Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയൻസ് വിട്ടു, എന്നിട്ടും റാങ്കോടെ ഐഐടിയിൽ

swathi-s-babu

ഐഐടി മദ്രാസില്‍ ഹ്യുമാനിറ്റിക്സ് ആൻഡ് സോഷ്യൽ സയൻസ് എൻട്രൻസ് എക്സാം (എച്ച്എസ്ഇഇ) എഴുതുമ്പോള്‍ സ്വാതി എസ്. ബാബു ഒരു ശാസ്ത്ര വിദ്യാർഥിയായിരുന്നു. ഹയര്‍ സെക്കന്‍ഡറിക്ക് ബയോമാത്‌സ് പഠിച്ചിട്ടും എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് കിട്ടിയതിന്റെ രഹസ്യം ഈ ആലപ്പുഴ പഴവീടുകാരിയോടു തന്നെ ചോദിക്കാം. ഐഐടി മദ്രാസിൽ ഇന്റഗ്രേറ്റഡ് എംഎ കോഴ്സിനു ചേരാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക. 

പരീക്ഷാഘടന
∙രണ്ടുഭാഗങ്ങളായി മൂന്നുമണിക്കൂറാണു പരീക്ഷ. ആദ്യ രണ്ടരമണിക്കൂർ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ. 

∙ഇതിൽ ഇംഗ്ലിഷ് ഗ്രാമർ, കണക്ക് എന്നിവ കൂടാതെ ചരിത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഹ്യൂമാനിറ്റിക്സ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു. കൂടാതെ ആനുകാലിക സംഭവങ്ങളെക്കുറിച്ചും പൊതുവിജ്ഞാനം സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. 

∙അരമണിക്കൂര്‍ വരുന്ന രണ്ടാംഭാഗത്തിൽ ഉപന്യാസ രചനയാണ്. മൂന്നു വിഷയങ്ങളും ഏതാനും ആശയങ്ങളും തരും. ഏതെങ്കിലുമൊരു വിഷയം തിരഞ്ഞെടുത്ത്, തന്നിരിക്കുന്ന ആശയങ്ങൾ ചേർത്തെഴുതണം.

തയാറെടുപ്പ് 
പഠിക്കേണ്ട വിഷയങ്ങളും മേഖലയും ആദ്യമേ തിരഞ്ഞെടുത്തു. പഴയ ചോദ്യക്കടലാസുകൾ പരിശോധിച്ചപ്പോൾ ഹ്യുമാനിറ്റീസ്, സാമൂഹികശാസ്ത്ര വിഷയങ്ങളിലെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങൾ കേന്ദ്രീകരിച്ചാണു കൂടുതല്‍ ചോദ്യങ്ങളുമെന്നു മനസ്സിലായി. പഠനത്തിനു ദിവസവും ഒരുമണിക്കൂറും അവധിദിവസങ്ങളിൽ കൂടുതൽ സമയവും ചെലവിട്ടു. 

കണക്ക്, ഇംഗ്ലിഷ് വ്യാകരണം എന്നിവയ്ക്ക് ഒരുങ്ങാന്‍ യുപിഎസ്‌സി പരീക്ഷാസഹായികളെ ആശ്രയിച്ചു. പരിശീലന കേന്ദ്രത്തില്‍ എഴുതിയ മാതൃകാപരീക്ഷകളും ഏറെ സഹായകമായി. മലയാളം, ഇംഗ്ലിഷ് പത്രവായന സമകാലിക വിഷയങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങളെയും ഉപന്യാസത്തെയും നേരിടാൻ സഹായിച്ചു. 

ശ്രദ്ധിക്കുക 
വിഷയങ്ങളെ ആഴത്തിൽ ഇഷ്ടപ്പെട്ടു കൊണ്ടായിരുന്നു പഠനം. അങ്ങനെ വന്നാൽ പഠനം എളുപ്പമാകും. ഇതുവരെ എന്താണു പഠിച്ചത് എന്നതൊന്നുമല്ല, എന്തിനുവേണ്ടി പഠിക്കുന്നു എന്നതാണു പ്രധാനം. ആ ലക്ഷ്യബോധം മനസ്സിലുറയ്ക്കണം. പിന്നെ വേണ്ടതു കഠിനാധ്വാനവും പരിശീലനവും. ലാഭേച്ഛ പ്രധാനമല്ലെങ്കിൽ സാമൂഹികസേവന രംഗം വലിയ സാധ്യതകളാണു തുറന്നിടുന്നത്. ഇതാണു ലക്ഷ്യം.