ഉണരൂ മഹാരാജാസ്

പേരുപോലെ  രാജകീയമാണ് മഹാരാജാസ് കോളജിന്റെ പാരമ്പര്യ പെരുമ. മഹാരഥൻമാരായ  അധ്യാപക പ്രമുഖരുടെ നീണ്ട നിര, വിവിധ മേഖകളിൽ  രാജ്യാന്തര തലത്തിൽ വരെ പേരുകേട്ടവരായി വളർന്ന വിദ്യാർഥികൾ. സാധാരണക്കാരായ  കുട്ടികളെ സ്വപ്നം കാണാനും  സാധ്യതകളുടെ വിശാലമായ ലോകത്തേക്കു  സൗഹൃദത്തിന്റെ കൈപിടിച്ചു വളർത്താനും പഠിപ്പിച്ച സർക്കാർ കലാലയം. 

വിദ്യാർഥി രാഷ്ട്രീയത്തിന്റെ  വിളനിലമായിരിക്കുമ്പോഴും മഹാരാജാസിനു കളങ്കം ചാർത്തുന്നതു  സംഘർഷങ്ങളും  തെറ്റായ പ്രവൃത്തികളുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു വിദ്യാർഥിയുടെ കൊലപാതകത്തിൽ കലാശിച്ച ആക്രമണം. ഈ പ്രതിസന്ധിയെ മറികടന്നു പുതിയ പ്രതാപത്തിലേക്കു വളരാൻ വേണ്ടതെന്ത്? മഹാരാജാസിലെ  മുൻ അധ്യാപകരും  പൂർവ വിദ്യാർഥികളും പ്രതികരിക്കുന്നു. 

നമുക്കു വേണ്ട ഹിംസയുടെ നാളുകൾ
ഡോ.എം. ലീലാവതി 

മഹാരാജാസിലെ വായു ശ്വസിച്ചു നാലു വർഷം പഠിക്കുകയും 18 വർഷം പഠിപ്പിക്കുകയും ചെയ്ത എനിക്കു കഴിഞ്ഞ ദിവസത്തെ സംഭവങ്ങളോർക്കുമ്പോൾ നെഞ്ചുരുകുന്നു. ദാരുണമായ ആക്രമണത്തിൽ മരിച്ച അഭിമന്യുവിന്റെ അമ്മയെത്തന്നെ ഓർത്തിരിക്കുകയാണു ഞാൻ. എങ്ങനെയാണ് അമ്മമാർ ഇത്തരം അവസ്ഥകളെ അതിജീവിക്കുക? കയ്യോ കാലോ വളരുന്നതെന്നു നോക്കി മക്കളെ പോറ്റിവളർത്തി സ്വപ്നങ്ങളിൽ ജീവിച്ചുപോന്ന അമ്മയ്ക്കു പെട്ടെന്നൊരു നാൾ കുത്തേറ്റു രക്തം വാർന്നൊഴുകുന്ന ജഡമായിട്ടാണു മകൻ തിരിച്ചെത്തുന്നതെന്നറിയുമ്പോഴുള്ള അവസ്ഥയോർക്കുമ്പോൾ എല്ലാ അമ്മമാരും നടുങ്ങിത്തെറിക്കുന്നു. ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതേയെന്നു കേഴുന്നു. 

എത്രയോ പ്രഗത്ഭർ പഠിച്ചിറങ്ങിയ, എത്രയോ മഹത്തുക്കൾ അധ്യാപകരായിരുന്ന ക്യാംപസാണിത്. ആ പേരും പെരുമയും ഇത്തരം സംഭവങ്ങളിൽ നശിച്ചു പോകരുത്. പഴയകാല പ്രതാപത്തിലേക്കു മഹാരാജാസ് കോളജിനെ തിരികെ കൊണ്ടുപോകാൻ കൂട്ടായ ആലോചനകൾ വേണം. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കൾ ഒരുമിച്ചിരുന്നു ഒരു തീരുമാനമെടുത്താൽ കുട്ടികൾ ബലി മൃഗങ്ങളാകുന്ന ഈ അവസ്ഥയ്ക്കൊരു അറുതി വരില്ലേ? രാഷ്ട്രീയത്തിൽ വാക്കുകൊണ്ടുള്ള പോരല്ലാതെ ആയുധം കൊണ്ടുള്ള പോര് അനുവദിക്കില്ലെന്നു എല്ലാ രാഷ്ട്രീയ കക്ഷികളും തീരുമാനിച്ചാൽ സമാധാനം കിട്ടില്ലേ? രക്തസാക്ഷികളെ കൊണ്ടു സംഘടനാ ശക്തി വർധിപ്പിക്കാമെന്ന ക്രൂരമായ നിനവു നേതാക്കൾ കൈവെടിഞ്ഞാൽ കലാലയ രാഷ്ട്രീയം ഹിംസയിലേക്കു വഴുതുകയില്ലെന്നാണെന്റെ തോന്നൽ. വിരുദ്ധ ചേരിയിലുള്ള വിദ്യാർഥി നേതാക്കളെ ഇടയ്ക്കിടെ ഒരുമിച്ചിരുത്തി ക്യാംപസ് വികസനം ഉൾപ്പെടെയുള്ള പൊതുകാര്യങ്ങൾ ചർച്ച ചെയ്യാൻ കോളജ് അധികൃതർ വേദിയൊരുക്കണം. കാലക്രമേണ ഇതു സൗഹൃദ കൂട്ടായ്മയായി മാറണം. ഹിംസയുടെ രാഷ്ട്രീയം ജനാധിപത്യ വിരുദ്ധമാണ്. അതു വളരാൻ അനുവദിക്കരുത്. 

ഇതല്ല, വിദ്യാർഥി രാഷ്ട്രീയം
സലിം കുമാർ

അഭിമന്യുവിന്റെ അമ്മയുടെ തേങ്ങൽ സഹിക്കാനാവുന്നില്ല. എന്റെ മകന്റെ സ്ഥാനത്തു തന്നെയാണു ഹൈറേഞ്ചിലെ പാവപ്പെട്ട വീട്ടിൽ നിന്നെത്തിയ ആ പാവപ്പെട്ട കുട്ടിയെയും കാണുന്നത്. മൂന്നു വർഷക്കാലം ഞാൻ പഠിച്ച ക്യാംപസാണ് മഹാരാജാസ്.  പക്ഷേ, എന്റെ മകൻ ആരോമൽ അവിടെ പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതിൽ നിന്നു ഞാൻ പിന്തിരിപ്പിക്കുകയായിരുന്നു. കാരണം ഞാൻ പഠിച്ച കാലത്തെ മഹാരാജാസല്ല ഇപ്പോൾ. എത്ര നിസാരമായ കാര്യത്തിനാണു വിലമതിക്കാനാവാത്ത ഒരു ജീവൻ പൊലിഞ്ഞത്. ഒരു മതിലിലെ ചുവരെഴുത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്താൽ തേഞ്ഞുപോകുന്നതല്ല ഒരു സംഘടനയുടെയും മഹത്വമെന്ന് ഇവർ എന്തുകൊണ്ടു തിരിച്ചറിയുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് അടിപിടിയൊക്കെ മുൻപും ഉണ്ടാവാറുണ്ട്. എന്നാൽ എല്ലാവരും ഒരുമയോടെ പുതിയ കുട്ടികളെ വരവേൽക്കേണ്ട സമയത്താണ് ഇങ്ങനെയൊരു ആക്രമണം. ഇതാണു വിദ്യാർഥി രാഷ്ട്രീയമെങ്കിൽ നമ്മുടെ കുട്ടികൾക്ക് ഇത് ആവശ്യമില്ല. ‍ഞങ്ങളുടെ കാലത്തൊന്നും ഇതായിരുന്നില്ല മഹാരാജാസ്. എല്ലാവരെയും  ഉൾക്കൊള്ളുന്ന, കരുതുന്ന, എല്ലാത്തിനും മുകളിൽ സൗഹൃദമുള്ള ക്യാംപസായിരുന്നു. ഇപ്പോഴത്തെ അപകടകരമായ ഈ പ്രവണതകളിൽ നിന്നു ക്യാംപസിനെ രക്ഷിക്കാൻ കൂട്ടായ ആലോചനയും  ശ്രമവും വേണം.

കൂട്ടായ ശ്രമങ്ങൾക്ക് പിന്തുണ
ഡോ. കെ.ആർ. വിശ്വംഭരൻ
പ്രസിഡന്റ്, മഹാരാജാസ് കോളജ് പൂർവ വിദ്യാർഥി സംഘടന

അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്താനും കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പദ്ധതികൾ മഹാരാജാസ് കോളജിൽ നടപ്പാക്കി വരികയാണ്. അതിനിടെയാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ. മഹാരാജാസിൽ  വിദ്യാർഥി രാഷ്ട്രീയം എന്നും സജീവമായിരുന്നു. അതിൽ പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടാവുമ്പോഴാണ് അപകടകരമാവുന്നത്. കഴിഞ്ഞ ദിവസം സംഭവിച്ചതും ഇതാണ്. 

ഇത്തരം ബാഹ്യ ഇടപെടലുകൾ അവസാനിപ്പിക്കാനുള്ള നടപടികളാണ് ആദ്യം വേണ്ടത്. തീവ്ര സ്വഭാവമുള്ള സംഘടനകൾ എങ്ങനെ ക്യാംപസിൽ സ്വാധീനം ചെലുത്തുന്നുവെന്നതും കാര്യമായി പരിശോധിക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും മറികടക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കു പൂർവ വിദ്യാർഥി സംഘടനയും ഒപ്പമുണ്ടാവും. അതിനായി പ്രിൻസിപ്പലുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.

ആത്മപരിശോധന അനിവാര്യം
ഡോ.കെ.എസ്. രാധാകൃഷ്ണൻ

മഹാരാജാസിൽ ഏഴു വർഷം വിദ്യാർഥിയും 23 വർഷം അധ്യാപകനുമായിരുന്ന കാലത്തൊന്നും ഇതുപോലെ ദാരുണമായ സംഭവം  ഓർമയിലില്ല. അഭിപ്രായ വ്യത്യാസമുള്ളൊരാളെ കൊന്നു വകവരുത്തുന്ന ക്രൂരതയ്ക്ക് ഒരു ന്യായീകരണവുമില്ല. വിയോജിപ്പുകളോടു സംവദിക്കേണ്ടത് ആയുധം കൊണ്ടല്ല, ആശയം കൊണ്ടാണ്. 

1972–കാലത്തു കെഎസ്‌യു അവിടെ ഏറ്റവും ശക്തമായിരുന്ന കാലത്താണ് ഏഴു പേരുമായി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ എഐഎസ്എഫും വിരലിലെണ്ണാവുന്ന ആൾക്കാരുമായി അഹമ്മഹ് കബീറിന്റെ നേതൃത്വത്തിൽ എംഎസ്എഫും കെഎസ്‌സിയും രാഷ്ട്രീയമില്ലാത്തവരുടെ സ്വതന്ത്ര വിദ്യാർഥി സംഘടനയുമെല്ലാം അവിടെ  പ്രവർത്തിച്ചത്. ക്രമേണ മറ്റു വിദ്യാർഥി സംഘടനകൾക്കു പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധമായ ഏകാധിപത്യ പ്രവണത ശക്തിപ്രാപിക്കുകയായിരുന്നു.  ഏതു സംഘടനയെക്കാളും വലുപ്പം ഈ ക്യാംപസിനുണ്ടെന്നു  തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ പ്രശ്നമാണിത്.

ജനാധിപത്യപരമായ സംഘടനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നിടത്താണു വർഗീയ സംഘടനകൾ ശക്തിപ്രാപിക്കുന്നതെന്ന കാര്യം മറക്കരുത്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ആത്മപരിശോധന നടത്തണം. കവാടത്തിലെ ആ സ്വാഗത ബോർഡിൽ നിന്നു തന്നെ തിരുത്തൽ ആരംഭിക്കട്ടെ. വിദ്യാർഥികളുടെ രാഷ്ട്രീയത്തിൽ അധ്യാപകർ ഇടപെടാതിരിക്കാനുള്ള വിവേകം മുൻപത്തെ അധ്യാപർക്കുണ്ടായിരുന്നു. 

അടിയന്തരാവസ്ഥയ്ക്കു ശേഷമാണു വിദ്യാർഥി സംഘടനകൾക്കു വേണ്ടി നോട്ടിസും ലേഖനവും എഴുതി നൽകി അധ്യാപകർ ഈ വിവേകം തകർത്തത്. ഇപ്പോൾ അധ്യാപക രാഷ്ട്രീയത്തിന്റെയും ഇരകളാവുന്നു വിദ്യാർഥികൾ. പഠനത്തിൽ മാത്രമല്ല, ക്യാംപസിലെ അസഹിഷ്ണുതകളിലും  വിദ്യാർഥികളെ തിരുത്താൻ കഴിവും സ്വീകാര്യതയുമുള്ളവരാവണം അധ്യാപകർ. 

ബാഹ്യ ഇടപെടൽ ഉണ്ടാവരുത്
ബിജു നാരായണൻ

മഹാരാജാസിൽ ഞാൻ പഠിച്ച ഏഴു വർഷക്കാലത്തിനിടെ ചെറിയ ഉന്തും തള്ളുമൊക്കെ ഉണ്ടാവുമെന്നല്ലാതെ ഒരാളുടെ ജീവനെടുക്കുന്ന തരത്തിൽ തീവ്രമായിരുന്നില്ല ക്യാംപസ് രാഷ്ട്രീയം. വിദ്യാർഥികൾക്കു രാഷ്ട്രീയ നിലപാടുകൾ ഉണ്ടാവുന്നതു നല്ലതു തന്നെ. പക്ഷേ, വിദ്യാഭ്യാസത്തിനും മുകളിലാവരുത് അതിന്റെ സ്ഥാനം. ഇങ്ങനെ തീവ്രവുമാവരുത്.

 ക്യാംപസ് രാഷ്ട്രീയത്തിൽ പുറത്തു നിന്നുള്ള ഇടപെടലുകൾ കർശനമായി തടയണം. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സ്വയം തിരുത്തൽ വരുത്തിയേ മതിയാവൂ. ഒരു കൂട്ടർ പുറത്തു നിന്നുള്ളവരുടെ സഹായം തേടി കരുത്തു കാട്ടുമ്പോഴാണ് ബദലായും ഇതേ മാർഗം സ്വീകരിക്കപ്പെടുന്നത്. അതു പൂർണമായും ഒഴിവാക്കണം.

സങ്കടകരമാകരുത് ക്യാംപസ് കാലം
ടിനി ടോം

ജീവിതത്തിൽ ഏറ്റവും സുന്ദരമായ കാലഘട്ടങ്ങളിലൊന്നാണു ക്യാംപസ് ജീവിതം. ഏതാനും വർഷങ്ങൾ മാത്രം നീളുന്ന ആ നല്ല കാലത്തെ ഇങ്ങനെ സങ്കടകരമാക്കരുത്. ക്യാംപസ് രാഷ്ട്രീയം ശത്രുതയ്ക്കുള്ള വഴിയല്ലെന്ന തിരിച്ചറിവ് അതിന്റെ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടാവണം. വ്യത്യസ്ത ആശയങ്ങളോടെ തന്നെ ഒരുമിച്ചു പ്രവർത്തിക്കാനുള്ളതാവണം ഒരേ കോളജിലെ സഹപാഠികളുടെ രാഷ്ട്രീയം. മഹാരാജാസ് പോലൊരു കലാലയത്തിൽ പഠിക്കാൻ അവസരം ലഭിച്ചു എന്നതിന്റെ മഹത്വം എത്ര വലുതാണെന്നു പിന്നീടാവും തിരിച്ചറിയുക. അതിനെ മറക്കാനാഗ്രഹിക്കുന്ന ഒരു ഓർമയാക്കി മാറ്റരുത്. വീണ്ടും അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും സൗഹാർദത്തോടെ  മുന്നോട്ടു പോകാനുമുള്ള അന്തരീക്ഷം കോളജ് അധികൃതരുടെ നേതൃത്വത്തിൽ  തന്നെ ഒരുക്കണം. 

ജാഗ്രത പുലർത്തണം
സിഐസിസി ജയചന്ദ്രൻ

സാധാരണക്കാരുടെ മക്കൾക്ക് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സൗകര്യം നൽകുന്ന ഒരു ക്യാംപസിനെ ഭയപ്പെടുത്തി നാശത്തിലേക്കു നയിക്കാനുള്ള ആസൂത്രിതമായ നീക്കമാണു കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം. മഹാരാജാസിനെ സ്നേഹിക്കുന്ന എല്ലാവരും സംയുക്തമായി അതിനെ ചെറുത്തു തോൽപിക്കണം. പ്രിൻസിപ്പലിന്റെ കസേര കത്തിക്കൽ സംഭവത്തിന്റെ  നാണക്കേടിൽ നിന്നു കഴിഞ്ഞ കുറച്ചു കാലത്തിനിടെ ക്യാംപസ് വളരെ മാറിയിരുന്നു. മികച്ച വിദ്യാർഥികളാണ് ഇവിടെ പ്രവേശനം നേടുന്നത്. പരീക്ഷകളിൽ ഒന്നാംതരം വിജയവും ഇവിടുത്തെ വിദ്യാർഥികൾ നേടുന്നു. അതിനിടെയാണ് നല്ല മുന്നേറ്റങ്ങൾക്കു തുരങ്കം വയ്ക്കുന്ന ഇത്തരം സംഭവം. അത് ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത കോളജും പൊതു സമൂഹവും പുലർത്തേണ്ടതുണ്ട്.