അറിയാത്ത ചോദ്യം കണ്ടാൽ ഭയക്കരുത്; ബയോളജി പരീക്ഷയിൽ വിജയിക്കാൻ 10 ടിപ്സ്
ഡോ.അബേഷ് രഘുവരൻ അസിസ്റ്റന്റ് പ്രഫസർ, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജീവശാസ്ത്രം പൊതുവെ കുട്ടികൾക്ക് പേടിയുള്ള വിഷയമല്ല. കാരണം മറ്റു സയൻസ് വിഷയങ്ങൾ പോലെ കടുകട്ടി ശാസ്ത്ര തത്വങ്ങളോ രാസപ്രവർത്ത നങ്ങളോ ഒന്നും ബയോളജിയിൽ ഇല്ല. മനസ്സിലാക്കി ഒന്നു വായിച്ചുപോയാൽ ത്തന്നെ
ഡോ.അബേഷ് രഘുവരൻ അസിസ്റ്റന്റ് പ്രഫസർ, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജീവശാസ്ത്രം പൊതുവെ കുട്ടികൾക്ക് പേടിയുള്ള വിഷയമല്ല. കാരണം മറ്റു സയൻസ് വിഷയങ്ങൾ പോലെ കടുകട്ടി ശാസ്ത്ര തത്വങ്ങളോ രാസപ്രവർത്ത നങ്ങളോ ഒന്നും ബയോളജിയിൽ ഇല്ല. മനസ്സിലാക്കി ഒന്നു വായിച്ചുപോയാൽ ത്തന്നെ
ഡോ.അബേഷ് രഘുവരൻ അസിസ്റ്റന്റ് പ്രഫസർ, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജീവശാസ്ത്രം പൊതുവെ കുട്ടികൾക്ക് പേടിയുള്ള വിഷയമല്ല. കാരണം മറ്റു സയൻസ് വിഷയങ്ങൾ പോലെ കടുകട്ടി ശാസ്ത്ര തത്വങ്ങളോ രാസപ്രവർത്ത നങ്ങളോ ഒന്നും ബയോളജിയിൽ ഇല്ല. മനസ്സിലാക്കി ഒന്നു വായിച്ചുപോയാൽ ത്തന്നെ
ഡോ.അബേഷ് രഘുവരൻ
അസിസ്റ്റന്റ് പ്രഫസർ, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല
ജീവശാസ്ത്രം പൊതുവെ കുട്ടികൾക്ക് പേടിയുള്ള വിഷയമല്ല. കാരണം മറ്റു സയൻസ് വിഷയങ്ങൾ പോലെ കടുകട്ടി ശാസ്ത്ര തത്വങ്ങളോ രാസപ്രവർത്ത നങ്ങളോ ഒന്നും ബയോളജിയിൽ ഇല്ല. മനസ്സിലാക്കി ഒന്നു വായിച്ചുപോയാൽ ത്തന്നെ ഉത്തരം എഴുതാൻ കഴിയുന്ന ചോദ്യങ്ങളാണ് ബയോളജി പരീക്ഷയിൽ ചോദിക്കാറുള്ളത്. പക്ഷേ, കൃത്യമായി മനസ്സിലാക്കി പഠിച്ചില്ലെങ്കിൽ പരസ്‌പരം മാറിപ്പോകുവാൻ സാധ്യതയുള്ള ചോദ്യങ്ങളും ബയോളജി ചോദ്യപേപ്പറിലുണ്ടാകും എന്നതും മറക്കാതിരിക്കുക.
എഴുതാൻ കൂടുതൽ വിവരങ്ങൾ ഉള്ളതിനാൽ ബയോളജി പരീക്ഷയ്ക്ക് സമയം തികയാതെ വരുന്നതായി കുട്ടികൾ പറയാറുണ്ട്. അതുകൊണ്ട് ഒരു മിനിറ്റുപോലും വെറുതെയിരുന്നു പാഴാക്കരുത്. ആദ്യത്തെ പതിനഞ്ചു മിനിറ്റ് സമാശ്വാസസമയം ചോദ്യങ്ങൾ വായിച്ചുനോക്കാനും ആത്മവിശ്വാസത്തോടെ ആ ചോദ്യങ്ങളുടെ ലോകത്തേക്ക് മനസ്സിനെ എത്തിക്കുവാനുമായി ഉപയോഗിക്കാം. നാം പഠിച്ചതും പഠിപ്പുരയിൽ വന്ന അധികവായനയുടെ ലേഖനങ്ങൾ വായിച്ചതുമൊക്കെ അപ്പോൾ നമ്മുടെ മനസ്സിൽ വരണം. അത്തരത്തിൽ ആ പതിനഞ്ചുമിനിറ്റ് നാം ബയോളജിയുടെ ലോകത്തു മാത്രമായിരിക്കണം. എന്നിട്ടു വേണം ഒരു പുഞ്ചിരിയോടെ ഓരോ ചോദ്യത്തിനും ഉത്തരം എഴുതാൻ തുടങ്ങാൻ.
ഉത്തരം എഴുതുമ്പോൾ, അത് മൂല്യനിർണയം നടത്തുന്ന അധ്യാപകനും നമ്മുടെ മനസ്സിൽ വരണം. അവർ നോക്കുമ്പോൾ നമ്മുടെ പേപ്പറിൽ എത്രമാത്രം അച്ചടക്കത്തോടെയും പൂർണമായും ഉത്തരങ്ങൾ എഴുതിയിട്ടുണ്ടെന്നും ചിത്രം ആവശ്യമെങ്കിൽ അത് അടയാളപ്പെടുത്തി വരച്ചിട്ടുണ്ടോ എന്നുമൊക്കെ നോക്കുമല്ലോ. അത്തരത്തിൽ അവർ പ്രതീക്ഷിക്കുന്നതുപോലെ എഴുതുവാൻ നാം ശ്രദ്ധിക്കുക. നമുക്ക് എന്തൊക്കെ അറിയാം എന്നതല്ല, അറിയാവുന്നത് എത്രമാത്രം ഭംഗിയായി എഴുതുന്നു എന്നതാണ് പ്രധാനം.
ബയോളജി ആകെ നാൽപതു മാർക്കിന്റെ പരീക്ഷയാണ്. ആദ്യത്തെ ആറു ചോദ്യങ്ങൾ ഒരു മാർക്കിന്റേതാണ്. അതിൽ അഞ്ചെണ്ണം എഴുതിയാൽ മതി. പിന്നെയുള്ള രണ്ടു മാർക്കിന്റെ 7 ചോദ്യങ്ങളിൽ ആറെണ്ണത്തിന് ഉത്തരം എഴുതണം. പിന്നീട് വരുന്ന മൂന്നു മാർക്കിന്റെ ഏഴു ചോദ്യങ്ങളിൽ അഞ്ചെണ്ണവും നാലു മാർക്കിന്റെ മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണവും എഴുതണം. ആകെ പതിനെട്ടു ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ടതുണ്ട്. ആദ്യത്തെ ഒന്നും രണ്ടും മാർക്കിന്റെ ചോദ്യങ്ങൾക്ക് പ്രധാനപ്പെട്ട പോയിന്റുകൾ മാത്രം എഴുതിയാൽ മതിയാകും. എന്നാൽ മൂന്നും നാലും മാർക്കിന്റെ ചോദ്യങ്ങളിൽ അതു പോരാ. കഴിയുന്നതും വിശദമായിത്തന്നെ എഴുതാൻ ശ്രമിക്കണം. നമ്മുടെ അധികവായന, ചിത്രങ്ങൾ, എന്നിവയൊക്കെ ഇവിടെയാണ് നമ്മെ സഹായിക്കാൻ പോകുന്നത്.
ഇനി പാഠങ്ങളിലേക്ക് ഒന്ന് എത്തിനോക്കിയാൽ, ‘സമസ്ഥിതിയ്ക്കായുള്ള രാസസന്ദേശങ്ങൾ’ എന്ന പാഠഭാഗം പ്രധാനപ്പെട്ടതാണ്. ഇവിടെ നമ്മൾ ഹോർമോണുകൾ, അന്തസ്രാവിഗ്രന്ഥികൾ, ഇൻസുലിൻ, ഗ്ളൂക്കഗോൺ, പ്രമേഹം, തൈറോയിഡ്, തൈമസ് ഗ്രന്ഥി, പിറ്റ്യൂറ്ററി ഗ്രന്ഥി, അഡ്രിനാലിൻ, ഓക്സിറ്റോസിന്, വാസോപ്രസിൻ, ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ, ഫിറമോണുകൾ, സസ്യഹോർമോണുകൾ എന്നിവയൊക്കെ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
‘അകറ്റിനിർത്താം രോഗങ്ങളെ’ എന്ന പാഠഭാഗത്തിൽ രോഗകാരികളായ സൂക്ഷ്മജീവികൾ, അവ പരത്തുന്ന രോഗങ്ങൾ എന്നിവയൊക്കെ ആണ് പ്രധാനം (മാർച്ച് 20 ലെ പഠിപ്പുരയിൽ അതിനെക്കുറിച്ച് ഈ ലേഖകന്റെ ലേഖനം ഉണ്ട്, അത് വായിക്കുക). ‘പ്രതിരോധത്തിന്റെ കാവലാൾ’ എന്ന പാഠഭാഗത്തിൽ രക്തത്തെക്കുറിച്ചുള്ള അറിവുകൾ, അതിലെ ഘടകങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, ലിംഫോസൈറ്റുകൾ, ആന്റിബയോട്ടിക്കുകൾ, സസ്യങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട പാഠങ്ങൾ (മാർച്ച് 18 ലെ പഠിപ്പുര നോക്കുക). ഇവ കൂടാതെ മറ്റു പാഠഭാഗങ്ങളിൽ പഠനത്തിനൊപ്പം അധികമായി കുറച്ചു വിവരങ്ങൾ കൂടി നമ്മുടെ പക്കൽ ഉണ്ടായിരിക്കണം.
പത്തു മന്ത്രങ്ങൾ..
നമുക്ക് അറിയാവുന്ന കാര്യങ്ങൾ ആണെങ്കിലും ഈ പത്തു മന്ത്രങ്ങൾ ബയോളജി പരീക്ഷയ്ക്ക് പോകുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം.
1. പരീക്ഷപ്പേടി വേണ്ട. നമുക്ക് നന്നായി അറിയാവുന്നത് മാത്രമേ ചോദിക്കൂ എന്ന ആത്മവിശ്വാസം മനസ്സിൽ സൂക്ഷിക്കുക.
2. മുൻപു പറഞ്ഞതുപോലെ, നിങ്ങൾക്ക് എന്ത് അറിയാം എന്നതല്ല, അത് എങ്ങനെ ഭംഗിയായി എഴുതുന്നു എന്നതാണ് പ്രധാനം. അതിനായി തയാറാവുക.
3. നിങ്ങൾക്ക് അറിയാത്ത ഏതെങ്കിലും ചോദ്യങ്ങൾ വന്നാൽ ഭയക്കരുത്. ആത്മവിശ്വാസത്തോടെ, അറിയാവുന്നത് എഴുതാൻ തുടങ്ങുക. ആ ആത്മവിശ്വാസം നിങ്ങൾക്ക് മറന്നുപോയ വിവരങ്ങളെ മനസ്സിലേക്ക് നൽകിയെന്നുവരാം.
4. ഒരു മാർക്കിന്റെ ചോദ്യങ്ങൾക്ക് വലിച്ചുവാരി ഉത്തരം എഴുതി സമയം കളയരുത്. ഒന്നോ രണ്ടോ വരി ഉത്തരം മാത്രമാണ് അതിനാവശ്യം.
5. മൂന്നും നാലും മാർക്കിന്റെ ഉത്തരങ്ങൾ നന്നായി പ്രസന്റ് ചെയ്യണം. പ്രധാനപ്പെട്ട പോയിന്റുകൾ, ചിത്രങ്ങൾ, ടേബിൾ വേണമെങ്കിൽ അത് എല്ലാം ചേർത്ത് എഴുതുമ്പോൾ മാർക്ക് കുറയ്ക്കാൻ തോന്നുകയില്ല.
6. ഓരോ ചോദ്യത്തിനും നാം പുസ്തകത്തിൽ പഠിച്ചതിനൊപ്പം അധികമായി വായിച്ച വിവരങ്ങളും ചേർക്കുക വഴി മുഴുവൻ മാർക്കും ഉറപ്പിക്കാനാവും.
7. ചോദ്യപേപ്പറിലെ ചിത്രങ്ങൾ പകർത്തിവച്ച് എന്തെങ്കിലും കാണിക്കാം എന്ന ചിന്ത വേണ്ട. പേപ്പർ മൂല്യനിർണയം നടത്തുന്നവർക്ക് ആ ഒറ്റക്കാര്യത്തിലൂടെ, നമുക്ക് ഒന്നും അറിയില്ല എന്ന് ഉറപ്പിക്കാൻ കഴിയും.
8. അശ്രദ്ധ പാടില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ പരീക്ഷ എഴുതുമ്പോൾ നാം ബയോളജിയുടെ ലോകത്തു മാത്രം ആയിരിക്കണം. ഉത്തരം നാമറിയാതെ നമ്മുടെ പേനത്തുമ്പിൽ വന്നോളും.
9. എല്ലാം എഴുതിയതിനുശേഷം ഒന്ന് വായിച്ചുനോക്കുന്നത് നല്ലതാണ്. അങ്ങനെ നോക്കുമ്പോൾ പിന്നെയും എന്തെങ്കിലും ചേർക്കാനോ ഒഴിവാക്കാനോ ഉണ്ടെങ്കിൽ അത് ചെയ്യാം. വേണമെങ്കിൽ പ്രധാന പോയിന്റുകൾ ഒന്ന് അടിവരയിട്ട് ഭംഗിയാക്കുകയുമാകാം.
10. അവസാനമായി, ബയോളജിയെ സ്നേഹിച്ചാൽ അതിലെ അറിവുകൾ എന്നും നിങ്ങളുടെ മനസ്സിൽ ഉണ്ടാവും. ഭയമേതുമില്ലാതെ, ആത്മവിശ്വാസത്തോടെ അവ മനസ്സിൽനിന്നു പേപ്പറിലേക്ക് പകർത്തിയെഴുതിയാൽ മാത്രം മതി. എല്ലാവർക്കും പ്രാർഥനകൾ.