Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ ആറു പേർക്കപ്പുറം, ബിൽ ഗേറ്റ്സും ഒബാമയും

മുരളി തുമ്മാരുകുടി
worklife2020mt@gmail.com
social networking

എന്താണ് ഈ നൂറ്റാണ്ടിലെ തൊഴിൽജീവിത വിജയത്തിന്റെ അടിസ്ഥാനം ? കുട്ടികളുടെ അഭിരുചിയാണ് ഏറ്റവും പ്രധാനമെന്ന ചിന്താഗതിക്കാരനല്ല ഞാൻ. ഒരുവിഷയം മാത്രം പഠിച്ച് അതിൽത്തന്നെ നിലനിന്നു കരിയറുണ്ടാക്കാൻ ഈ നൂറ്റാണ്ടിൽ പറ്റില്ലെന്നു കഴിഞ്ഞയാഴ്ചകളിൽ പറഞ്ഞല്ലോ. 

‘നെറ്റ്‌വർക്ക്’ അഥവാ നമ്മുടെ ബന്ധങ്ങളാണു പ്രധാനം. പണ്ട്, ഉപരിവർഗസമൂഹം ലോകമെങ്ങും പല തലങ്ങളിൽ ഉയർന്നുപോയിരുന്നു. രാജകുടുംബങ്ങളിലും പ്രഭു കുടുംബങ്ങളിലും ജനിച്ചവർ എത്ര മോശക്കാരെങ്കിലും അധികാരസ്ഥാനങ്ങളിലെത്തി. സാധാരണക്കാരനങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. സാധാരണക്കാരനായി ജനിച്ച നെപ്പോളിയൻ ഫ്രഞ്ച് ചക്രവർത്തിയായത് യൂറോപ്പിലെ ഒരു രാജകുടുംബത്തിനും താങ്ങാൻ പറ്റിയില്ല. അതുകൊണ്ടാണു പരസ്പരവൈരം മറന്ന് അവർ അദ്ദേഹത്തെ തോൽപിക്കാൻ ഒരുമിച്ചത്. 

എന്നാൽ ഒന്നാം ലോക മഹായുദ്ധത്തോടെ പ്രഭുകുടുംബങ്ങളും മറ്റും ലോകത്ത് ഫാഷനബിൾ അല്ലാതായി (അവർ ഇല്ലാതായി എന്നല്ല). പുതിയൊരു വിഭാഗം ഉയർന്നുവന്നു. ഓരോ രാജ്യത്തെയും ഏറ്റവും നല്ല സർവകലാശാലകളിൽ പഠിച്ചിറങ്ങിയവർ. യുഎസിൽ ഹാർവഡും സ്റ്റാൻഫഡും, ഇംഗ്ലണ്ടിൽ ഓക്സ്ഫഡും കേംബ്രിജും, ഫ്രാൻസിൽ നാഷനൽ സ്കൂളുകൾ, ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരം ഐഐടികൾ... ഇവിടങ്ങളിൽ പഠിക്കുന്നവർ തമ്മിലൊരു പാരസ്പര്യമുണ്ടായി. പിന്നീടത് ഇപ്പോൾ പഠിക്കുന്നവരും മുൻപ് പഠിച്ചിറങ്ങിയവരും തമ്മിലെന്ന നിലയിലേക്കു വളർന്നു. ഒരേ വിഷയം പഠിച്ചവരിൽ തന്നെ ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ളവർക്കു ജോലിസാധ്യതയും ശമ്പളവും പതിന്മടങ്ങായി. 

ഈ നൂറ്റാണ്ടിലും തൊഴിൽജീവിതത്തിലെ ഏറ്റവും വലിയ കറൻസി നിങ്ങളുടെ നെറ്റ്‌വർക്ക് തന്നെയായിരിക്കും. ഇവിടെയാണു പഠനത്തിനും ജോലിക്കും സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം. മിക്ക മാതാപിതാക്കളും കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് ഒരു വിഷയം പഠിപ്പിക്കാനാണു ശ്രമിക്കുന്നത്. ഹോസ്റ്റൽ, അനുബന്ധ സൗകര്യങ്ങൾക്കാണ് അടുത്ത മുൻഗണന. അതല്ല വേണ്ടത്. ഭാവി വ്യക്തിബന്ധങ്ങൾക്കുള്ള ഏറ്റവും നല്ല അവസരമെവിടെ എന്നാണു നോക്കേണ്ടത്. 

നല്ല വിദ്യാർഥികൾ, കഴിവുകൾ വളർത്തിയെടുക്കാൻ അവസരം, കൂടുതൽ ഭാഷകൾ പഠിക്കാൻ സൗകര്യം തുടങ്ങിയവയാണു നല്ല വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനദണ്ഡങ്ങൾ. 

പഠിക്കുന്ന സ്ഥാപനത്തിൽ പരമാവധി വൈവിധ്യമുണ്ടെങ്കിൽ നമ്മുടെ നെറ്റ്‌വർക്കും വളരും. പല രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ ഉണ്ടാകുമെന്നതാണ് വിദേശ പഠനത്തിന്റെ മെച്ചം. ഇന്ത്യയിലാണെങ്കിൽ, വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള പരമാവധി കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളാകണം. വൻനഗരങ്ങളിലെ ആർട്സ് കോളജുകളിൽനിന്ന് ഇക്കണോമിക്‌സോ ഹിസ്റ്ററിയോ പഠിക്കുന്നത് ചെറു നഗരത്തിലെ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ പഠിക്കുന്നതിലും എത്രയോ നല്ലതാണ്. 

ഐഐടികൾ, എൻഐടികൾ, ഐസർ, നാഷനൽ ലോ സ്കൂൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചർ തുടങ്ങിയ ശ്രേഷ്ഠസ്ഥാപനങ്ങളിൽനിന്നുള്ളവരാകും നാളെ നേതൃനിരയിലെത്തുക. പറ്റുമെങ്കിൽ ഈ സ്ഥാപനങ്ങളിൽ പഠിക്കണം. 

നെറ്റ്‌വർക്കിങ് ക്ലാസ്റൂമിൽ ഒതുങ്ങിനിൽക്കുന്നില്ല. ഓരോ കംപ്യൂട്ടറും സ്മാർട് ഫോണും അതിനുള്ള അനന്തസാധ്യതകൾ തുറന്നിടുന്നു. സാധാരണക്കാരനു ലോകത്തെ ഏതു വമ്പനുമായും വെറും ആറു ചങ്ങലക്കണ്ണികളുടെ ദൂരമേയുള്ളൂ എന്നൊരു വാദമുണ്ട്. നിങ്ങൾ അറിയുന്ന ഒരാൾ, അയാൾ അറിയുന്ന മറ്റൊരാൾ എന്നിങ്ങനെയെടുത്താൽ ആറു പേർക്കപ്പുറം ബിൽ ഗേറ്റ്സും ഒബാമയുമൊക്കെയുണ്ട്. അവിടെയെത്താനുള്ള മാർഗങ്ങൾ ഫെയ്സ്ബുക്കും ലിങ്ക്ഡ്ഇന്നും മറ്റുമായി വിരൽത്തുമ്പിലുമുണ്ട്. 

Your Rating: