സാമൂഹ്യ ശാസ്ത്ര മേഖലയിൽ ഗവേഷണം നടത്തുന്ന പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ (യുജിസി) നൽകുന്ന സ്വാമി വിവേകാനന്ദ സ്കോളർഷിപ്പിന് അപേക്ഷിക്കാം. രക്ഷിതാക്കളുടെ ഏക സന്തതിയായ പെൺകുട്ടികൾക്കാണ് അവസരം. രക്ഷിതാക്കൾക്ക് ഒരു കുട്ടി മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളൂ എന്നതു നിർബന്ധമാണ്. പെൺകുട്ടിയ്ക്ക് മറ്റൊരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കരുത്. കുടുംബത്തിൽ ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയുമാണ് ഉള്ളതെങ്കിൽ ആ പെൺകുട്ടിയ്ക്ക് അപേക്ഷിക്കാൻ അർഹതയില്ല. എന്നാൽ ഇരട്ട പെൺമക്കൾ, ഇരട്ട കുട്ടികളിലെ പെൺകുട്ടി എന്നിവരും ഈ പദ്ധതി പ്രകാരം അപേക്ഷിക്കാൻ അർഹരാണ്.
ഒറ്റ പെൺകുട്ടിയാണ് അപേക്ഷക എന്ന് സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകയുടെ/രക്ഷിതാവിന്റെ പ്രസ്താവന, 50 രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിൽ (www.ugc.ac.in/svsgc ൽ ഉള്ള അനുബന്ധം I) എസ്ഡിഎം/ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് /തഹസിൽദാരുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയത് ഓൺലൈൻ അപേക്ഷയോടൊപ്പം നൽകണം.
യോഗ്യത എങ്ങനെ:
അപേക്ഷക അംഗീകൃത യൂണിവേഴ്സിറ്റി/കോളജ്/സ്‌ഥാപനത്തിലോ യുജിസി യുടെ ഗ്രാന്റ്-ഇൻ-എയ്ഡ് ലഭിക്കാൻ അർഹതയുള്ള കൽപിത സർവകലാശാലയിലോ, കേന്ദ്ര/സംസ്ഥാന സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി/കോളേജ്/സ്‌ഥാപനത്തിലോ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിലോ, റഗുലർ, മുഴുവൻ സമയ, സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിനു റജിസ്റ്റർ ചെയ്തിരിക്കണം. വിദൂര പഠന രീതിയിലുള്ള കോഴ്സുകൾക്കു സ്കോളർഷിപ്പ് കിട്ടില്ല.
അപേക്ഷക ജനറൽ വിഭാഗക്കാരിയെങ്കിൽ പ്രായം 40 കവിയരുത്. പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർക്ക്, ഉയർന്ന പ്രായപരിധി 45 വയസായിരിക്കും.അപേക്ഷ നൽകേണ്ട അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും വ്യവസ്ഥകൾ പ്രകാരം അപേക്ഷിക്കാൻ അർഹതയുണ്ട്.
സ്കോളർഷിപ് തുക:
പരമാവധി 5 വർഷത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. ആദ്യ രണ്ടു വർഷത്തേക്കു പ്രതിമാസം 25000 രൂപ നിരക്കിലും തുടർന്ന് മൂന്നു വർഷം പ്രതിമാസം 28000 രൂപ നിരക്കിലും സ്കോളർഷിപ്പ് അനുവദിക്കും. കൂടാതെ കണ്ടിജൻസി ഗ്രാന്റ് ആയി ആദ്യ രണ്ടു വർഷം 10000 രൂപ വീതവും തുടർന്നുള്ള 3 വർഷം 20500 രൂപ വീതവും ലഭിക്കും. ഭിന്നശേഷിക്കാർക്ക് എസ്കോർട്/റീഡർ അസിസ്റ്റൻസ് ആയി പ്രതിമാസം 2000 രൂപ അനുവദിക്കും. ഹോസ്റ്റൽ സൗകര്യം, സ്ഥാപനം നൽകുന്നില്ലെങ്കിൽ വ്യവസ്ഥകൾ പ്രകാരമുള്ള വീട്ടുവാടക ബത്തയും ഗവേഷകയ്ക്കു കിട്ടും.
അപേക്ഷിക്കാൻ :
അപേക്ഷ ഓൺലൈനായി www.ugc.ac.in/svsgc വഴി 2019 ജനുവരി 7 നകം നൽകുക. അപേക്ഷയ്ക്കൊപ്പം താഴെപ്പറയുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം. കാസ്റ്റ് സർട്ടിഫിക്കറ്റ് (പട്ടിക/മറ്റു പിന്നാക്ക വിഭാഗക്കാർ - തഹസിൽദാർ/എസ്ഡിഎം നൽകിയത്), ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്എസ്എൽസി/പത്താം ക്ലാസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ), അംഗീകൃത സ്ഥാപനത്തിൽ പിഎച്ച്ഡി പ്രോഗ്രാമിൽ പ്രവേശനം നേടിയതിന്റെ രേഖ,പിഎച്ച്ഡി അഡ്മിഷൻ എടുത്ത യൂണിവേഴ്സിറ്റി/സ്ഥാപനം നൽകിയ സാക്ഷ്യപത്രം, ഒറ്റപ്പെൺകുട്ടിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന അഫിഡവിറ്റ് (മുകളിൽ വിശദീകരിച്ചത്), ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ മാർക്ക് ഷീറ്റ്, നിശ്ചിത മാതൃകയിലുള്ള അണ്ടർടേക്കിങ് /നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം. നാലു ഘട്ടങ്ങളിലായി അപേക്ഷാ സമർപ്പണം പൂർത്തിയാക്കണം. വ്യക്തിപരമായ വിവരങ്ങളാണ് ആദ്യഘട്ടത്തിൽ. ഈ ഘട്ടം പൂർത്തിയാകുമ്പോൾ അപേക്ഷകയ്ക്കു രജിസ്ട്രേഷൻ ഐഡി കിട്ടും.
രണ്ടാം ഘട്ടത്തിൽ ഗവേഷണം സംബന്ധിച്ച വിശദാംശങ്ങൾ നൽകണം. മുഖ്യവിഷയം, ഗവേഷണ വിഷയം, വകുപ്പ് എന്നിവ ഇതിൽപെടും. മൂന്നാം ഘട്ടത്തിൽ പ്രസിദ്ധീകരണങ്ങൾ, ലഭിക്കുന്ന സ്കോളർഷിപ്പ്, ഇപ്പോഴത്തെ തൊഴിൽ തുടങ്ങിയ വിവരങ്ങൾ നൽകണം. അന്തിമഘട്ടത്തിൽ ഡിക്ലറേഷൻ പൂർത്തീകരിക്കണം. അപേക്ഷാ സമർപ്പണ രീതി വ്യക്തമാക്കുന്ന വിശദമായ മാർഗനിർദ്ദേശം വെബ്സൈറ്റിൽ ഉണ്ട്. വിദഗ്ധ സമതിയുടെ ശുപാർശ അടിസ്ഥാനമാക്കി അർഹരായവരെ തിരഞ്ഞെടുക്കും. അവാർഡ് ലെറ്റർ ലഭിച്ചു കഴിഞ്ഞ് 3 മാസത്തിനകം ഫെലോഷിപ്പിൽ പ്രവേശിക്കണം. ബാങ്ക് വഴി തുക വിതരണം ചെയ്യും. ഓരോ മൂന്നു മാസം കഴിയുമ്പോഴും, കണ്ടിന്യൂവേഷൻ സർട്ടിഫിക്കറ്റ് നൽകണം. ഓരോ വർഷം കഴിയുമ്പോഴും പ്രോഗ്രസ് റിപ്പോർട്ടും സമർപ്പിക്കണം. അവാർഡ് വ്യവസ്ഥകൾ തൃപ്ത്തിപ്പെടുത്തുന്നില്ലെങ്കിൽ ഫെലോഷിപ്പ് റദ്ദ് ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് www.ugc.ac.in/svsgc കാണണം.