പ്രൈമറി മുതൽ കംപ്യൂട്ടർ പഠനം നിർദേശിച്ച് നിതി ആയോഗ്

ഡിജിറ്റൽ വിവരങ്ങൾ 22 ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കണം

രാജ്യത്തെ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കാൻ പാഠ്യപദ്ധതി പ്രൈമറി സ്കൂൾ തലം മുതൽ കംപ്യൂട്ടർ വിദ്യാഭ്യാസം നിർബന്ധമാക്കണമെന്നു നിതി ആയോഗ് ശുപാർശ.

 പ്രാദേശിക ഭാഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിജിറ്റൽ വിവരങ്ങൾ 22 ഔദ്യോഗിക ഭാഷകളിലും ലഭ്യമാക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ കൂട്ടായി പദ്ധതി തയാറാക്കണമെന്നും നിർദേശമുണ്ട്. 

2022ൽ മുഴുവൻ സർക്കാർ സേവനങ്ങളും  ഡിജിറ്റലായി  ലഭ്യമാക്കാനുള്ള  വികസന നയരേഖയുടെ ഭാഗമായാണു  ശുപാർശകൾ. 

രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണു നിലവിൽ ഇന്റർനെറ്റ് സാക്ഷരത. എന്നാൽ ഇന്റർനെറ്റ് ഉപയോഗത്തിൽ രാജ്യം വലിയ കുതിപ്പു നേടിയിട്ടുണ്ട്. 2009ൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 5 കോടിയായിരുന്നെങ്കിൽ 2017ൽ ഇതു 35 കോടിയിലെത്തി. 2022ൽ പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണു ശുപാർശകൾ. 

നിതി ആയോഗിന്റെ മറ്റു കണ്ടെത്തലുകളും ശുപാർശകളും

  • പ്രൈമറി തലം മുതൽ  ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കാൻ ദേശീയ ഡിജിറ്റൽ സാക്ഷരത മിഷൻ പദ്ധതി തയാറാക്കണം. 
  • രാജ്യത്തെ 55, 619 ഗ്രാമങ്ങളിൽ മൊബൈൽ കവറേജ് ഇല്ല. ഇതിൽ ഭൂരിഭാഗവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ്. 
  • ഭാരത് നെറ്റിന്റെ കീഴിൽ രാജ്യത്തെ 1.08 ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കി കഴിഞ്ഞു. അടുത്ത മാർച്ചിനുള്ളിൽ അവശേഷിക്കുന്ന 1.5 ലക്ഷം പഞ്ചായത്തുകളും ശ്യംഖലയുടെ ഭാഗമാകും. 
  • അടുത്ത 5 വർഷത്തിനുള്ളിൽ രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ പത്തിൽ 9 പേരും പ്രാദേശിക ഭാഷകളിലാകും  വിവരങ്ങൾ പരതുക.
  •  സൈബർ സുരക്ഷയ്ക്കു നിലവിലുള്ള സംവിധാനങ്ങൾ കുറവ്. സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും സൈബർ ആക്രമണം നേരിടുന്നു. 
  •  കോൾ ഡ്രോപ്, മൊബൈൽ സിഗ്നൽ തകരാർ എന്നിവ ഒഴിവാക്കാൻ ടെലികോം അതോറിറ്റി പുതിയ സംവിധാനം ആവിഷ്കരിക്കണം. 
  • ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലുള്ള വിവരങ്ങൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കണം.