Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറ്റ്: ഗിയർ മാറ്റാം, കുതിക്കാം

neet preparation

കേരളത്തിൽ മെഡിക്കൽ–അഗ്രിക്കൾചറൽ മേഖലയിൽ സംസ്ഥാന എൻട്രൻസ് വഴി നടത്തിയിരുന്ന എല്ലാ ബിരുദ കോഴ്സ് പ്രവേശനവും ‘നീറ്റ്’ വഴി മാത്രമാക്കിയതോടെ പരീക്ഷാ തയാറെടുപ്പിലും അതിനനുസരിച്ച് മാറ്റം അനിവാര്യം. കേരള മെ‍ഡിക്കൽ എൻട്രൻസിന്റെ ശൈലിയിൽ പരിശീലിച്ചാൽ ‘നീറ്റി’ൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയില്ല. പരീക്ഷ നടക്കുന്ന മേയ് ഏഴിലേക്ക് ഇനി ആഴ്ചകൾ മാത്രം. ‘നീറ്റ്’ ശൈലിക്കനുസരിച്ച് തയാറെടുപ്പിന്റെ ഗിയർ മാറ്റണം.

table

വേണം കൂടുതൽ വേഗം
കേരള എൻട്രൻസിൽ ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ 75 സെക്കൻഡ് കിട്ടിയിരുന്നെങ്കിൽ ഇനി 60 സെക്കൻഡ് മാത്രം (ചാർട്ട് ശ്രദ്ധിക്കുക). പഴയ വേഗം പോരാ. സിലബസിൽ പറയത്തക്ക വ്യത്യാസമില്ല. വിശദ സിലബസ് ഇൻഫർമേഷൻ ബുള്ളറ്റിന്റെ ഒന്നാം അനുബന്ധത്തിലുണ്ട്. മുൻവർഷങ്ങളിലെ ഓൾ ഇന്ത്യാ പ്രീ–മെഡിക്കൽ/ പ്രീ–ഡെന്റൽ പരീക്ഷാ ചോദ്യക്കടലാസുകൾ വെബ്സൈറ്റുകളിലുണ്ട്. ഇവ പരിശീലനത്തിന് ഉപയോഗിക്കാം.

അറിവു മാത്രം പോരാ
എൻട്രൻസിൽ അറിവിലേറെ അതു പ്രയോഗിക്കുന്ന രീതിയാണു പ്രധാനം. 50% അറിവിന്, ശേഷിച്ച 50% വേഗം, തന്ത്രം, ആത്മവിശ്വാസം എന്നിവയ്‌ക്കെന്നു പൊതുവായി പറയാം.
എൻട്രൻസ് സവിശേഷതകൾ:
∙ ചോദ്യങ്ങളെല്ലാം ഒബ്‌ജെക്‌ടീവ്; ഒപ്പം മൾട്ടിപ്പിൾ ചോയ്സും.
∙ എല്ലാം നിർബന്ധ ചോദ്യങ്ങൾ; ചോയ്സ് ഇല്ല.
∙ ചോദ്യങ്ങൾക്കെല്ലാം തുല്യ മാർക്ക്.
∙ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ അതിസമർഥർക്കു പോലും കഴിഞ്ഞേക്കില്ല. അറിവു പരിശോധനയെക്കാളുപരി ഇതു ടൈം ടെസ്‌റ്റാണ്.
∙ ഉത്തരങ്ങളെല്ലാം ഓർത്തുവച്ചു പോകേണ്ടെങ്കിലും തെറ്റുകൾക്കിടയിൽ കിടക്കുന്ന ശരിയെ തിരിച്ചറിയാൻ വിവേചനബുദ്ധി പ്രയോഗിക്കണം. തെറ്റുകൾ മാരീചനെപ്പോലെ വഴിതെറ്റിക്കരുത്.
∙ സ്‌കൂൾ–കോളജ് പരീക്ഷകളിൽ നന്നായി പഠിച്ചവർക്ക് ഏറെയൊന്നും ചിന്തിക്കാതെ ഉത്തരം എഴുതാം. പക്ഷേ എൻട്രൻസിൽ എല്ലാം നേർചോദ്യങ്ങളായിരിക്കില്ല. തത്വങ്ങളുടെ പ്രയോഗത്തിലൂന്നിയ ചോദ്യങ്ങൾ വരാം.
∙ പല വിഷയഭാഗങ്ങളിലെയും ആശയങ്ങൾ ബുദ്ധിപൂർവം സമന്വയിപ്പിച്ചാൽ മാത്രം ഉത്തരം നൽകാവുന്ന ചോദ്യങ്ങളും വരാം.

റിഹേഴ്‌സൽ ഏറെ പ്രധാനം
ദിവസവും വെവ്വേറെ വിഷയങ്ങളിൽ 30 മിനിറ്റ് നേരം വാച്ച് വച്ചു 30 ചോദ്യങ്ങൾക്കു വരെ ഉത്തരമെഴുതാൻ ശ്രമിക്കുക. ഈ അരമണിക്കൂറിനിടയ്ക്ക് ഉത്തരങ്ങൾ ശരിയോ എന്നു പരിശോധിക്കാൻ പോകരുത്. 30 മിനിറ്റും തീർന്നശേഷം ഉത്തരങ്ങൾ പരിശോധിച്ചു തെറ്റു തിരുത്താം. 30 വരെയെത്താൻ സാധാരണഗതിയിൽ കഴിയില്ലായിരിക്കാം. എങ്കിലും ആവർത്തിച്ചു പരിശീലിക്കുമ്പോൾ വേഗം കൂടും. വെബ്സൈറ്റുകളിലും പരിശീലന പുസ്തകങ്ങളിലും ലഭ്യമായ എൻട്രൻസ്–മോഡൽ ചോദ്യങ്ങൾ ഇത്തരം മോക്ക് ടെസ്റ്റുകളിൽ പ്രയോജനപ്പെടുത്താം.

ടൈംടേബിൾവച്ച് പഠിക്കാം
അവധിദിനങ്ങൾക്കും അധ്യയനദിനങ്ങൾക്കും വെവ്വേറെ ടൈംടേബിൾ സ്വയം തയാറാക്കുക. പരീക്ഷയ്ക്ക് ഇനിയുള്ള ദിവസങ്ങൾ കണക്കാക്കണം. പാഠഭാഗങ്ങളെ ലളിതം / കഠിനം എന്നു തരംതിരിക്കുകയും വേണം. ടൈംടേബിൾ പ്രായോഗികമാകണം. ആവശ്യമെങ്കിൽ ചെറിയ നീക്കുപോക്കുകൾക്കു സൗകര്യവും വേണം.

എല്ലാം പഠിക്കുക, ചോയ്സ് ഇല്ലാതെ
സിലബസിലെ ഏതു ചെറുഭാഗത്തുനിന്നും ചോദ്യം വരാം. എൻട്രൻസ് തയാറെടുപ്പിൽ ‘ചോയ്സ്’ ഇല്ലെന്ന് ഓർക്കുക. പരിശീലനസമയത്ത് മനക്കണക്കുകൂട്ടാൻ ശീലിക്കുക. എൻട്രൻസ് പരീക്ഷയിൽ കാൽക്കുലേറ്റർ അനുവദിക്കില്ല.

എളുപ്പവഴികൾ ശീലിക്കുക
ഫിസിക്‌സിൽ വിവിധ അധ്യായങ്ങളിലായുള്ള ഫോർമുലകളെല്ലാം ഒരുമിച്ചെഴുതിവച്ച് ഇടയ്‌ക്കിടെ നോക്കുക. കെമിസ്‌ട്രിയിലെ ഫോർമുലകളുടെ കാര്യത്തിലും ഈ രീതി അനുവർത്തിക്കാം. കെമിസ്‌ട്രിയിലെ രാസസമവാക്യങ്ങളെല്ലാം ഒരിടത്ത് ഒരുമിച്ചെഴുതിവയ്‌ക്കുന്നതും റിവിഷനു സഹായകരം. അതേസമയം, ഫോർമുലകളുടെ പൊരുൾ ഗ്രഹിക്കാതെ യുക്‌തിരഹിതമായി കാണാതെ പഠിക്കുക പ്രായോഗികമല്ല. ഓരോ ഫോർമുലയുടെയും തത്വം മനസ്സിലാക്കി പഠിക്കണം. സങ്കീർണമായ പ്രയോഗരീതിച്ചോദ്യങ്ങളെപ്പോലും ലളിതമാക്കി ഉത്തരം കണ്ടെത്താൻ ഈ സമീപനം ഉപകരിക്കും.

നിത്യജീവിതത്തിൽ ഉപയോഗിക്കാത്ത ഒട്ടേറെ പദങ്ങൾ ബയോളജിയിലുണ്ട്. ഉദാഹരണം: auxin, flagella, plasmolysis, pteridophytes, tetany, uricotelism, vernalisation, viroid. ഇത്തരം വാക്കുകളും അവയുടെ അർഥവും ഓർത്തുവയ്‌ക്കുക പ്രയാസം. ഇവയെല്ലാം ഒരിടത്ത് എഴുതിവച്ച്, ഇടയ്‌ക്കിടെ നോക്കാം. പല കാര്യങ്ങളും നിശ്‌ചിത ക്രമത്തിൽ ഓർത്തുവയ്ക്കാൻ സ്വയം ഓർമസൂത്രങ്ങൾ (Mnemonics) ഉണ്ടാക്കാം.

കഠിന ചോദ്യങ്ങളിൽ തട്ടിവീഴരുത്
∙ചോയ്സ് ഇല്ലാത്ത പരീക്ഷയായതിനാൽ ചോദ്യങ്ങളെല്ലാം തുടക്കത്തിൽ ഒരു തവണ വായിച്ചുനോക്കുന്നതു വൃഥാ വ്യായാമമാണ്. ആദ്യ ചോദ്യം മുതൽ മുറയ്‌ക്കു വായിച്ച് അപ്പപ്പോൾ ഉത്തരം അടയാളപ്പെടുത്തിപ്പോകുക.
∙ഉയർന്ന റാങ്കിനു സ്വീകരിക്കേണ്ട സുപ്രധാന തന്ത്രം കഠിനചോദ്യങ്ങളെ ആദ്യനോട്ടത്തിൽ ഒഴിവാക്കുകയാണ്. ആ സമയം തുടർന്നുള്ള ലളിതചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രയോജനപ്പെടുത്താം. കഠിനചോദ്യങ്ങൾക്കു മുന്നിൽ സമയം കളഞ്ഞാൽ ഒടുവിലുള്ള ഏതാനും ചോദ്യങ്ങൾ വായിക്കാൻപോലും നേരം കിട്ടാതെ വരും.
∙അതിനാൽ അവസാന ചോദ്യം വരെയെത്തി ആദ്യറൗണ്ട് പൂർത്തിയാക്കുക. തുടർന്ന്, നേരത്തേ വിട്ടുകളഞ്ഞ ചോദ്യങ്ങളെ ക്രമത്തിൽ നേരിടുക. രണ്ടാം റൗണ്ടിലും ഏതെങ്കിലും ചോദ്യം അതികഠിനമെന്നു തോന്നിയാൽ ഒഴിവാക്കുക. നേരമുണ്ടെങ്കിൽ മൂന്നാം റൗണ്ടിൽ ഉത്തരം നൽകാൻ ശ്രമിക്കാം. ഇങ്ങനെയാകുമ്പോൾ നമുക്ക് അറിയാവുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും.
∙തെറ്റു വന്നാൽ തിരുത്തുക അസാധ്യം. നീലയോ കറുപ്പോ ബോൾ പേന കൊണ്ടുമാത്രമേ പരീക്ഷയിൽ ഉത്തരം അടയാളപ്പെടുത്താവൂ. മായ്‌ച്ച് വേറെ ഉത്തരം നൽകാൻ കഴിയില്ല. അക്കാരണത്താലാണ് Think before you ink എന്നു പറയാറുള്ളത്.

കുലുക്കിക്കുത്ത് വേണ്ട
ഉത്തരമറിയാത്ത എൻട്രൻസ് ചോദ്യങ്ങൾക്കു കുലുക്കിക്കുത്ത് നഷ്‌ടക്കച്ചവടമാകാനാണു സാധ്യത. സമർഥരായ പല കുട്ടികളും ഇങ്ങനെയു‌ള്ള മാർക്ക് കളഞ്ഞുകുളിക്കാറുണ്ട്. ചൂതാട്ടം ഒഴിവാക്കാൻ പരിശീലനവേളയിൽത്തന്നെ ശ്രദ്ധിക്കണം.