Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാറ്റിസ്‌റ്റിക്‌സിലെ സാധ്യതകൾ

Chart

ചോദ്യം:പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ്. സ്റ്റാറ്റിസ്റ്റിക്സിനെപ്പറ്റിയും ഇതിന്റെ ജോലിസാധ്യതയെക്കുറിച്ചും അറിയാൻ താൽപര്യമുണ്ട്.

വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്‌ത്, സംഖ്യകളുടെ രൂപത്തിൽ അവതരിപ്പിക്കുന്നതിനായി ഗണിതതത്വങ്ങൾ ശാസ്‌ത്രീയമായി പ്രയോഗിക്കുന്നതാണ് സ്‌റ്റാറ്റിസ്‌റ്റിക്‌സ്. സാംപ്ലിങ്ങും വിശകലനവും അടിസ്‌ഥാനമാക്കിയുള്ള സ്‌ഥിതിവിവരക്കണക്കുകളിൽ നിന്നു പ്രയോജനകരമായ നിഗമനങ്ങളിലെത്തുന്നു.

നാടിന്റെ വികസനം ആസൂത്രണം ചെയ്യുന്നതിന്റെ അടിത്തറ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആണ്. ഗണിതവാസനയും സംഖ്യകളോടു സ്‌നേഹവും അപഗ്രഥനബുദ്ധിയും ഉള്ളവർക്കു യോജിച്ച പഠനമേഖലയായ ഇതിൽ ഗവേഷകരെ കിട്ടാത്ത അവസ്‌ഥ പോലുമുണ്ട്. 

സ്റ്റാറ്റിസ്റ്റിക്സിൽ ഉന്നതയോഗ്യതകൾ നേടുന്നവർക്ക്, ഒട്ടേറെ അവസരങ്ങളാണു നിലവിലുള്ളത്.

ധനശാസ്‌ത്രം, പ്ലാനിങ്, പൊതുജനാരോഗ്യം, ബയളോജിക്കൽ സയൻസസ്,  സെൻസസ്, ജനസംഖ്യാപഠനം, വ്യവസായോൽപന്നങ്ങളുടെ ഗുണനിയന്ത്രണം (സ്‌റാറ്റിസ്‌റ്റിക്കൽ ക്വാളിറ്റി കൺട്രോൾ) തുടങ്ങി ഐടി, പഠനസർവേകൾ എന്നിവിടങ്ങളിൽ വരെ സ്റ്റാറ്റിസ്റ്റിക്സിന്റെ സാധ്യതകൾ നിലനിൽക്കുന്നു.

കപ്പൽച്ചേതം, തീപിടിത്തം, രോഗങ്ങൾ, അപകടങ്ങൾ തുടങ്ങിയവയുടെ സാധ്യതകളും മറ്റും സ്‌റ്റാറ്റിസ്‌റ്റിക്കൽ തത്വങ്ങൾ അടിസ്ഥാനപ്പെടുത്തി നിർണയിക്കാം. ഐടി സംബന്ധമായ ഡേറ്റാ വെയർ ഹൗസിങ്, ബിസിനസ് ഇന്റലിജൻസ് തുടങ്ങിയവയ്‌ക്കും സ്‌റ്റാറ്റിസ്‌റ്റിക്‌സ് വേണം. പൊതുജനാരോഗ്യ സംരക്ഷണത്തിനു ബയോ സ്‌റ്റാറ്റിസ്‌റ്റിക്‌സ് വേണം. 

ഈ രംഗങ്ങളിലെല്ലാം ഗവേഷണ, തൊഴിൽ സാധ്യതകളുണ്ട്. എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സുകാർക്ക് യുജിസി നെറ്റെഴുതി കോളജ് അധ്യാപനത്തിനും ഗവേഷണത്തിനും അർഹത നേടാം. സ്റ്റാറ്റിസ്റ്റിക്സ് അടങ്ങിയ ബിഎസ്‌സിയെങ്കിലും ഉള്ളവർക്ക് യുപിഎസ്‌സി വർഷം തോറും നടത്തുന്ന ടെസ്റ്റെഴുതി ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസിൽ പ്രവേശിക്കാം. സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ പരീക്ഷ വഴി സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻവെസ്‌റ്റിഗേറ്ററാകാനും കഴിയും.

സർക്കാർ സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പുകൾ, ബ്യൂറോകൾ, കേന്ദ്രസർക്കാരിലെ സെൻട്രൽ സ്‌റ്റാറ്റിസ്‌റ്റിക്സ് ഓഫിസ്, നാഷനൽ സാംപിൾ സർവേ ഓഫ‍ിസ്, സെൻസസ് ഓർഗനൈസേഷൻ, ജനസംഖ്യാ പഠന യൂണിറ്റുകൾ, ആസൂത്രണ ബോർഡുകൾ തുടങ്ങിയവയിലുമുണ്ട് അവസരങ്ങൾ.

സ്റ്റാറ്റിസ്റ്റിക്സ് പഠനം:ചില സ്ഥാപനങ്ങൾ

∙ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്, കൊൽക്കത്ത (www.isical.ac.in).  ഉന്നതസ്ഥാപനം. ബെംഗളൂരു, ചെന്നൈ ഉൾപ്പെടെ കേന്ദ്രങ്ങൾ. എംടെക് ഇൻ ക്വാളിറ്റി റിലയബിലിറ്റി ആൻഡ് ഓപറേഷൻസ് റിസർച് അടക്കം പ്രോഗ്രാമുകൾ. 

∙കേരള / കാലിക്കറ്റ് ഉൾപ്പെട്ട സർവകലാശാലകൾ, കോളജുകൾ എന്നിവിടങ്ങളിൽ എംഎസ്‌സി, എംഫിൽ, പിഎച്ച്‌ഡി പ്രോഗ്രാമുകൾ 

∙കുസാറ്റിൽ (www.cusat.ac.in) 2 വർഷ എംഎസ്‌സി, 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി, പിഎച്ച്‌ഡി എന്നിവയും. ബിഎസ്‍സി സ്റ്റാറ്റിസ്റ്റിക്സുകാർക്ക് എംഎ അപ്ലൈഡ് ഇക്കണോമിക്സും. 

ബിടെക്കുകാർക്ക് എംടെക് എൻജിനിയറിങ് സ്റ്റാറ്റിസ്റ്റിക്സും.

∙കേരള വെറ്ററിനറി സർവകലാശാലയിൽ (www.kvasu.ac.in) എംഎസ് ബയോ സ്റ്റാറ്റിസ്റ്റിക്സ്; കോട്ടയം എംജി സർവകലാശാലയിലും (www.mgu.ac.in) പാലാ സെന്റ് തോമസ് കോളജിലും എംഎസ്‍സി ബയോ സ്റ്റാറ്റിസ്റ്റിക്സ്.

∙ഐഐടി ബോംബെ – എംഎസ്‌സി അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആൻഡ് ഇൻഫർമാറ്റിക്‌സ് / ഐഐടി കാൺപുർ – എംഎസ്‌സി സ്‌റ്റാറ്റിസ്‌റ്റിക്‌സ്(പ്രവേശനം ‘ജാം’ പരീക്ഷ വഴി)

∙ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിഎച്ച്‌ഡി

More Campus Updates>