ഇവന്‍ ഒരു നാള്‍ ഇന്ത്യയുടെ സ്റ്റീഫന്‍ ഹോക്കിങ് ആകും

വയസ്സ് 17. ഇതുവരെ വിധേയനായത് ഇരുപതോളം ശസ്ത്രക്രിയകള്‍ക്ക്. സെറിബ്രല്‍ പാൾസി എന്ന രോഗം തുഹിന്‍ ഡേയുടെ ശരീരത്തെ ഒരു വീല്‍ചെയറിലേക്ക് ഒതുക്കി. പക്ഷേ, ഈ കൊച്ചുമിടുക്കന്റെ സ്വപ്നങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ ഒരു രോഗത്തിനുമാകില്ല. കോസ്‌മോളജിയും കംപ്യൂട്ടര്‍ സയന്‍സും പഠിച്ച് സ്റ്റീഫന്‍ ഹോക്കിങ്ങിനെ പോലെ വലിയൊരു ഊര്‍ജതന്ത്രജ്ഞനാകണം എന്നാണ് ഈ കൊല്‍ക്കത്തക്കാരന്റെ ആഗ്രഹം.

പേന കടിച്ചു പിടിച്ച് തുഹിന്‍ എഴുതുകയും കംപ്യൂട്ടറും മൊബൈലും അടക്കമുള്ളവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ഏഴു വര്‍ഷമായി കംപ്യൂട്ടര്‍ സ്വയം പ്രവര്‍ത്തിപ്പിക്കുന്നു. സി, സി++, ജാവ, എച്ച്ടിഎംഎല്‍ ലാഗ്വേജുകള്‍ തുടങ്ങിയവയില്‍ മാസ്റ്റര്‍ പ്രോഗ്രാമിങ് പഠിക്കുന്നുണ്ട്. വൈകല്യങ്ങളോടു പട പൊരുതി നിരവധി കേന്ദ്ര, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കേന്ദ്ര ഗവണ്‍മെന്റ് 2012 ല്‍ മികച്ച ക്രിയേറ്റീവ് ചൈല്‍ഡ് പുരസ്‌കാരവും 2013ല്‍ എക്‌സെപ്ഷണല്‍ അച്ചീവ്‌മെന്റ് പുരസ്‌കാരവും നല്‍കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നാണു രണ്ടു പുരസ്‌കാരവും തുഹിന്‍ ഏറ്റുവാങ്ങിയത്. എന്‍സിഇആര്‍ടി സ്‌കോളറായി തിരഞ്ഞെടുക്കപ്പെട്ടു.

ഐഐടി ഖരഗ്പൂരിലേക്കു സീറ്റുറപ്പിക്കാന്‍ കോട്ടയില്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണു തുഹിന്‍ ഇപ്പോള്‍. മകന്റെ സ്വപ്നങ്ങള്‍ക്കു കൂട്ടായി അമ്മ സുജാത ഡേയും അച്ഛന്‍ സമരേന്‍ ഡേയും ഒപ്പമുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ തന്റെ ജോലി രാജി വച്ചാണ് സുജാത തുഹിന്റെ പരിശ്രമങ്ങള്‍ക്കു കൂട്ടായി സഞ്ചരിക്കുന്നത്.