ഉച്ചഭക്ഷണം, കോഴിമുട്ട, സ്‌കൂള്‍ ബസ്, സൗജന്യ പുസ്തകം, എന്‍ട്രന്‍സ് കോച്ചിങ്ങ്... പുതിയ കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാന്‍ ഇങ്ങനെ പല വാഗ്ദാനങ്ങളും സ്‌കൂളുകള്‍ നല്‍കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ഒരു സ്‌കൂള്‍ അതുക്കും മേലെ നില്‍ക്കുന്ന ഒരു ഓഫറാണ് പുതുതായി അഡ്മിഷനെടുക്കുന്ന കുട്ടികള്‍ക്ക് നീട്ടിയത്. ആദ്യമായി ചേരുന്ന ചെയ്യുന്ന പത്ത് കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ്ണ നാണയം, അയ്യായിരം രൂപ, രണ്ട് സെറ്റ് സൗജന്യ യൂണിഫോം എന്നീ സമ്മാനങ്ങളാണ് കോണാര്‍പാളയം പ്രൈമറി സ്‌കൂള്‍ വാഗ്ദാനം ചെയ്തത്.
എന്തായാലും സ്‌കൂളിന്റെ സ്പെഷൽ ഓഫറിന് ഫലമുണ്ടായി. എട്ടു കുട്ടികള്‍ ഇതിനെ തുടര്‍ന്ന് പുതുതായി സ്‌കൂളില്‍ ചേരാനെത്തി. 1996ല്‍ 165 വിദ്യാര്‍ത്ഥികളുമായിട്ടാണ് ഗ്രാമത്തില്‍ ഈ സ്‌കൂള്‍ ആരംഭിക്കുന്നത്. വിളനാശത്തെ തുടര്‍ന്ന് ഗ്രാമീണരെല്ലാം മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്തതോടെയാണ് സ്‌കൂളിന്റെ കഷ്ടകാലം തുടങ്ങിയത്. ആദ്യം അത് 10 വിദ്യാര്‍ത്ഥികളായി കുറഞ്ഞു. ഗ്രാമത്തിലെ ജനസംഖ്യ 65 കുടുംബങ്ങളായി ചുരുങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. അങ്ങനെ വിദ്യാര്‍ത്ഥികളുടെ എണ്ണം അഞ്ചായി.
പത്ത് കുട്ടികളില്‍ കുറവുള്ള സ്‌കൂളുകള്‍ ഗവണ്‍മെന്റ് അടച്ച് പൂട്ടാന്‍ തുടങ്ങിയതോടെയാണ് സ്‌കൂളിനെ രക്ഷിക്കാന്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് ചന്ദ്രകുമാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ആദ്യം ഗ്രാമീണരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ വച്ച് ഗ്രാമത്തിലെ ബിസിനസ്സുകാരനായ ശേഖര്‍ ഒരു ഗ്രാമിന്റെ സ്വര്‍ണ്ണനാണയം സ്‌കൂളിനു വേണ്ടി സ്‌പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ട് വന്നു. ഗ്രാമത്തലവന്‍ ശെല്‍വരാജ് 10 കുട്ടികള്‍ക്ക് 5000 രൂപ സമ്മാനത്തുക നല്‍കാമെന്നും ഏറ്റു. അതോടെ ഈ ആശയം വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ഹെഡ്മാസ്റ്റര്‍ നടപ്പാക്കുകയായിരുന്നു.
ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളുള്ള സ്‌കൂളില്‍ ഹെഡ്മാസ്റ്റെ കൂടാതെ ഒരു അധ്യാപിക കൂടിയുണ്ട്. കര്‍ഷകരുടെയും ദിവസവേതനക്കാരുടെയും മക്കളാണ് ഇവിടെ പഠിക്കാന്‍ എത്തുന്നതില്‍ ഏറെയും. കുട്ടികളെ ആകര്‍ഷിക്കാന്‍ മ്യൂസിക്, യോഗ ക്ലാസുകള്‍ തുടങ്ങിയ പരിപാടികള്‍ ഹെഡ്മാസ്റ്റര്‍ നേരത്തെ നടപ്പാക്കിയിരുന്നു.