നാലാം ക്ലാസ് മുതൽ 6–ാംക്ലാസ്വരെ കണക്കിന് സ്ഥിരമായി തോറ്റു; 10 ൽ 85 ശതമാനം മാർക്കും അക്കൗണ്ടന്റ് ജോലി യും കിട്ടാൻ കാരണം ബിന്ദു ടീച്ചർ
കണക്കിനെ പേടിച്ചു പേടിച്ച് ഒരു വിധം തട്ടിമുട്ടി ജയിച്ച് 10–ാം ക്ലാസിനു ശേഷം ആജന്മശത്രുവിനെപ്പോലെ കണക്കിനെ ഒഴിവാക്കി വിട്ട ഒരുപാട് പേർ നമുക്കിടയിലുണ്ട്. എന്നാൽ തുടർച്ചയായി 4–ാം ക്ലാസ് മുതൽ 9–ാം ക്ലാസ് വരെ കണക്ക് പരീക്ഷയിൽ പരാജയപ്പെട്ടിട്ടും ഒരു ഗുരുവിന്റെ അശ്രാന്ത പരിശ്രമം കൊണ്ടും സ്വന്തം
കണക്കിനെ പേടിച്ചു പേടിച്ച് ഒരു വിധം തട്ടിമുട്ടി ജയിച്ച് 10–ാം ക്ലാസിനു ശേഷം ആജന്മശത്രുവിനെപ്പോലെ കണക്കിനെ ഒഴിവാക്കി വിട്ട ഒരുപാട് പേർ നമുക്കിടയിലുണ്ട്. എന്നാൽ തുടർച്ചയായി 4–ാം ക്ലാസ് മുതൽ 9–ാം ക്ലാസ് വരെ കണക്ക് പരീക്ഷയിൽ പരാജയപ്പെട്ടിട്ടും ഒരു ഗുരുവിന്റെ അശ്രാന്ത പരിശ്രമം കൊണ്ടും സ്വന്തം
കണക്കിനെ പേടിച്ചു പേടിച്ച് ഒരു വിധം തട്ടിമുട്ടി ജയിച്ച് 10–ാം ക്ലാസിനു ശേഷം ആജന്മശത്രുവിനെപ്പോലെ കണക്കിനെ ഒഴിവാക്കി വിട്ട ഒരുപാട് പേർ നമുക്കിടയിലുണ്ട്. എന്നാൽ തുടർച്ചയായി 4–ാം ക്ലാസ് മുതൽ 9–ാം ക്ലാസ് വരെ കണക്ക് പരീക്ഷയിൽ പരാജയപ്പെട്ടിട്ടും ഒരു ഗുരുവിന്റെ അശ്രാന്ത പരിശ്രമം കൊണ്ടും സ്വന്തം
കണക്കിനെ പേടിച്ചു പേടിച്ച് ഒരു വിധം തട്ടിമുട്ടി ജയിച്ച് 10–ാം ക്ലാസിനു ശേഷം ആജന്മശത്രുവിനെപ്പോലെ കണക്കിനെ ഒഴിവാക്കി വിട്ട ഒരുപാട് പേർ നമുക്കിടയിലുണ്ട്. എന്നാൽ തുടർച്ചയായി 4–ാം ക്ലാസ് മുതൽ 9–ാം ക്ലാസ് വരെ കണക്ക് പരീക്ഷയിൽ പരാജയപ്പെട്ടിട്ടും ഒരു ഗുരുവിന്റെ അശ്രാന്ത പരിശ്രമം കൊണ്ടും സ്വന്തം കഠിനാധ്വാനം കൊണ്ടും കണക്കിനോടു കൂട്ടുകൂടിയ കണക്കിലൂടെ തന്നെ ഉപജീവനം കണ്ടെത്തിയ ഒരാളുടെ അനുഭവകഥയാണ് ഇക്കുറി ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്.
കണക്കിൽ പിന്നോക്കം പോയ ശിഷ്യന്റെ യഥാർഥ പ്രശ്നം മനസ്സിലാക്കി അതിനെ മറികടക്കാൻ ഒപ്പം നിന്ന് പരീക്ഷകളിൽ ജയിക്കാൻ പാകത്തിന് അറിവ് പകർന്ന് ഒരിക്കൽ പേടിച്ച അതേ വിഷയത്തിൽ ഉപരിപഠനം നടത്താനും ഉപജീവന മാഗം നേടാനും ശിഷ്യന് ആത്മവിശ്വാസം പകർന്ന ബിന്ദു ടീച്ചർ എന്ന ഗുരുവിനെക്കുറിച്ചുള്ള ഹൃദയം തൊടുന്ന ഓർമ ഗുരുസ്മൃതിയിലൂടെ പങ്കുവച്ചത് കൊച്ചിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ ആണ്. അദ്ദേഹം പ്രിയ ഗുരുവിനെക്കുറിച്ച് പങ്കുവച്ചതിങ്ങനെ :-
കഴിഞ്ഞ പത്തു വർഷത്തിലധികമായി കൊച്ചി നഗരത്തിലെ ഒരു ഹോട്ടൽ ഗ്രൂപ്പിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ഞാൻ. അക്കൗണ്ടന്റ് എന്ന നിലയിലുള്ള എന്റെ ജീവിതമാകട്ടെ ഒരു വ്യാഴവട്ടം പിന്നിട്ടിരിക്കുന്നു. കണക്കുകളും അക്കങ്ങളും നിറഞ്ഞ പതിനൊന്ന് മണിക്കൂറുകളിലൂടെയാണ് ഓരോ ദിവസവും ഞാൻ കടന്നു പോകുന്നത്.അതെന്നെയും കുടുംബത്തെയും ജീവിപ്പിക്കുന്നു. ഈ തിരിച്ചറിവിൽ ഞാനെന്നും നന്ദിയോടെ ഓർത്ത് പോകുന്ന ഒരു മുഖമുണ്ട്....ഹൈസ്കൂളിൽ എന്നെ കണക്ക് പഠിപ്പിച്ച ബിന്ദു ടീച്ചറുടെ മുഖം....
പഠന കാലത്ത് എന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരു വിഷയമാണ് കണക്ക്. നാലാം ക്ലാസ്സിലെ ഹരണം മുതൽ കണക്ക് എനിക്ക് വഴങ്ങാത്ത ഒരു സബ്ജക്റ്റായി മാറി. മറ്റുള്ള എല്ലാ വിഷയങ്ങൾക്കും എൺപത് ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങുമ്പോൾ കണക്കിന് ഞാൻ നിരന്തരം തോറ്റു കൊണ്ടിരുന്നു. നാലാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ ഓണം, ക്രിസ്മസ് പരീക്ഷകൾക്കും കണക്കിന് ഞാൻ ദയനീയമായി തോറ്റു. പ്രോഗ്രസ് റിപ്പോർട്ടുകളിൽ കണക്കിന്റെ താഴെയുള്ള ചുവപ്പ് മഷിയിൽ എന്റെ കണ്ണീർ വീണ് പോന്നു. പരീക്ഷക്ക് തോൽക്കുക എന്നത് വലിയ അപമാനമായിട്ടായിരുന്നു വീട്ടിലും സ്കൂളിലും കണക്കാക്കിയിരുന്നത്.കണക്കിന് കൂടി ജയിച്ചിരുന്നെങ്കിൽ ക്ലാസിലെ റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കാൻ എനിക്കാകുമായിരുന്നു.ഈ യാഥാർഥ്യം നൽകുന്ന നിരാശ കടുത്തതായിരുന്നു.
മാറി മാറി വന്ന കണക്ക് ടീച്ചർമാരെല്ലാം അവരെക്കൊണ്ടാകും വിധം എന്നെയൊന്ന് രക്ഷപ്പെടുത്താൻ പരിശ്രമിച്ചു.എന്നാൽ എനിക്ക് ഒന്നും വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നില്ല. വാർഷിക പരീക്ഷകളിൽ ഇന്റേണൽ (Internal) മാർക്കുകളുടെയും ഗ്രേസ് മാർക്കുകളുടെയും സഹായത്തോടെ ജയിച്ച് ഓരോ ക്ലാസും പിന്നിടുമ്പോഴും എന്റെയും എന്റെ ചുറ്റുമുള്ളവരുടേയും ഉള്ളിൽ ഉയരുന്ന ഒരു ചോദ്യമുണ്ടായിരുന്നു.
‘ഇങ്ങനെയാണെങ്കിൽ എങ്ങനെ എസ്എസ്എൽസി പാസാകും?’ മറ്റുള്ള വിഷയങ്ങൾക്കെല്ലാം നല്ല മാർക്കുണ്ട് എന്നത് കൊണ്ട് ഈ കടമ്പ കടന്ന് കിട്ടില്ല. കണക്കിന് കൂടി ജയിച്ചാലേ അത് സാധിക്കൂ. ഇല്ലെങ്കിൽ ഭാവിയിലേക്കുള്ള വാതിലുകളാണ് കൊട്ടിയടക്കപ്പെടുക! ഈയൊരു ടെൻഷനിൽ മനമുരുകിക്കഴിയുന്ന സമയത്താണ് ബിന്ദു ടീച്ചർ ചാർജെടുക്കുന്നത്. ഒൻപതാം ക്ലാസിലെ ‘പോളിനോമിയൽ’ മുതലുള്ള ഭാഗങ്ങൾ ടീച്ചർ എടുത്ത് തുടങ്ങി. 2002-03 കാലഘട്ടത്തിലാണിത്.
വളരെ പെട്ടെന്ന് തന്നെ ഞാൻ ടീച്ചറുടെ നോട്ടപ്പുള്ളിയായി! അതങ്ങനയേ വരൂ. ചോദ്യങ്ങൾക്കൊന്നും കൃത്യമായി ഉത്തരം പറയാത്ത, ക്ലാസിൽ ചെയ്യാനായി നൽകുന്ന പ്രോബ്ലെംസിനു മുന്നിൽ നിസ്സഹായനായി ഇരിക്കുന്ന ഞാൻ കണക്കിൽ വട്ടപ്പൂജ്യമാണെന്ന് മനസ്സിലാക്കാൻ എളുപ്പം സാധിക്കുമായിരുന്നു. പക്ഷേ ടീച്ചർ എന്നെ ശിക്ഷിക്കുകയോ, മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് അപമാനിക്കുകയോ ചെയ്തില്ല.വാത്സല്യത്തോടെ പുഞ്ചിരിക്കുക മാത്രം ചെയ്തു.
തീർച്ചയായും എന്റെ പ്രശ്നമെന്താണെന്ന് ടീച്ചർ തിരിച്ചറിഞ്ഞു.ബേസിക് ആയിട്ടുള്ള പ്രധാന കാര്യങ്ങളൊന്നും ഞാൻ മനസ്സിലാക്കിയിട്ടില്ല എന്നും അത് മനസ്സിലാക്കാത്തിടത്തോളം എനിക്ക് കണക്കിൽ വിജയിക്കാനാകില്ലെന്നും ടീച്ചർ എന്നോട് പറഞ്ഞു. ‘‘ഞാൻ എന്താണ് ചെയ്യേണ്ടത്?എനിക്ക് കണക്കിന് ജയിക്കണമെന്നുണ്ട്’’-ഇതായിരുന്നു എന്റെ പ്രതികരണം.‘‘വഴിയുണ്ടാക്കാം.’’-ടീച്ചർ പറഞ്ഞു.
അങ്ങനെ ഞാനടക്കമുള്ള ക്ലാസിലെ കണക്കിന് പിന്നോക്കമായ ഏതാനും കുട്ടികളെ ടീച്ചർ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. ഓരോ പുതിയ ഭാഗം പഠിപ്പിച്ചു കഴിയുമ്പോഴും ടീച്ചർ ഞങ്ങൾക്കടുത്തെത്തി ഏറ്റവും എളുപ്പ വഴിയിൽ ആ ഭാഗം എങ്ങനെ ചെയ്തെടുക്കാം എന്ന് പറഞ്ഞു തരും.ചില പ്രോബ്ലംസ് ചെയ്യുമ്പോൾ മുൻ ക്ലാസുകളിൽ പഠിച്ച സൂത്രവാക്യങ്ങളും,മെത്തേഡുകളും ഉപയോഗിക്കാനുണ്ടാകും.അപ്പോൾ അക്കാര്യങ്ങൾ ടീച്ചർ ആദ്യം മുതലേ ഞങ്ങൾക്ക് വിശദീകരിച്ചു തരും.നാലാം ക്ലാസിലെ ലസാഗു മുതൽ ടീച്ചർ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. ഈ ‘സമാന്തര’ ക്ലാസുകൾ കൊണ്ട് മനസ്സിലാക്കാൻ സാധിക്കാതെ പോയ പല കാര്യങ്ങളും കൈയ്യെത്തിപ്പിടിക്കാൻ സാധിച്ചു. എന്തോ ടീച്ചർ പറഞ്ഞു തരുന്നത് എനിക്ക് ഗ്രഹിക്കാൻ പ്രയാസമുണ്ടായിരുന്നില്ല.
ടീച്ചറുടെ ശ്രമങ്ങൾക്ക് പെട്ടെന്നുള്ള മാറ്റങ്ങൾ കൊണ്ട് വരാനൊന്നും സാധിച്ചില്ല.അത് ടീച്ചറും പ്രതീക്ഷിച്ചു കാണില്ല.എന്നാൽ ക്രമേണ കണക്കിന്റെ സ്കോർ ഉയർത്താൻ എനിക്ക് സാധിച്ചു. പാസ് മാർക്കിലേക്കെത്താൻ അപ്പോഴും കഴിഞ്ഞില്ല.പക്ഷേ എനിക്ക് അത് സാധിക്കും എന്ന ഒരു ആത്മവിശ്വാസമൊക്കെ തോന്നിത്തുടങ്ങി.അങ്ങനെ ഒൻപതാം ക്ലാസ് പിന്നിട്ടു.
പത്താം ക്ലാസിലെ ഓണപ്പരീക്ഷക്ക് തോൽവിയുടെ മാർജിൻ നന്നേ കുറഞ്ഞു. ക്രിസ്മസ് പരീക്ഷക്ക് മുൻപ് ബിന്ദു ടീച്ചർ എനിക്കൊരു ഗൈഡ് കൊണ്ട് വന്ന് തന്നു.അത് ശരിക്കുമൊരു മോഡൽ ക്വസ്റ്റ്യൻ പേപ്പറായിരുന്നു.അതിലെ മുഴുവൻ പ്രോബ്ലംസും വിശദമായിത്തന്നെ ടീച്ചർ എന്നെ പഠിപ്പിച്ചു.കണക്ക് ചെയ്ത് പഠിക്കാൻ അവർ എന്നെ ശീലിപ്പിച്ചു.
ഒടുവിൽ എസ്.എസ്.എൽ.സിക്ക് മുൻപുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന ക്രിസ്മസ് പരീക്ഷക്ക് ഞാൻ പാസ് മാർക്ക് നേടി....!ബിന്ദു ടീച്ചറുടെ ആനന്ദാശ്രുക്കൾ നിറഞ്ഞ പുഞ്ചിരിയിൽ എന്റെ മനസ്സ് കുളിരണിഞ്ഞു. വീട്ടുകാർക്കും സ്‌കൂളധികൃതർക്കുമൊക്കെ എന്റെ ജയം വലിയ ആശ്വാസം പകർന്നു നൽകി.തുടർച്ചയായ വർഷങ്ങളിൽ എസ്എസ് എൽ സിക്ക് നൂറ് മേനി കൊയ്യുന്ന ഒരു സ്‌കൂളായിരുന്നു അത്. ഈ പ്രകടനം തുടർന്നാൽ ഞാൻ കാരണം ആ തുടർച്ച നഷ്ടമാവില്ല എന്ന ആശ്വാസമായിരുന്നു എല്ലാവർക്കും. ഇത്തരം കാര്യങ്ങളെല്ലാം ഒരു പതിനഞ്ചുകാരനായ വിദ്യാർത്ഥിക്ക് നൽകുന്ന മാനസിക സമ്മർദ്ദം കടുത്തതാണ്.എന്നാൽ അതിനെയെല്ലാം ഞാൻ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തു. ടീച്ചറുടെ പിന്തുണയും പ്രചോദനവും അതിന് സഹായകമായി.
നാലാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള നീണ്ട ആറ് വർഷത്തെ കണക്ക് പരീക്ഷകളിലെ പരാജയത്തിന് അറുതിയാവുകയായിരുന്നു അവിടെ.അതെന്നിൽ വിടർത്തിയ സന്തോഷം വിവരിക്കാൻ വാക്കുകളില്ല. ഏതാനും മാസങ്ങൾക്കപ്പുറം മോഡൽ പരീക്ഷ നടന്നു.പ്രത്യേകം നോട്ടുകൾ തയാറാക്കി നൽകി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി പഠിക്കാൻ ടീച്ചർ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.അതിന് ഫലവും കണ്ടു.മോഡൽ പരീക്ഷക്ക് മികച്ച മാർക്കോടെ ഞാൻ കണക്കിന് പാസായി.അതോടെ ടീച്ചർമാർ ഡിസ്റ്റിങ്ഷൻ പ്രതീക്ഷിക്കുന്ന ക്ലാസിലെ ടോപ് സ്കോറർമാരിൽ ഞാനും ഇടം പിടിച്ചു.ഞാൻ നേരത്തെ പറഞ്ഞത് പോലെ കണക്ക് കനിഞ്ഞപ്പോൾ എന്റെ കളറും മാറി എന്നർഥം. വിജയം ഞാൻ ആഘോഷമാക്കിയപ്പോൾ,വിനയത്തോടെ പരിശ്രമം തുടരാൻ ടീച്ചർ ഉപദേശിച്ചു.
ആഴ്ചകൾക്കുള്ളിൽ എസ് എസ് എൽ സി തുടങ്ങി. എനിക്ക് ഒരു ടെൻഷനുമില്ലായിരുന്നു. കണക്ക് ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പല തവണ റിവിഷൻ ചെയ്ത് കഴിഞ്ഞു.തയാറെടുപ്പുകൾ പൂർത്തിയായി. ഏത് ചോദ്യത്തിനും മികച്ച രീതിയിൽ ഉത്തരം എഴുതാനാകുമെന്ന ആത്മവിശ്വാസം ഉള്ളിലുണ്ട്.പിന്നെന്തിന് ടെൻഷനടിക്കണം.
കണക്ക് പരീക്ഷയിൽ എഴുപത് ശതമാനത്തിൽ കുറയാതെ ഞാൻ മാർക്ക് നേടുമെന്ന് ടീച്ചറിന് വിശ്വാസമു ണ്ടായിരുന്നു. കണക്ക് പരീക്ഷയുടെ തലേന്ന് ഒരിക്കൽക്കൂടി ടീച്ചർ അടുത്ത് വിളിച്ചിരുത്തി.അവസാനവട്ട മിനുക്ക് പണിക്കെന്ന പോലെ. ഹിസ്റ്ററി പരീക്ഷ ഉച്ചയോടെ കഴിഞ്ഞിരുന്നു. വൈകുന്നേരം വരെ ടീച്ചർക്കൊപ്പമിരുന്നു. ബേസിക്‌സും മോഡൽ ക്വസ്റ്റ്യൻസും വീണ്ടും വീണ്ടും എനിക്ക് പറഞ്ഞു തന്നു. എനിക്ക് വേണ്ടി ടീച്ചർ എന്തിനാണ് ഇത്രയധികം എഫേർട്ട് എടുക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു.എന്നെ നന്നായിക്കാണാൻ ആഗ്രഹമുള്ള തുകൊണ്ടാണതെന്ന ബോധ്യം എന്നെ വന്ന് മൂടി. മനസ്സ് കൊണ്ട് ഒരായിരം വട്ടം ഞാൻ അവരെ വണങ്ങി.അവർക്ക് ജീവിതത്തിൽ നല്ലത് മാത്രം വരണേ എന്ന് പ്രാർത്ഥിച്ചു. എന്റെ ഓട്ടോഗ്രാഫ് ഞാൻ അവർക്ക് നേരെ നീട്ടി. ‘‘ക്ഷമ ശീലിക്കണം. കോപം നിയന്ത്രിക്കണം. പരിശ്രമം തുടരണം.നന്നായി വരും’’-അവർ ഓട്ടോഗ്രാഫിന്റെ വർണ്ണ താളിൽ എഴുതി.
പിറ്റേന്ന് രാവിലെ സ്‌കൂളിലെത്തിയ ഞാൻ ആദ്യം പോയത് ടീച്ചറുടെ അടുത്തേക്കാണ്.അനുഗ്രഹം വാങ്ങി.ശേഷം പരീക്ഷാ ഹോളിലേക്ക് ചെന്നു. ഒരു ചോദ്യത്തിന് മുന്നിൽ പോലും ഞാൻ പതറിയില്ല. പകപ്പോടെ ആലോചിച്ചിരുന്നില്ല. ക്ലാസിലെ ഒന്നാം റാങ്കുകാരൻ പരീക്ഷ എഴുതും പോലെ ഞാൻ ആസ്വദിച്ചെഴുതി. ടീച്ചർ അടുത്തിരുന്ന് ഉത്തരങ്ങളും ക്രിയകളും സൂത്രവാക്യങ്ങളും പറഞ്ഞു തരുന്ന പോലെ. പരീക്ഷ കഴിഞ്ഞപ്പോൾ സന്തോഷത്തോടെ ഞാൻ അവരെ തേടി ചെന്നു.ടീച്ചറുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്ന വിധം നന്നായി എഴുതാനായി എന്ന് പറയാനായിരുന്നു അത്.എന്നാൽ അവരെ അവിടെയെങ്ങും കണ്ടില്ല.നേരത്തെ പോയെന്നറിഞ്ഞു.അമ്മയെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴൊക്കെ ഉണ്ടാകുന്ന ഒരുതരം സങ്കടം എന്നെ വന്ന് പൊതിഞ്ഞു. ഒരുപക്ഷേ അതിനകം എന്റെ മനസ്സിൽ അവർക്ക് ഒരമ്മയുടെ സ്ഥാനം ലഭിച്ചിരിക്കാം. ഞാൻ നിറകണ്ണുകളോടെ സ്റ്റാഫ് റൂമിലെ ടീച്ചറുടെ ഇരിപ്പിടത്തിലേക്ക് നോക്കി.പിന്നെ അവിടെ നിന്നിറങ്ങി.
ഒരു പരീക്ഷ കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.അന്നും ടീച്ചറെ കാണാനൊത്തില്ല. മാസങ്ങൾക്ക് ശേഷം എസ് എസ് എൽ സിക്ക് തിളക്കമുള്ള വിജയം കരസ്ഥമാക്കി സഹപാഠികൾക്കൊപ്പം സ്‌കൂളിൽ ചെല്ലുമ്പോൾ നിറചിരിയോടെ ടീച്ചർ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.എൺപത്തഞ്ചു ശതമാനം മാർക്കോടെയാണ് ഞാൻ കണക്കിന് പാസായത്.
‘‘ശ്രമിച്ചാൽ നിനക്ക് നൂറ് ശതമാനവും നേടാം’’-അന്നവർ പറഞ്ഞു. ഈ വാക്കുകളുടെ ബലത്തിൽ,അവർ പകർന്ന് നൽകിയ പാഠങ്ങളുടെ കരുത്തിൽ ഞാൻ പ്ലസ് ടുവിന് സയൻസ് എടുത്തു. ബിരുദത്തിന് ഫിസിക്സ് എടുത്തു. കണക്കിനെ ഭയന്ന് പലരും ഉപരി പഠനത്തിന് സയൻസ് വിഷയങ്ങൾ എടുക്കാതെ പിന്മാറുന്നത് കാണുമ്പോഴും ആവേശത്തോടെ ഞാൻ സയൻസ് വിഷയങ്ങൾ എടുത്ത് പഠിക്കുകയായിരുന്നു. ഇനിയൊരിക്കലും കണക്കിൽ ഞാൻ തോറ്റ് പോകില്ലെന്ന് എനിക്കറിയാമായിരുന്നു. അല്ലെങ്കിൽ തോൽക്കാൻ പാടില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. സത്യത്തിൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ടീച്ചർ അന്ന് പരീക്ഷക്ക് ജയിക്കാനുള്ള വകയുണ്ടാക്കിത്തരിക മാത്രമല്ല ചെയ്തത് ഒരു ഉപജീവന മാർഗം ഉണ്ടാക്കിത്തരിക കൂടിയാണ് എന്ന യാഥാർഥ്യത്തിന് മുന്നിൽ ഞാൻ നിറമിഴികളോടെ നിന്ന് പോകാറുണ്ട്.
ഉപരിപഠനത്തിന്റെ തിരക്കുകളിൽ,തുടർന്ന് ജീവിതം തേടിയുള്ള യാത്രകളിൽ ആലുവാ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ആ സ്‌കൂളും ബിന്ദു ടീച്ചറുമെല്ലാം ദൂരത്തായി ഓർമകളുടെ ഓരത്തായി എന്നത് നേരാണ്.അത് എന്റെ വീഴ്ചയുമാണ്.ഞാൻ ഇടക്ക് അവിടെ ചെല്ലണമായിരുന്നു. ടീച്ചറെ കാണണമായിരുന്നു. ഏറ്റവും ചുരുങ്ങിയ പക്ഷം ആ നമ്പർ തേടിപ്പിടിച്ച് ഇടക്കൊന്ന് വിളിക്കുകയെങ്കിലും ചെയ്യണമായിരുന്നു. എന്നിൽ കുറ്റബോധം അലയടിക്കുന്നുണ്ട്. പക്ഷേ ടീച്ചർക്ക് അതിൽ പരിഭവമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. വാത്സല്യത്തിന്റെ സമുദ്രം ഉള്ളിലൊളിപ്പിച്ച അവർക്ക് ഒരിക്കലുമതിനാവില്ല...
ബിന്ദു ടീച്ചർ....ആദരവോടെ ഒരു ബിഗ് സല്യൂട്ട്...!