നൈജീരിയയിലെ എണ്ണയുൽപാദന കേന്ദ്രമായ പോർട്ട് ഹാർകോട്ടിൽവച്ചാണു മലയാളിയായ ജനറൽ മാനേജർ മോഹനെ പരിചയപ്പെടുന്നത്. ‘‘മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമൊക്കെ ജോലി ചെയ്ത ശേഷമാണു നൈജീരിയയിലെത്തിയത്; 20 കൊല്ലം മുൻപ്. ഇത്ര സുഖം വേറൊരിടത്തും തോന്നാത്തതുകൊണ്ട് ഇവിടെത്തന്നെയങ്ങു കൂടി.’’
ശരാശരി മലയാളിയെ ഈ വാക്കുകൾ അദ്ഭുതപ്പെടുത്തിയേക്കാം. മിഡിൽ ഈസ്റ്റും യൂറോപ്പും സിംഗപ്പൂരും അമേരിക്കയുമല്ലാതെ ആഫ്രിക്ക നമ്മുടെ തൊഴിൽ സങ്കൽപത്തിലോ മോഹങ്ങളിലോ ഇല്ല. പട്ടിണി, രോഗം, അഴിമതി, അക്രമം എന്നിങ്ങനെ ആഫ്രിക്കയെക്കുറിച്ച് കേട്ടിരുന്നതൊന്നും നല്ല വാർത്തകളല്ല.
പക്ഷേ, കാലം മാറി. പാർലമെന്റിൽ 60% സ്ത്രീകളുമായി റുവാണ്ട ഇപ്പോൾ ലോകത്തിനു മാതൃകയാണ്. യുഗാണ്ടയിലെ നഗര രാത്രികൾ കേരളത്തിലേതിനേക്കാൾ സുരക്ഷിതം. ഭൂരിപക്ഷം ആഫ്രിക്കയും ഇപ്പോൾ ജനാധിപത്യ ഭരണത്തിലാണ്. ആഫ്രിക്കയിലെ അവസരങ്ങൾ മുതലെടുക്കാൻ ചൈനയും മറ്റു രാജ്യങ്ങളും മൽസരിക്കുകയാണ്.
ആഫ്രിക്കയിൽ കേരളത്തിനു വൻ സാധ്യതകളാണുള്ളത്. നൂറ്റാണ്ടുകളായി അവരുമായി നമുക്കു കൊടുക്കൽവാങ്ങലുകളുണ്ട്. വാസ്കോഡഗാമ മലബാറിൽ വരുന്നതിനു മുൻപേ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുനിന്നു മലബാറിലേക്ക് കപ്പലുകൾ എത്തിയിരുന്നു. അവരിൽനിന്നാണ് ഗാമ മൺസൂണിനെക്കുറിച്ചും മലബാറിനെക്കുറിച്ചുമൊക്കെ അറിഞ്ഞത്. പിന്നീട് ആഫ്രിക്കയുടെ പല ഭാഗങ്ങളും ഇന്ത്യയും ബ്രിട്ടിഷ് കോളനികളായിരുന്ന കാലത്തു റെയിൽപ്പാളം നിർമിക്കാനും തേയിലയും കരിമ്പും കൃഷി ചെയ്യാനുമൊക്കെയായി ഒട്ടേറെ ഇന്ത്യക്കാരെ ബ്രിട്ടിഷുകാർ അവിടെയെത്തിച്ചു. അക്കാലത്ത് തിരിച്ചുവരാനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഏറെപ്പേർ അവിടെ താമസമാക്കി. ഇപ്പോൾ അവിടത്തെ പൗരന്മാരായി ആ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്നു. ഇവരുടെ സ്ഥാപനങ്ങളിലുൾപ്പെടെ ആയിരക്കണക്കിനു മലയാളികൾ ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. മലയാളികൾ ചേക്കേറിയ മറ്റു സ്ഥലങ്ങളിലെല്ലാം അവസരങ്ങൾ കുറഞ്ഞുവരുമ്പോൾ ആഫ്രിക്കയിൽ അവസരങ്ങൾ കൂടുകയാണ്.
എന്താണിതിനു കാരണം? ഒന്നാമത് വലുപ്പം തന്നെ. ലോക ഭൂപടം നമ്മൾ കാണുന്നത് ഗോളമായ ഭൂമിയെ പരത്തിവച്ചിട്ടാണ്. അപ്പോൾ ഭൂമധ്യരേഖയുടെ അടുത്തുള്ള സ്ഥലങ്ങൾ താരതമ്യേന വലുപ്പം കുറഞ്ഞും അകലെയുള്ള പ്രദേശങ്ങൾ ഏറെ വലുതായും തോന്നും. യഥാർഥത്തിൽ ആഫ്രിക്ക ഏറെ വിസ്തൃതമാണ്. അതേസമയം, ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളും കൂടിയാലും ഇന്ത്യയുടെ അത്രയും ജനസംഖ്യയേ വരൂ.
രണ്ടാമത്തെ കാര്യം പ്രകൃതിവിഭവങ്ങളാണ്. ഭൂമി, വെള്ളം, തടാകങ്ങൾ, പുഴകൾ, വനങ്ങൾ എന്നിങ്ങനെ കാണാവുന്ന വിഭവങ്ങൾ മാത്രമല്ല, ഭൂമിക്കടിയിലുള്ള വിഭവങ്ങളുമേറെ. സ്വർണം, എണ്ണ, വാതകം, രത്നങ്ങൾ, യുറേനിയവും ടന്റാലവുമടക്കമുള്ള തന്ത്രപ്രധാന ലോഹങ്ങൾ... കേരളീയ കാലാവസ്ഥയുള്ള സ്ഥലങ്ങൾ ഏറെ. പ്രത്യേകിച്ചും റബർ കൃഷിക്ക് അനുയോജ്യമായ പശ്ചിമാഫ്രിക്കയിലെ ഐവറി കോസ്റ്റും ലൈബീരിയയും നൈജീരിയയും മറ്റും. വില ഏക്കറിന് ഒരുലക്ഷം രൂപയിലും താഴെ; മൊത്തമായി വാങ്ങിയാൽ ഏക്കറിനു പതിനായിരം പോലും വരില്ല. കൂലി നമ്മുടേതിലും എത്രയോ കുറവും.
ചെറുപ്പവും ആരോഗ്യവുമുള്ള ജനതയാണ് മറ്റൊരു സമ്പത്ത്. ലോകത്തേറ്റവും വേഗത്തിൽ ജനസംഖ്യ വളരുന്നത് ആഫ്രിക്കയിലാണ്. ജനസംഖ്യയിൽ പകുതിയോളം 20 വയസ്സിനു താഴെ പ്രായമുള്ളവരും.
ഇതുകൊണ്ടൊക്കെ ഈ നൂറ്റാണ്ട് ആഫ്രിക്കയുടേതു കൂടിയാണ്. നൂറു കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയും ചൈനയും വലിയ ടാങ്കറുകൾ പോലെയാണ്. കാറ്റിലും കോളിലും എളുപ്പത്തിൽ ഗതി മാറ്റാനോ വേഗം കൂട്ടാനോ പറ്റില്ല. പക്ഷേ ചെറിയ രാജ്യങ്ങൾക്ക് വേഗത്തിൽ നയങ്ങൾ രൂപീകരിച്ചു നടപ്പാക്കാം. നമ്മളേക്കാൾ വേഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ വളരാനുള്ള സാധ്യത ഏറെയാണ്.
ഇങ്ങനെയെല്ലാമുള്ള ആഫ്രിക്കയിലെ തൊഴിലവസരങ്ങളോ ?
തൽക്കാലമെങ്കിലും ജോലികൾ അവിടെയുള്ള ആളുകളുടെ നെറ്റ്‌വർക്ക് വഴി മാത്രമേ കിട്ടൂ. അങ്ങനെയുള്ളവരെ തേടിപ്പിടിക്കുക. ആഫ്രിക്കയിലാണു ജോലിക്ക് അവസരമെന്നു കേൾക്കുമ്പോൾ പിന്നോട്ടുമാറാതെ ധൈര്യമായി പോകുക.