Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിയറിൽ എന്തുകൊണ്ടു പെൺകുട്ടികൾ പുറകിലാവുന്നു?

മുരളി തുമ്മാരുകുടി
worklife2020mt@gmail.com
career

പുതിയ ലോകത്തെ തൊഴിൽജീവിതത്തിൽ സ്ത്രീപുരുഷ വ്യത്യാസം കുറഞ്ഞുവരികയാണ്. അന്റാർട്ടിക്കയിലെ ഗവേഷണമായാലും യുദ്ധവിമാനം പറത്തലായാലും സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടുണ്ട്. അതേസമയം ഇപ്പോഴും കരിയറിൽ കൂടുതൽ പുരോഗതിയുണ്ടാകുന്നതു പുരുഷന്മാർക്കു തന്നെയാണ്. കേരളത്തിൽ എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദ കോഴ്സുകളിൽ പകുതിയോളമോ ചിലപ്പോൾ അതിൽ കൂടുതലോ പെൺകുട്ടികളായിരിക്കും. ക്ലാസിലെ ആദ്യറാങ്കുകൾ മിക്കവാറും പെൺകുട്ടികൾക്കായിരിക്കും. എന്നാൽ 20 വർഷം കഴിഞ്ഞു നോക്കിയാൽ കരിയറിൽ ശരാശരി ആൺകുട്ടികൾ നടത്തിയ മുന്നേറ്റം പോലും മിടുക്കരായ പെൺകുട്ടികൾ നടത്തിയിട്ടുണ്ടാകില്ല. പകുതി പേരെങ്കിലും കരിയർ രംഗത്തു തന്നെയുണ്ടാകില്ല.

ലോകത്തെവിടെയും ഏതു തൊഴിൽരംഗത്തും കഴിവ് തെളിയിച്ച മലയാളി വനിതകളുണ്ടെന്നതു വാസ്തവം. പക്ഷേ ആൺകുട്ടികളെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ കുറവാണ്, നഴ്സിങ് മേഖലയിലൊഴികെ.എന്തുകൊണ്ടാണു തൊഴിൽരംഗത്തു പെൺകുട്ടികൾക്കു മുന്നേറാനാകാത്തത് ? പല കാരണങ്ങളുണ്ട്.

മാതാപിതാക്കളുടെ പിന്തുണ: കേരളത്തിലെ പെൺകുട്ടികളെ സ്‌കൂളിലും കോളജിലും വിടുന്നതിൽ മാതാപിതാക്കൾ വിവേചനം കാണിക്കാറില്ല. പക്ഷേ ഉപരിപഠനത്തിനോ ജോലിക്കോ കേരളത്തിനു പുറത്തോ ഇന്ത്യയ്ക്കു പുറത്തോ പോകേണ്ടി വരുമ്പോൾ ഇപ്പോഴും അവർക്കു പേടിയും എതിർപ്പുമാണ്.

എന്നാൽ മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിന്റെ ബലത്തിൽ രണ്ടുകാര്യങ്ങൾ പറയാതെ വയ്യ. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ കേരളത്തേക്കാൾ മെച്ചമാണു പല നാടുകളും. മലയാളി പെൺകുട്ടികളെക്കുറിച്ച് കേരളത്തിനു പുറത്തുള്ള തൊഴിൽദാതാക്കൾക്കു വലിയ മതിപ്പാണ്. അതിനാൽ പെൺമക്കളെ ധൈര്യമായി പുറത്തുവിടാൻ മാതാപിതാക്കൾ തയാറാകണം.

വിദ്യാഭ്യാസമാകട്ടെ സ്ത്രീധനം: പെൺകുട്ടികളുടെ ഉപരിപഠനത്തിന്റെ കാര്യത്തിൽ ഇപ്പോഴും ചില മാതാപിതാക്കൾക്കു വിമുഖതയാണ്. കുട്ടിയുടെ നല്ല ഭാവിയാണ്‌ ആഗ്രഹിക്കുന്നതെങ്കിൽ മാതാപിതാക്കൾ പെൺകുട്ടികളെ നിർബന്ധമായും ഉപരിപഠനത്തിന് അയയ്ക്കണം. സാധിക്കുമെങ്കിൽ ഇന്ത്യയ്ക്കു പുറത്തുതന്നെ. സ്ഥലം വിറ്റോ സ്ത്രീധനം കൊടുക്കാൻ കരുതിവച്ച പണമെടുത്തോ ഇതു ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. കഴിവുള്ള നമ്മുടെ കുട്ടികൾ സ്വാതന്ത്ര്യം കൂടി നേടിയാൽ അവരുടെ വിജയം നാം ചിന്തിക്കുന്നതിനുമപ്പുറമായിരിക്കും.

വിവാഹമല്ല ജീവിതം: ഒരു കാര്യം പെൺകുട്ടികളും ശ്രദ്ധ കാണിക്കണം. ആദ്യം പരമാവധി പഠിക്കുക. എന്നിട്ട് നല്ല ജോലി നേടുക. സാമ്പത്തികഭദ്രത നേടിയശേഷം കുറച്ചുനാൾ വീട്ടിൽനിന്നു മാറി താമസിക്കുക. കൂട്ട് കൂടി യാത്രകൾ ചെയ്യുക. ഇത്രയൊക്കെ കഴിഞ്ഞു മതി, കല്യാണത്തെക്കുറിച്ചുള്ള ചിന്തകൾ. കല്യാണമാണ് ഏറ്റവും പ്രധാനമെന്നു കരുതിക്കഴിഞ്ഞാൽ പിന്നെ തൊഴിൽജീവിതത്തിൽ മുന്നേറാൻ സാധ്യത കുറവാണ്.

ഇതൊന്നും കേരളത്തിലെ മാത്രം കാര്യമല്ല. അനുപാതത്തിൽ കുറച്ചു വ്യത്യാസമുണ്ടാകാമെങ്കിലും ലോകത്തെവിടെയും ഇതൊക്കെത്തന്നെ സ്ഥിതി. ‘Lean In: Women, Work, and the Will to Lead’ എന്ന വായിച്ചിരിക്കേണ്ട പുസ്തകത്തിൽ ഫെയ്സ്‌ബുക് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആയ ഷെറിൽ സാൻഡ്ബർഗ് ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ഈ പുസ്തകം വായിക്കാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഇന്നുതന്നെ വാങ്ങി വായിക്കുക. കേരളത്തിലെ സ്‌കൂൾ വിദ്യാർഥികൾക്കു പാഠപുസ്തകമാകേണ്ടതാണ് ഈ പുസ്തകം.

Read More: Career Guidance By Muralee Thummarukudy