Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് ഫീസ് തിരികെ നൽകണം: യുജിസി

ugc

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്കു ഫീസ് തിരികെ നൽകണമെന്നും സർട്ടിഫിക്കറ്റുകൾ പിടിച്ചുവയ്ക്കരുതെന്നും യുജിസി വിജ്ഞാപനം. പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ അസൽ സർട്ടിഫിക്കറ്റുകൾക്കു പകരം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകിയാൽ മതി. പ്രവേശനസമയത്ത് പകർപ്പുമായി ഒത്തുനോക്കിയ ശേഷം സ്ഥാപന അധികൃതർ അസൽ സർട്ടിഫിക്കറ്റുകൾ തിരികെ നൽകണം. 

യുജിസി നിയമപ്രകാരം പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം വിജ്ഞാപനം ബാധകമാണെന്ന് മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ഒരു സ്ഥാപനത്തിൽ പ്രവേശനം നേടിയ ശേഷം മെച്ചപ്പെട്ട കോഴ്സുകൾക്കായി മറ്റു സ്ഥാപനങ്ങളിലേക്കു മാറാൻ ശ്രമിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്കാണു പ്രയോജനമുണ്ടാകുക. 2019–20 വിദ്യാഭ്യാസ വർഷം മുതൽ പ്രാബല്യം. 

പല വട്ടം മാനവശേഷി മന്ത്രാലയവും യുജിസിയും പുറപ്പെടുവിച്ച നിർദേശങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കാതെ വന്നതോടെയാണു വിജ്ഞാപനമിറക്കിയത്. മുഖ്യ വ്യവസ്ഥകൾ: 

  • സെമസ്റ്റർ ഫീസോ വാർഷിക ഫീസോ മാത്രമേ മുൻകൂർ വാ‌ങ്ങാവൂ. കോഴ്സ് ഫീസ് മുഴുവൻ വാങ്ങുന്നതിനു കർശന വിലക്ക്. 
  • 100% തിരികെ: പ്രവേശനത്തിനുള്ള അവസാന തീയതിക്കു 15 ദിവസമെങ്കിലും മുൻപു വിദ്യാർഥി പിൻവാങ്ങിയാൽ വാങ്ങിയ മുഴുവൻ ഫീസും സ്ഥാപനം തിരികെ നൽകണം. അടച്ച ഫീസിന്റെ 5 ശതമാനമോ പരമാവധി 5000 രൂപയോ പ്രോസസിങ് ഫീസ് ഈടാക്കാം. 
  • 90%: അവസാന തീയതിയാകാൻ 15 ദിവ‌സം ബാക്കിയില്ലെങ്കിൽ. 
  • 80%: അവസാന തീയതി കഴിഞ്ഞു 15 ദിവസത്തിനുള്ളിൽ. 
  • 50%: 16 മുതൽ 30 വരെ ദിവസത്തിനു ശേഷം 

പ്രവേശനത്തിനുള്ള അവസാന തീയതി കഴിഞ്ഞ് ഒരു മാസമായാൽ അടച്ച ഫീസ് തിരികെക്കിട്ടില്ല. എന്നാൽ, കോഷൻ മണിയും സെക്യൂരിറ്റി ഡിപ്പോസിറ്റും പൂർണമായും തിരികെക്കിട്ടും.  രേഖാമൂലം അപേക്ഷ ലഭിച്ചു 15 ദിവസത്തിനകം ഫീസ് തിരികെ നൽകണം. 

ugc-t

പ്രോസ്പക്ടസ് വാങ്ങേണ്ട

വിദ്യാർഥികൾ സ്ഥാപനത്തിന്റെ  വിവരപത്രിക വില കൊടുത്തു വാങ്ങേണ്ട. കോഴ്സ്, ഫീസ്, പ്രവേശന വിശദാംശങ്ങൾ, ഫാക്കൽറ്റി, സ്ഥാപനത്തിന്റെ വരുമാനമാർഗം, ഭര‌ണസമിതി, സാമ്പത്തിക ‌സ്ഥിതി, അഫിലിയേഷൻ, അ‌ക്രഡിറ്റേഷൻ തുട‌ങ്ങി ആ‌വശ്യമായ വിവരങ്ങളെല്ലാം വെബ്‌സൈറ്റിലുണ്ടാവണം. പരാതി പരിഹാരത്തിന് ആഭ്യന്തര സംവിധാനം നിർബന്ധം. ഇതും വെബ്‌സൈറ്റിൽ ലഭ്യമാക്കണം. 30 ദിവസത്തിനകം പരാതി തീർപ്പാക്കണം.