കരിയർ അല്ല, ഇനിയുള്ളത് തൊഴിൽ ജീവിതം

മുപ്പതു വർഷം, അഞ്ചു ജോലികൾ. നാഗ്പുരിൽനിന്നു തുടങ്ങിയ യാത്ര എത്തിനിൽക്കുന്നതു ജനീവയിൽ. ഈ വൈവിധ്യമാണ് മുരളി തുമ്മാരുകുടിയുടെ കരിയർ മാർഗനിർദേശങ്ങളുടെ അടിത്തറ. ഇപ്പോൾ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ദുരന്ത ലഘൂകരണ വിഭാഗം തലവനായ അദ്ദേഹം ലോകമെങ്ങുമുള്ള മാറ്റങ്ങളെക്കുറിച്ചാണു പറയുന്നത്. 

ഇന്ത്യയിൽ ശാസ്ത്രസാങ്കേതിക രംഗത്തെ ഒട്ടേറെ ഗവേഷണസ്ഥാപനങ്ങൾ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) കീഴിലാണ്. നാൽപതിലേറെ ഗവേഷണ സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടതാണ് നാഗ്‌പുർ ആസ്ഥാനമായുള്ള നാഷനൽ എൻവയണ്‍മെന്റൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (നീരി).

എന്റെ തൊഴിൽ ജീവിതം 1988 മേയിൽ ആരംഭിക്കുന്നത് ഇവിടെയാണ്. ഐഐടി കാൺപുരിൽനിന്ന് എൻവയണ്‍മെന്റൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി നാഗ്‌പുരിൽ ശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിക്കുമ്പോൾ എനിക്ക് വയസ്സ് ഇരുപത്തിനാല്. അതേ മാസം തന്നെ മറ്റൊരാളും അവിടെ ശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ചു. ബിഹാറിൽനിന്നു വന്ന് ഐഐടി ബോംബെയിൽ പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ രാകേഷ് കുമാർ. ഐഐടിയിൽ നിന്നു വന്നതിന്റെ അഹംഭാവം രണ്ടുപേർക്കുമുണ്ടായിരുന്നെങ്കിലും പെട്ടെന്നു തന്നെ ഞങ്ങൾ സുഹൃത്തുക്കളായി. (എന്റെ കരിയർ സീരിസ് മുഴുവൻ വായിച്ചാൽ ഈ ഐഐടിക്കാരുടെ സുഹൃദ് ബന്ധത്തിന്റെ ഗുട്ടൻസ് പിടികിട്ടും).

അന്‍പത്തിരണ്ടാം വയസ്സില്‍ രാകേഷ് ഇപ്പോള്‍ ‘നീരി’ ഡയറക്ടറാണ്. 1988 മുതൽ മറ്റെവിടെയും ജോലിക്കു പോയില്ല. ഭാവിയിൽ സിഎസ്ഐആർ ഡയറക്ടർ ജനറലായോ ശാസ്ത്രസാങ്കേതികവകുപ്പു സെക്രട്ടറിയായോ ഉയർന്നേക്കാം. മറ്റുള്ളവരെ കൊതിപ്പിക്കുന്ന കരിയർ പാത്ത്.

ഞാൻ പക്ഷേ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ‘നീരി’ വിട്ടു. ഇപ്പോൾ കേരളത്തിൽ എന്നെ അറിയുന്നതു സുരക്ഷാ വിദഗ്ധനായിട്ടാണ്. പക്ഷേ, ഞാൻ ബിരുദത്തിനു പഠിച്ചത് സിവിൽ എൻജിനീയറിങ്ങാണ്. അന്ന് സുരക്ഷയെക്കുറിച്ച് കേട്ടിട്ടു പോലുമില്ല. പക്ഷേ, സിവിൽ എൻജിനീയറിങ്ങിൽ നിന്നു നേരിട്ട് സുരക്ഷയിൽ അല്ല എത്തിയത്. ‘നീരി’യിൽ നിന്നു പോയ ഞാൻ ബയോടെക്‌നോളജി അടിസ്ഥാനമാക്കിയാണ് പിഎച്ച്ഡി നേടിയത്. അതു കഴിഞ്ഞു മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ചിൽ ഫാക്കൽറ്റിയായി. അവിടെ പഠിപ്പിച്ചതോ എൻവയൺമെന്റൽ ഇക്കണോമിക്സ് !

രണ്ടുവർഷം കഴിഞ്ഞ് ബ്രൂണയിൽ ഷെൽ എന്ന രാജ്യാന്തര കമ്പനിയുടെ പരിസ്ഥിതി പഠന തലവനായി. അവിടെവച്ച് പരിസ്ഥിതി ഓഡിറ്റിങ്ങിൽ ഓസ്‌ട്രേലിയയിൽനിന്നു പരിശീലനം നേടി. ഒമാനിൽ ഒരു എണ്ണക്കമ്പനിയുടെ പരിസ്ഥിതി ഉപദേശകനായി. അവിടെ മരുഭൂമിയിലെ എണ്ണക്കിണറിലുണ്ടായ അഗ്നിബാധ അണയ്ക്കുന്ന പ്രോജക്ടിൽ ജോലി ചെയ്തതിന്റെ പിൻബലത്തിൽ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ദുരന്ത നിവാരണ രംഗത്തെത്തി.

മുപ്പതു വർഷത്തിനിടെ അഞ്ചു സ്ഥാപനങ്ങൾ, അഞ്ചു തരം ജോലികൾ. എന്നിട്ടും ഇപ്പോഴും പഠനം അവസാനിപ്പിച്ചിട്ടില്ല. തീവ്രവാദത്തെക്കുറിച്ച് യുകെയിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ നിന്നൊരു കോഴ്സ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. വിമാനത്താവളവും ന്യൂക്ലിയർ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കു (Critical Infrastructure) തീവ്രവാദഭീഷണിയിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്ന മേഖലയിൽ നാളത്തെ ലോകത്ത് ഏറെ തൊഴിലവസരങ്ങളുണ്ടാകും. ഇനിയൊരുപക്ഷേ അതായിരിക്കും എന്റെ ജോലി.

ഒരേ ആരംഭസ്ഥലത്തുനിന്ന് എന്റെയും രാകേഷിന്റെയും തൊഴിൽപാത എങ്ങനെ മുന്നോട്ടുപോയെന്നു നോക്കുക. രാകേഷിന്റെ തൊഴിൽ പാതയ്ക്കാണ് ‘കരിയർ’ എന്നു പറയുന്നത്. ഒരേ വിഷയത്തിൽ ക്രമാനുഗത വളർച്ച. എന്റേതിനാകട്ടെ തൊഴിൽജീവിതം എന്നാണു പറയേണ്ടത്. സിവിൽ എൻജിനീയറിങ്ങിൽനിന്നു ബയോ ടെക്നോളജിയിലേക്ക്, ഇക്കണോമിക്സിൽ നിന്ന് ദുരന്തനിവാരണത്തിലേക്ക്, ഇന്ത്യയിൽനിന്നു വിദേശത്തേക്ക്, ഗവേഷണസ്ഥാപനത്തിൽ നിന്നു സ്വകാര്യ കമ്പനിയിലേക്ക് എന്നിങ്ങനെ ഒട്ടേറെ ചാട്ടങ്ങൾ. ഇനിയും ചാടാൻ തയാർ. വിരമിച്ച ശേഷം എന്റെ നാടായ പെരുമ്പാവൂർ വെങ്ങോലയിൽ ഫാം ടൂറിസം ഹോം സ്റ്റേ നടത്തണമെന്നതാണു മറ്റൊരു പ്ലാൻ.

എന്റെയോ രാകേഷിന്റെയോ കരിയറിനെക്കുറിച്ചു മനസ്സിലാക്കാനല്ല ഇക്കാര്യങ്ങൾ പറഞ്ഞത്. മറിച്ച് 2017ൽ നിങ്ങൾ ഏതു തൊഴിൽ രംഗത്തു പ്രവേശിച്ചാലും രാകേഷിന്റേതു പോലെയൊരു കരിയർ നിങ്ങൾക്കുണ്ടാവില്ലെന്നു സൂചിപ്പിക്കാനാണ്. ഇന്നു കാണുന്ന പകുതി തൊഴിലുകളും നാളെ ഉണ്ടാവില്ല. മനുഷ്യൻ ചെയ്യുന്ന ഏറെ ജോലികളും റോബട്ടുകളാകും ചെയ്യുക. 60–ാം വയസ്സിൽ റിട്ടയർ ചെയ്തശേഷം സുഖമായി ജീവിക്കാമെന്നു ചിന്തിക്കുക പോലും വേണ്ട. അതിനിടയ്ക്ക് ലോക രാഷ്ട്രീയം, കാലാവസ്ഥ ഒക്കെ എങ്ങോട്ടു പോകുമെന്നു ചിന്തിക്കാൻ പോലും വയ്യ. അതുകൊണ്ട് ഒരു തൊഴിലിൽനിന്നു മറ്റൊരു തൊഴിലിലേക്ക്, ഒരു നാട്ടിൽ നിന്നു മറ്റൊരു നാട്ടിലേക്കു ചാടിനടക്കുന്ന തൊഴിൽജീവിതം ഉണ്ടാക്കിയേ പറ്റൂ. അതു മറ്റാരും നിങ്ങൾക്ക് ഉണ്ടാക്കിത്തരാൻ പോകുന്നില്ല. തൊഴിൽ കമ്പോളത്തിന്റെ മാറ്റമനുസരിച്ച് പുതിയ ജോലികളും സ്ഥാപനങ്ങളും കണ്ടുപിടിച്ച് അവിടെ എത്തിപ്പെടാനുള്ള കഴിവുകൾ സ്വയം ആർജിച്ചാലേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിടിച്ചുനിൽക്കാൻ പറ്റൂ.

എങ്ങനെയാണ് ഇത്രമാത്രം അസ്ഥിരമായ ലോകത്ത് അഭിമാനാർഹമായ തൊഴിൽ ജീവിതം കെട്ടിപ്പടുക്കുക ? അതിനെപ്പറ്റിയാകും ഇനിയുള്ള ആഴ്ചകളിൽ ഈ പംക്തിയിൽ എഴുതുക. ഓരോ ആഴ്ചയിലും പഠനത്തെക്കുറിച്ച്, ഇന്റർവ്യൂവിനെക്കുറിച്ച്, തൊഴിലുകളെക്കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുന്നു.