ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ ഒരു നാട് അറിയപ്പെടുന്നത് ഒരു ഭാഗ്യമാണ്. തലശ്ശേരിക്കടുത്തു നെട്ടൂർ അറിയപ്പെടുന്നത് സാങ്കേതികസ്ഥാപനമായ എൻടിടിഎഫിന്റെ (നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ) പേരിനോടൊപ്പമാണ്. 1947 ൽ സ്വിറ്റ്സർലാൻഡുമായി ഇന്ത്യ സൗഹൃദത്തിലായതിന്റെ ഫലമായിരുന്നു നെട്ടൂരിലെ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം. സഹകരണത്തോടെ തലശ്ശേരിയിൽ ആരംഭിച്ച ടെക്നിക്കൽ ട്രെയിനിങ് സ്ഥാപനം ഇന്ന് ആയിരക്കണക്കിനു വിദ്യാർഥികളുടെ ഭാവിയാണ് ശോഭനമാക്കുന്നത്.
ജോലിസാധ്യത ഉറപ്പായതിനാൽ പണ്ടു മുതലേ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവരുടെ സ്വപ്നമാണ് എൻടിടിഎഫ്. വെറുമൊരു കോഴ്സ് എന്നതിലുപരി വർഷങ്ങളുടെ പാരമ്പര്യവും കൃത്യമായ കർമപദ്ധതികളും കൊണ്ട് രാജ്യാന്തരതലത്തിൽ തന്നെ പ്രസിദ്ധമാണ്. ആഗോളതലത്തിൽ പ്രധാനപ്പെട്ട ടൂൾ മേക്കിങ് സ്ഥാപനങ്ങളില്ലെല്ലാം ചെന്നാൽ എൻടിടിഎഫിലെ ഒരു അംഗത്തെയെങ്കിലും കാണാനാവാതെ നിങ്ങൾക്കു മടങ്ങാൻ കഴിയില്ല. തലശ്ശേരിയിൽ തുടങ്ങിയ വിജയഗാഥ ഇന്ന് ഇന്ത്യയിലെമ്പാടുമുള്ള 21 കേന്ദ്രങ്ങളിലേക്കു പടർന്നു.
ചരിത്രം
സ്വിറ്റ്സർലാൻഡും ഇന്ത്യയും തമ്മിലുള്ള ബന്ധം 1947 മുതൽ ശക്തമായിരുന്നു. ഇന്ത്യയിലെ യുവാക്കൾക്ക് ജോലി നൽകുക എന്ന ഉദ്ദേശ്യത്തോടെ 1959ൽ ആണു നെട്ടൂരിന്റെ മുഖമുദ്രയായി ഈ സ്ഥാപനം മാറുന്നത്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിൽ സ്ഥാപിതമായ ഈ കേന്ദ്രത്തിന്റെ ആദ്യ പേര് സിഎസ്ഐ ടെക്നിക്കൽ ട്രെയിനിങ് സെന്റർ എന്നായിരുന്നു. ആൽഫ്രഡ് ഫ്രിഷ്നെച്ച് ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. 1963ൽ ഇത് എൻടിടിഎഫ് എന്ന ഫൗണ്ടേഷനായി രൂപം പ്രാപിച്ചു. എൺപതുകൾ വരെ സിഎസ്ഐ പ്രതിനിധികളായിരുന്നു നേതൃനിരയിൽ. തലശ്ശേരിയിലെ ആദ്യ സെന്റർ വിജയമായതോടെ വെല്ലൂരിലും ധാർവാഡിലും കേന്ദ്രങ്ങൾ തുടങ്ങി. ഒടുവിൽ സ്ഥാപനത്തിന്റെ ആസ്ഥാനം ബെംഗളൂരുവിലേക്കു മാറ്റി. പിന്നീടുള്ളത് ചരിത്രം.

ജൈത്രയാത്ര
തുടക്കത്തിൽ പ്രിസിഷൻ ടൂൾ മേക്കിങ്ങിലായിരുന്നു ശ്രദ്ധയെങ്കിൽ പിന്നീടത് മെക്കാട്രോണിക്സിലേക്കും കംപ്യൂട്ടർ എൻജിനീയറിങ്ങിലേക്കും കൂടി തിരിഞ്ഞു. കാലം മുന്നോട്ടുപോയതോടെ പ്രവേശനം ആഗ്രഹിച്ചെത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചു. തുടക്കത്തിൽ തലശ്ശേരിയിൽ 34 വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത്. 2000 വരെ 40 കുട്ടികൾക്കായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഇന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി ടൂൾ ആൻഡ് ഡൈമേക്കിങ് കോഴ്സിൽ മാത്രം 3,500 വിദ്യാർഥികളാണ് പഠിക്കുന്നത്. മൊത്തം പതിനായിരത്തിലധികം വിദ്യാർഥികൾ ഇന്ന് എൻടിടിഎഫിന്റെ ഭാഗമാണ്. തൊണ്ണൂറ്റിയഞ്ചു ശതമാനത്തിലധികം വിദ്യാർഥികൾക്കും ജോലി ഉറപ്പാണെന്നു തലശ്ശേരി സെന്ററിന്റെ പ്രിൻസിപ്പൽ ആർ.അയ്യപ്പൻ പറയും. എല്ലാ ബാച്ചിലും അഞ്ചു ശതമാനം വിദ്യാർഥികളെങ്കിലും ഉന്നതവിദ്യാഭ്യാസത്തിനു പോകുമെന്നതുകൊണ്ടാണ് നൂറു ശതമാനം എന്നു പറയാത്തതെന്ന് അദ്ദേഹം പറയുമ്പോൾ ആരുമൊന്നു ഞെട്ടും. എൻടിടിഎഫിൽ പഠിച്ച ആയിരത്തിലധികം പേർ ഓസ്ട്രേലിയയിൽ മാത്രം ജോലിനോക്കുന്നുണ്ട്.
കഴിഞ്ഞ വർഷം 400 പേർ പഠിച്ചിറങ്ങിയതിൽ 370ൽ അധികം വിദ്യാർഥികൾക്ക് ജോലി നൽകിയെന്നു പറയുമ്പോൾ ആ ചിരിയിൽ ആത്മവിശ്വാസം തിരതല്ലുന്നു. തലശ്ശേരിയിലെ സെന്റർ കൂടാതെ ടാറ്റാ, കെൽട്രോൺ പോലെയുള്ള വൻകിട സ്ഥാപനങ്ങളുമായി ചേർന്ന് വിവിധയിടങ്ങളിൽ അസോഷ്യേറ്റ് സെന്ററുകളുമുണ്ട്. മലപ്പുറം, കുറ്റിപ്പുറം, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് കേരളത്തിലെ അസോഷ്യേറ്റ് കേന്ദ്രങ്ങൾ. ടാറ്റയുടെ സഹകരണത്തോടെ ജംഷഡ്പുരിലും, ഗോപാൽപുരത്തും സെന്ററുകളുണ്ട്.
പ്രവേശനം
പത്താം ക്ലാസ് പാസായവർക്കും ഫലം കാത്തിരിക്കുന്നവർക്കും ഇവിടെ പ്രവേശനം നേടാം. പ്രായപരിധി 21 വയസ്സാണ്. പ്രവേശനപരീക്ഷ നിർബന്ധമാണ്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇംഗ്ലിഷിലാണ്. പത്താം ക്ലാസ് നിലവാരത്തിലുള്ള സയൻസ്, കണക്ക്, ആപ്റ്റിറ്റ്യൂഡ് എന്നിവയാണ് ഈ പരീക്ഷയിൽ വിഷയങ്ങളാവുക. കംപ്യൂട്ടർ വഴിയാണ് പരീക്ഷ നടത്തുക. ഗ്രാമീണമേഖലയിൽ നിന്നുള്ളവർക്ക് 25 ശതമാനം വരെ സംവരണമുണ്ട്. വിദ്യാർഥിനികൾക്ക് 30 ശതമാനം വരെയും സംവരണമുണ്ട്. ബെംഗളൂരു, കുംഭകോണം, മുർബാദ്, കൊച്ചി, കണ്ണൂർ, മലപ്പുറം തുടങ്ങി 25ൽ അധികം കേന്ദ്രങ്ങളിൽ നിന്നു പ്രവേശനപരീക്ഷ എഴുതാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് വായ്പാ സ്കോളർഷിപ് നൽകും. കോഴ്സിനു ശേഷം രണ്ടു വർഷം എൻടിടിഎഫ് നിയമങ്ങൾ അനുസരിച്ചുള്ള പ്രതിഫലത്തിൽ ജോലി ചെയ്യുമെന്ന ബോണ്ട് നൽകണം. ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പയും ലഭ്യമാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
പഠനരീതി
ആധുനികരീതിയിലുള്ള പഠനരീതികളാണ് ഇവിടെ പിന്തുടരുന്നത്. ടാബുകളും കംപ്യൂട്ടറുകളും ഉപയോഗിച്ചാണ് പഠനം. എൻടിടിഎഫ് ക്യാംപസുകൾ തമ്മിൽ ഇതിലൂടെ പഠനവുമായി ബന്ധപ്പെട്ട ഫയലുകൾ കൈമാറും. ധർവാഡ് അധ്യാപക പരിശീലന കേന്ദ്രത്തിലാണ് അധ്യാപകർക്കുള്ള വിദഗ്ധപരിശീലനം. ഡിപ്ലോമ ഇൻ ടൂൾ ആൻഡ് ഡൈ മേക്കിങ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ എൻജിനീയറിങ്, ഡിപ്ലോമ ഇൻ മെക്കട്രോണിക്സ് എന്നിങ്ങനെ മൂന്നു കോഴ്സുകളാണു തലശ്ശേരി കേന്ദ്രത്തിലുള്ളത്. മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്സുകളാണിവ. ടൂൾ ആൻഡ് ഡൈമേക്കിങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനവുമുണ്ട്. ഇവയ്ക്കു പുറമേ ടൂൾ ഡിസൈനിങ്, പോസ്റ്റ് ഡിപ്ലോമ, മെഷിനിസ്റ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം എന്നീ കോഴ്സുകളുമുണ്ട്. ഇവയുടെ കാലാവധി ഒരു വർഷമാണ്. വ്യവസായികളാണ് സ്ഥാപനത്തിന്റെ ഡയറക്ടർമാർ. എൻ.രഘുരാജനാണ് മാനേജിങ് ഡയറക്ടർ, ഐഎസ്ഒ 9001 ലഭിച്ച സ്ഥാപനം രാജ്യാന്തരതലത്തിലും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.