യുജിസി അംഗീകാരമുള്ള സർവകലാശാലകളുടെ ബിരുദങ്ങൾ അംഗീകരിക്കാൻ ധാരണ

തിരുവനന്തപുരം∙ യുജിസി അംഗീകാരമുള്ള സർവകലാശാലകളുടെയും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെയും ബിരുദങ്ങൾ ഉപാധികളില്ലാതെ സംസ്ഥാനത്തെ സർവകലാശാലകൾ അംഗീകരിക്കണമെന്നു ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ചു പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ച സമിതിയുടെ ആദ്യയോഗത്തിൽ ധാരണയായി.  ഇതിനായി യുജിസി മാർഗനിർദ്ദേശങ്ങളും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി അംഗത്വവും സർവകലാശാലകൾ പരിഗണിക്കണം. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായ ഐഐടികൾ, ഐസറുകൾ, എൻഐടികൾ എന്നിവയുടെ ബിരുദങ്ങൾക്ക്് അംഗീകാരവും തുല്യതയും സർവകലാശാലകൾ നൽകണം. സിലബസുകളുടെ തുല്യത സംബന്ധിച്ചു സംസ്ഥാനത്തെ സർവകലാശാലകൾ പിന്തുടരുന്ന വ്യത്യസ്ത മാനദണ്ഡങ്ങൾ കൂടുതൽ ചർച്ചയ്ക്കു വിധേയമാക്കണം. 

കമ്മിറ്റിയുടെ തീരുമാനം സർവകലാശാലകളുടെ വിവിധ സമിതികൾ പരിശോധിച്ച്്, അഭിപ്രായം കൗൺസിലിനെ അടുത്ത കമ്മിറ്റി യോഗത്തിനു മുമ്പ് അറിയിക്കും.ഇതിന്റെ അടിസ്ഥാനത്തിൽ, തുടർ ചർച്ചകളിലൂടെ, സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും സ്വീകാര്യമായ തുല്യതയും അംഗീകാരവും സംബന്ധിച്ച മാനദണ്ഡങ്ങൾ രൂപീകരിക്കാനാണ് തീരുമാനം. വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദങ്ങൾ ഇഗ്നോയുടെ മാനദണ്ഡങ്ങളനുസരിച്ചു വേണം അംഗീകരിക്കാൻ. അസോസിയേഷൻ ഓഫ് കോമൺവെൽത്ത്് യൂണിവേഴ്സിറ്റീസിന്റെയും ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റീസിന്റെയും അംഗീകാരമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റും സർവകലാശാലകൾ അംഗീകാരവും തുല്യതയും സംബന്ധിച്ച വിഷയങ്ങളിൽ പരിഗണിക്കണം. യോഗത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ,മെംബർ സെക്രട്ടറി ഡോ.രാജൻ വർഗീസ്,കെ.എച്ച്്. ബാബുജാൻ,ഡോ.ആർ.ശശികുമാർ, പ്രഫ.അലക്സാണ്ടർ.കെ.സാമുവൽ, പ്രഫ.കെ.കെ.വിശ്വനാഥൻ, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ.സി.അബ്്ദുൾ മജീദ് എന്നിവർ പങ്കെടുത്തു.