in
∙‘നീറ്റ്’ എഴുതിയാൽ ഇന്ത്യയിലെ ഒരു മെഡിക്കൽ കോളജിലെയും പ്രവേശനത്തിന് വേറെ എൻട്രൻസ് പരീക്ഷ എഴുതേണ്ടല്ലോ ?
അതു ശരിയല്ല. പാർലമെന്റ് നിയമപ്രകാരം സ്ഥാപിച്ച ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) പുതുച്ചേരി ജിപ്മെറിലെയും പ്രവേശനത്തിന് അവരുടെ എൻട്രൻസ് പരീക്ഷ എഴുതണം.
∙കേരള മെഡിക്കൽ എൻട്രൻസിനാണു തയാറെടുത്തത്. ‘നീറ്റി’നു വേറെ തയാറെടുക്കണോ ?
വേണം. സിലബസിൽ വലിയ വ്യതാസമില്ലെങ്കിലും ചോദ്യങ്ങളുടെ എണ്ണം, ശൈലി, ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം എന്നിവയിൽ വ്യത്യാസമുണ്ട്. ഏതു മത്സരത്തിലും മികച്ച വിജയത്തിന് അതിന്റെ ശൈലിയനുസരിച്ച് പരിശീലിക്കണം.
∙കേരള എൻട്രൻസിന്റെ മുൻചോദ്യക്കടലാസുകൾ വച്ചു ‘നീറ്റി’നു പരിശീലിച്ചാൽ മതിയോ ?
പോരാ. കഴിഞ്ഞ വർഷം നടന്ന രണ്ടു നീറ്റ്, അതിനു മുൻവർഷങ്ങളിലെ ഓൾ ഇന്ത്യ പ്രീമെഡിക്കൽ / പ്രീഡെന്റൽ എൻട്രൻസ് ടെസ്‌റ്റുകൾ എന്നിവയുടെ ചോദ്യക്കടലാസുകൾവച്ചും പരിശീലിക്കണം.
∙കേരള എൻട്രൻസ് ആയിരുന്നെങ്കിൽ സംസ്ഥാനത്തെ സംവരണാനുകൂല്യം കിട്ടുമായിരുന്നു. ദേശീയതല സിലക്‌ഷൻ വന്നതോടെ ഇതു നഷ്ടമാകുമോ ?
ഇല്ല. സിലക്‌ഷനും സീറ്റ് അലോട്മെന്റും കേരള എൻട്രൻസ് കമ്മിഷണർ പഴയപടി നടത്തും. ഓൾ ഇന്ത്യ റാങ്കിങ് നോക്കി, കേരളത്തിലെ സംവരണവ്യവസ്ഥകളനുസരിച്ചാണു സിലക്‌ഷൻ.
∙പ്ലസ്ടുവിൽ സംസ്കൃതം ഉപഭാഷയായി പഠിക്കുന്നുണ്ട്. ആയുർവേദ ബിരുദ റാങ്കിങ്ങിന് കേരള എൻട്രൻസ് ആയിരുന്നെങ്കിൽ 10 മാർക്ക് കൂടുതൽ കിട്ടുമായിരുന്നു. ‘നീറ്റ്’ വന്നതോടെ അതു നഷ്ടപ്പെടില്ലേ ?
ഇല്ല. ‘നീറ്റി’ലെ മൊത്തം മാർക്കിനോട് എട്ടു മാർക്ക് പ്രത്യേകം കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ റാങ്കിങ്.
∙സമർപ്പിച്ച അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ വീണ്ടും മറ്റൊരു അപേക്ഷ വേറെ ഫീസടച്ച് സമർപ്പിക്കാമോ ?
പാടില്ല. പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെടും. ഇൻഫർമേഷൻ ബുള്ളറ്റിനിൽ 11–ാം പേജിലെ 3 (k, m) വ്യവസ്ഥകൾ ഇക്കാര്യം വ്യക്തമാക്കുന്നു. എല്ലാം ശരിയെന്ന് ഉറപ്പാക്കിയിട്ടു മതി ‘ഫൈനൽ സബ്മിഷൻ’. സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ പിന്നീടു മാറ്റാൻ പോലും അവസരം കിട്ടില്ല.
∙അപേക്ഷിക്കാൻ ആധാർ വേണം. ഇതുവരെ ആധാർ കാർഡ് വാങ്ങിയിട്ടില്ലെങ്കിൽ അവസരം നഷ്ടപ്പെടുമോ?
ഇല്ല. പക്ഷേ ഉടൻ ആധാറിന് അപേക്ഷിക്കണം. അത്യാവശ്യക്കാരെ സഹായിക്കാൻ പരീക്ഷാകേന്ദ്രമുള്ള നഗരങ്ങളിലെല്ലാം സിബിഎസ്ഇ ഫെസിലിറ്റേഷൻ സെന്ററുകളുണ്ട്.
വെബ്സൈറ്റ്: www. cbseneet.nic.in
അവിടെ പോകാതെ നേരിട്ട് അപേക്ഷിക്കുകയുമാകാം. കാർഡ് കിട്ടാൻ കാത്തിരിക്കേണ്ട. ആധാർ എൻറോൾമെന്റ് സ്ലിപ്പിൽ കാണുന്ന 14 അക്ക നമ്പർ, അതേപോലെ സ്ലാഷ് സഹിതം, ഓൺലൈൻ അപേക്ഷയിൽ ചേർത്താൽ മതി.
(ജെഇഇക്കും ആധാർ നിർബന്ധമാണ്. അതേസമയം പ്രവാസി വിദ്യാർഥികൾക്ക് ഇളവ് നൽകി).
∙‘നീറ്റി’ൽ കേരളീയരെ തഴയുമെന്ന പ്രചാരണം ശരിയാണോ ?
അല്ല. കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ ദേശീയലിസ്റ്റിൽ നിന്നു തിരഞ്ഞെടുക്കുകയാണ് ചെയ്യുക. 15% ഓൾ ഇന്ത്യ ക്വാട്ടയിൽ കേരളീയർക്കു ക്ഷീണം വരുന്നവിധം കൃത്രിമം കാട്ടുക സാങ്കേതികമായി സാധ്യമാണ്. പക്ഷേ ദേശീയതലത്തിൽ സിബിഎസ്ഇ ഉത്തരവാദിത്വത്തോടെ നടക്കുന്ന ടെസ്റ്റിൽ ഇങ്ങനെ കൃത്രിമം പേടിക്കേണ്ടതില്ല. അനാവശ്യസംശയങ്ങൾ ഒഴിവാക്കി പരീക്ഷയ്ക്കു തയാറെടുക്കാം. നിഷേധചിന്തകൾ ഏകാഗ്രത നഷ്ടപ്പെടുത്തും.
നിഷിലേക്കും ‘നീറ്റ്’
തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ (നിഷ്) ബാച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വിജ് പാതോളജി കോഴ്സിലേക്കും പ്രവേശനം ‘നീറ്റ്’ വഴി. അഡ്മിഷനുള്ള വെബ്സൈറ്റ് ലിങ്ക് admissions.nish.ac മേയ് അവസാന വാരത്തോടെയാകും പ്രവർത്തനക്ഷമമാകുക. അപേക്ഷയിൽ ‘നീറ്റ്’ സ്കോറും ചേർക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും റാങ്ക് ലിസ്റ്റ്.
പ്ലസ്ടുവിന് 50 % മാർക്ക് വേണം. സംവരണ, അംഗപരിമിത വിദ്യാർഥികൾക്ക് ഇളവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയും ഓപ്ഷനലായി മാത്‌സ്, കംപ്യൂട്ടർ സയൻസ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ് എന്നിവയിലൊന്നും പഠിച്ചിരിക്കണം.