Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

azim-university-t

ബെംഗലൂരുവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസം, വികസനം എന്നിവയടക്കമുള്ള സാമൂഹിക മേഖലകളിലേക്ക് സംഭാവനകള്‍ നടത്താന്‍ തത്പരരായ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. എംഎ എജ്യുക്കേഷന്‍, എംഎ ഡവലപ്‌മെന്റ്, എംഎ പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ് എന്നീ ദ്വിവത്സര ബിരുദാനന്തരബിരുദ കോഴ്‌സുകളും എല്‍എല്‍എം ഇന്‍ ലോ ആന്‍ഡ് ഡവലപ്‌മെന്റില്‍ ഒരു വര്‍ഷത്തെ കോഴ്‌സുമാണ് സര്‍വകലാശാല നടത്തുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തരായ പ്രഫഷണലുകളെ സൃഷ്ടിക്കുകയാണ് ഈ കോഴ്‌സുകളുടെ ലക്ഷ്യം. 

അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്ന കോര്‍ കോഴ്‌സുകള്‍, നൂറിലധികം ഇന്റര്‍ഡിസിപ്ലിനറി, പ്രമേയാധിഷ്ഠിത ഇലക്ടീവുകള്‍, കോഴ്‌സുകളുടെ ഘടന നിശ്ചയിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഇന്‍ഡിപെന്‍ഡന്റ് സ്റ്റഡി ഓപ്ഷന്‍ എന്നിങ്ങനെ പ്രത്യേക പഠനാനുഭവം ഒരുക്കുന്നതാണ് സര്‍വകലാശാലയുടെ കരിക്കുലം. എല്ലാ ആഴ്ചകളിലും പ്രാക്ടിക്കലുകള്‍, ഫീല്‍ഡ് വിസിറ്റുകള്‍, ഫീല്‍ഡ് ഗവേഷണം, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍, സ്വതന്ത്ര ഫീല്‍ഡ് പ്രോജക്ടുകള്‍ തുടങ്ങിയവയും കോഴ്‌സിന്റെ ഭാഗമാണ്. ശില്‍പശാലകള്‍, സെമിനാറുകള്‍, ഗെസ്റ്റ് ലക്ചറുകള്‍, ക്യാംപസില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ തുടങ്ങിയവയിലൂടെയും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരങ്ങള്‍ തുറന്നിടുന്നു. 

പ്രതികൂല ചുറ്റുപാടുകളില്‍ നിന്നു വരുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളുടെ വിദ്യാഭ്യാസം, വരുമാനം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പും മറ്റ് സാമ്പത്തിക സഹായങ്ങളും അസിം പ്രേംജി സര്‍വകലാശാല നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷത്തിലധികം തൊഴില്‍ പരിചയമുള്ള വര്‍ക്കിങ്ങ് പ്രഫഷണലുകള്‍ക്ക് 50 ശതമാനം ഇളവ് ട്യൂഷന്‍ ഫീസില്‍ ലഭിക്കും. 

വിവിധ വിഷയങ്ങളുടെ സങ്കീര്‍ണ്ണതയും അവയില്‍ ഇടപെടാന്‍ ആവശ്യമായ കാര്യക്ഷമതയും പരിഗണിക്കുമ്പോള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ, വികസന മേഖലകളില്‍  സുസജ്ജരും പ്രതിജ്ഞാബദ്ധരുമായ ബിരുദധാരികളുടെ വലിയ ആവശ്യകതയുണ്ടെന്ന് അസിം പ്രേംജി സര്‍വകലാശാല ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ എസ്. ഗിരിധര്‍ അഭിപ്രായപ്പെടുന്നു. മത്സരക്ഷമതയുള്ളവരും പ്രചോദിതരുമായ ബിരുദധാരികളെ ഇതിനായി തയ്യാറാക്കി സാമൂഹിക മേഖലയിലേക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ അവരെ പ്രാപ്തരാക്കുകയാണ് അസിം പ്രേംജി സര്‍വകലാശാലയുടെ ഈ ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

പ്രവേശന പ്രക്രിയയും തീയതികളും: വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലെമ്പാടുമുള്ള 30 കേന്ദ്രങ്ങളില്‍ 2019 ഫെബ്രുവരി 10ന് നടത്തുന്ന എഴുത്തു പരീക്ഷയുടെയും തുടര്‍ന്ന് 2019 മാര്‍ച്ചില്‍ നടത്തുന്ന വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അപേക്ഷാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ബിരുദാനന്തരബിരുദ, എല്‍എല്‍എം പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2019 ജനുവരി 26. 

തൊഴിലവസരങ്ങളും പ്ലേസ്‌മെന്റ് സഹായവും: സാമൂഹിക മേഖലയിലും, എന്‍ജിഒകളിലും, കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത വകുപ്പുകളിലും, ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈവിധ്യമാര്‍ന്ന ജോലികളാണ് പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുക. ഇതേ വരെ പഠിച്ചിറങ്ങിയ ബിരുദാനന്തരബിരുദ കോഴ്‌സിലെ ആറു ബാച്ചുകള്‍ക്ക് മികച്ച ക്യാംപസ് പ്ലേസ്‌മെന്റ് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  തൊണ്ണൂറോളം സ്ഥാപനങ്ങള്‍ എല്ലാ വര്‍ഷവും ഇവിടെ പ്ലേസ്‌മെന്റിനായി എത്തുന്നു. സമര്‍പ്പിത ക്യാംപസ് പ്ലേസ്‌മെന്റ് സെല്ലുകള്‍ തൊഴിലവസരങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നു. സാമൂഹിക സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കുന്ന ചില ബിരുദധാരികളും ഉണ്ട്. 

വിലാസം:അസിം പ്രേംജി സര്‍വകലാശാല, പിക്‌സല്‍ പാര്‍ക്ക്, ബി ബ്ലോക്ക്, പിഇഎസ് ക്യാംപസ്, ഇലക്ട്രോണിക്‌സ് സിറ്റി, ഹൊസൂര്‍ റോഡ്, ബെംഗലൂരൂ 560100.

ടോള്‍ ഫ്രീ ഹെല്‍പ്‌ലൈന്‍: 1800 843 2001

ഇമെയില്‍: admissions@apu.edu.in

വെബ്‌സൈറ്റ്: www.azimpremjiuniversity.edu.in/pg