പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ രാവിലെ 11 മണിക്കു പോകുന്ന ഒരു വിമാനമുണ്ട്. വിമാനത്തിന്റെ ഒച്ച കേട്ടാൽ മുറ്റത്തിറങ്ങി നോക്കും, വീട്ടിലാണെങ്കിലും സ്കൂളിലാണെങ്കിലും. ആ സമയത്താണ് ബാവ സാറിന്റെ അറബിക് ക്ലാസ്. പുതിയൊരു ഭാഷ പഠിക്കാൻ കിട്ടുന്ന അവസരം എത്ര വിലപ്പെട്ടതെന്നു മനസ്സിലാകാതിരുന്നതിനാൽ ഞങ്ങളിൽ പലരും ആ ക്ലാസിൽ ഇരിക്കുമായിരുന്നില്ല. ആ സമയത്ത് പുറത്തു വിമാനം നോക്കാനോ കളിക്കാനോ പറ്റുന്നതായിരുന്നു സന്തോഷം. അത്രയുമേ അന്നു കരുതിയുള്ളൂ.
സ്‌കൂളിൽ പഠിക്കാൻ സൗകര്യം ഉണ്ടായിട്ടും മുസ്‌ലിംകൾ അല്ലാത്ത കുട്ടികൾ ഒരു ശതമാനം പോലും അറബിക് പഠിച്ചില്ല. എഴുപതുകൾ മുതൽ കേരളത്തിലെ യുവാക്കൾ ജോലി തേടി പ്രധാനമായും ഗൾഫിലേക്കാണ് പോകുന്നത്. അറബിക് ഭാഷ അറിയാത്ത മലയാളികളും ഗൾഫിൽ വിജയിച്ചെന്നതു വസ്തുത തന്നെ. എന്നാൽ നിയമം ഉൾപ്പെടെ പല രംഗങ്ങളിലും അറബിക് അറിയാത്തതുകൊണ്ട് എത്രയോ അവസരങ്ങൾ നഷ്ടമാകുന്നു.
ഇത് അറബിക്കിന്റെ മാത്രം കാര്യമല്ല. ഭാഷ സാമ്പത്തിക, സാമൂഹിക ബന്ധങ്ങളിലേക്കുള്ള താക്കോലാണ്. നമുക്കു യുഎസിലും യുകെയിലും സിംഗപ്പൂരിലും കെനിയയിലും ജോലി കിട്ടുന്നത് ഇംഗ്ലിഷ് അറിയുന്നതുകൊണ്ടാണ്. ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ കോൾ സെന്റർ, ബാക്ക് ഓഫിസ് ജോലികളും കിട്ടുന്നു. എന്നാൽ നമുക്കു ഫ്രാൻസും ജർമനിയും അപ്രാപ്യമായിരിക്കുന്നതും ഇതേ കാരണംകൊണ്ടാണ്.
ഇംഗ്ലിഷ് പോലും നമ്മൾ നന്നായി പഠിപ്പിക്കുന്നില്ല. പ്രഫഷനൽ കോളജുകളിൽ ഇക്കണോമിക്സ് മുതൽ കെമിസ്ട്രി വരെ അൻപതു വിഷയങ്ങൾ പഠിപ്പിക്കുമ്പോഴും ഒരു ഭാഷ പോലും പഠിപ്പിക്കുന്നില്ല. ബയോഡേറ്റ എഴുതാൻ പോലും മറ്റുള്ളവരെ തേടും. പുറത്തു പോകുമ്പോൾ, മറ്റുള്ളവരുടെ ഭാഷ മനസ്സിലാക്കാൻ കഷ്ടപ്പെടുന്നു. നമ്മുടെ പരിമിതി മനസ്സിലാകുന്നതോടെ മീറ്റിങ്ങുകളിലും മറ്റും വേണ്ടതുപോലെ പങ്കെടുക്കാനോ കഴിവ് പ്രകടിപ്പിക്കാനോ ഉള്ള ധൈര്യം കുറയുന്നു. സാങ്കേതിക വൈദഗ്ധ്യം ഉണ്ടെങ്കിലും ഭാഷ ഇല്ലാത്തതിനാൽ കരിയറിൽ പിന്നിലാകുന്നു.
വൈകിയിട്ടില്ല. ഭാഷാപഠനം കരിക്കുലത്തിൽ കൂടുതൽ ശ്രദ്ധയോടെ ഉൾപ്പെടുത്തണം. കുട്ടികളെ പേരച്ചവും വിനയച്ചവും പഠിപ്പിച്ച് മുൻഷിയാക്കാനല്ല, നന്നായി സംസാരിച്ച് കാര്യം നേടാനുള്ള ഭാഷ പഠിപ്പിക്കാനാണ് ഊന്നൽ കൊടുക്കേണ്ടത്. ഓരോ എൻജിനീയറിങ് വിദ്യാർഥിയും ഇംഗ്ലിഷ് കൂടാതെ ഏതെങ്കിലുമൊരു വിദേശഭാഷ നിർബന്ധമായും പഠിക്കണം. അതിന് അവസരമൊരുക്കേണ്ടത് സർക്കാരിന്റെ കടമയുമാണ്. നമ്മുടെ നഴ്സുമാരെ കോളജ് തലം മുതൽ ഇംഗ്ലിഷും ജർമനും പഠിപ്പിച്ചാൽ അവരുടെ അവസരങ്ങൾ ഇനിയും ഇരട്ടിക്കും. ഇതൊക്ക കോളജുകൾ ചെയ്യാൻ നോക്കിയിരിക്കേണ്ടതില്ല. പഠിക്കുമ്പോൾത്തന്നെ ഇംഗ്ലിഷ് നന്നാക്കാൻ വേണ്ട കാര്യങ്ങൾ സ്വയം ചെയ്യാം. എല്ലാ ദിവസവും ബിബിസി വാർത്ത കേൾക്കാം. ഒരു ഇംഗ്ലിഷ് ദിനപത്രമെങ്കിലും വായിക്കാം. ഇന്റർനെറ്റിലെ സൗജന്യ ഇംഗ്ലിഷ് പഠന കോഴ്സുകളിൽ ഏതെങ്കിലുമൊക്കെ ഇപ്പോഴേ ചെയ്യാം. ഇംഗ്ലിഷ് സംസാരിക്കുന്ന ലോകത്ത് എവിടെയെങ്കിലും ഒരു സുഹൃത്തിനെ സമൂഹമാധ്യമ ശൃംഖലയിൽ കുടുക്കി സ്കൈപ് വഴി സംസാരിക്കാം.
പണ്ട് അറബിക്കിനെ മാറ്റിനിർത്തിയതു പോലെ ഇപ്പോൾ നാം മാറ്റിനിർത്തുന്ന ഭാഷയാണു ചൈനീസ്. സാമ്പത്തിക നില മെച്ചപ്പെട്ടതോടെ ലക്ഷക്കണക്കിന് ചൈനീസ് ടൂറിസ്റ്റുകളാണു ലോകമെങ്ങും യാത്ര ചെയ്യുന്നത്. രണ്ടായിരം കൊല്ലം മുൻപുതന്നെ ചൈനക്കാർ വന്ന നാടാണ് നമ്മുടേത്. അപ്പോൾ ടൂറിസ്റ്റുകളിൽ നല്ലൊരു ശതമാനത്തെ കേരളത്തിലെത്തിക്കാൻ പല സാധ്യതകളുമുണ്ട്. ചൈനയിലെ പല സർവകലാശാലകളും മറ്റു രാജ്യങ്ങളിൽ നിന്നും കുട്ടികളെ ആകർഷിക്കുന്നു. ചൈനയുടെ വളർച്ച മുന്നിൽ കണ്ട് ഒട്ടേറെ രാജ്യങ്ങളിൽനിന്നു വിദ്യാർഥികൾ അവിടെ എത്തുന്നുമുണ്ട്.
ചൈനീസ് പഠിക്കുന്നവർക്കു വൻ അവസരങ്ങളാണുള്ളത്. പക്ഷേ, കേരളത്തിൽ ചൈനീസ് ഉൾപ്പെടെയുള്ള ഭാഷകൾ പഠിക്കാനുള്ള അവസരങ്ങൾ കാര്യമായില്ല. ഇതു മാറണം. ചൈനീസും ജർമനും ജാപ്പനീസും സ്പാനിഷും ഒക്കെ പഠിക്കാനുള്ള അവസരങ്ങൾ നമ്മുടെ സി ക്ലാസ് നഗരങ്ങളിൽ വരെ എത്തിക്കണം. അതുവരെ ഇന്റർനെറ്റ് വഴിയാണെങ്കിലും കേരളത്തിനു പുറത്തു പോയാണെങ്കിലും ഒരു പുതിയ ലോകഭാഷയെങ്കിലും പഠിക്കാൻ നോക്കണം. സാങ്കേതിക പഠനത്തേക്കാളും ഭാവിയിൽ നമ്മളുടെ വളർച്ചയെ നിർണയിക്കുന്നതു നമ്മുടെ ഭാഷാജ്ഞാനമായിരിക്കും.