‘‘ഞാനൊരു വേലക്കാരനാണ് ചേട്ടാ’’ എന്ന മുഖവുരയോടെയാണു ഷിനോജ് (പേര് സാങ്കൽപികം) സംസാരിച്ചു തുടങ്ങിയത്. ഫ്രാൻസിലെ ഒരു വലിയ നഗരത്തിന്റെ ചുറ്റുവട്ടത്ത് വയസ്സായ ദമ്പതികളെ നോക്കുകയാണു ജോലി. ആയിരം യൂറോ ശമ്പളം. എന്നുവച്ചാൽ എഴുപതിനായിരം രൂപ. താമസവും ഭക്ഷണവും ഫ്രീ.
‘‘പല ഐടി കമ്പനികളും എൻജിനീയറിങ് കഴിഞ്ഞ് അഞ്ചുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അത്രയും ശമ്പളം കൊടുക്കുന്നില്ല’’– എൻജിനീയറിങ് ബിരുദധാരിയായ ഷിനോജ് പറഞ്ഞു.കോതമംഗലത്തുനിന്ന് എൻജിനീയറിങ് പാസായ ഷിനോജ് എങ്ങനെ ഫ്രാൻസിൽ ഇങ്ങനെയൊരു ജോലിയിലെത്തി ?
ഇവിടെയാണ് യൂറോപ്പിലെ ഉപരിവിദ്യാഭ്യാസത്തിന്റെയും കേരളത്തിലെ വിദ്യാഭ്യാസ കൺസൽറ്റൻസികളുടെയും കഥ തുടങ്ങുന്നത്. നിയമബിരുദം നേടി ഉപരിപഠനത്തിനു ജനീവയിലെത്തി ഹോട്ടലിൽ അടുക്കളപ്പണി ചെയ്യുന്ന ആളെ എനിക്കറിയാം. ഹോട്ടൽ മാനേജ്മെന്റിൽ ഉപരിപഠനത്തിനെത്തി വത്തിക്കാനു മുൻപിൽ കീചെയിൻ വിൽപന നടത്തുന്നവരുണ്ട്. ഇവരെയൊക്കെ ‘ജോഷി ചതിച്ചതാണ് ആശാനേ.’
ഉപരിപഠന താൽപര്യമുള്ളവർ പലപ്പോഴും വിദ്യാഭ്യാസ കൺസൽറ്റൻസികളെ സമീപിക്കുന്നു. അവരുടെ സേവനം വിലപ്പെട്ടതുമാണ്. പക്ഷേ നാം ശരിയായ തയാറെടുപ്പ് നടത്തിയിരിക്കണം.
അവരിൽ ചിലർ പറഞ്ഞേക്കും– ‘‘യൂറോപ്പിൽ നല്ല ചാൻസാണ്. ഫീസില്ല. (ജർമനിയിലും സ്വീഡനിലുമൊക്കെ വിദ്യാഭ്യാസം പലപ്പോഴും സൗജന്യമാണ്. സ്വിറ്റ്സർലൻഡിൽ നിസ്സാര ഫീസേയുള്ളൂ). പഠനത്തിനിടെ ജോലി ചെയ്യാം. ടോഫൽ, ഐഇഎൽടിഎസ്, ജിആർഇ, ജിമാറ്റ്... ഒന്നും വേണ്ട.’’ നമ്മൾ ചോദിച്ചേക്കും– ഇതൊക്കെ സത്യമാണോ?
‘‘അൽപം ചെലവുണ്ട്. വണ്ടിക്കൂലി , താമസച്ചെലവ്, ഹെൽത്ത് ഇൻഷുറൻസ്... ഇതൊക്കെ മാത്രം. (ഇത്തിരി പരുത്തിക്കുരു, ഇത്തിരി കടലപ്പിണ്ണാക്ക്... എന്ന മട്ട്).ഈ വാക്കുകൾ വിശ്വസിച്ച് യൂറോപ്പിലെത്തിക്കഴിഞ്ഞാണു പ്രശ്നം. 1500 യൂറോയെങ്കിലുമില്ലാതെ ഒരു മാസത്തെ ചെലവ് നടക്കില്ല. സ്വിറ്റ്സർലൻഡിൽ രണ്ടായിരത്തിനും മുകളിലാണ്. അതായത് ഒരു ലക്ഷം – ഒന്നര ലക്ഷം രൂപ. ജോലി ചെയ്യാൻ നിയമപരമായി അവകാശമുണ്ടെങ്കിലും ആ നാട്ടിലെ ഭാഷ പഠിക്കാതെ ജോലി കിട്ടില്ല.
പഠിച്ചുകഴിഞ്ഞാൽ യൂറോപ്പിൽ തന്ന ജോലിക്കു ശ്രമിക്കാമെങ്കിലും നാട്ടിലെ പോലെ പത്രപ്പരസ്യമൊന്നും കാണില്ല. മിക്കവാറും റഫറൻസുകളിലൂടെയാണ് ഇന്റർവ്യൂവിന് അവസരം കിട്ടുന്നത്. ഇവിടെയും ഭാഷ പ്രധാനം. സ്വദേശികൾ, യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർ, അഭയാർഥികൾ എന്ന ക്രമത്തിൽ പരിഗണിച്ച ശേഷമേ നമ്മെപ്പോലെയുള്ളവർക്ക് അവസരം കിട്ടൂ. മിക്ക രാജ്യങ്ങളിലും ആറുമാസത്തിനകം ജോലി കിട്ടിയില്ലെങ്കിൽ വീസ കാലാവധി കഴിഞ്ഞ് നാട്ടിലേക്കു മടങ്ങേണ്ടി വരും.
ഈ ഘട്ടത്തിലാണ് കുട്ടികൾ ‘മുങ്ങുന്നത്’. വൻ നഗരങ്ങളിലെത്തി രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരുടെ കൂടെ കൂടും. എന്തു പണിയും ചെയ്ത് പൊലീസിന്റെ കണ്ണുവെട്ടിച്ചു ജീവിക്കും. യോഗ്യത അനുസരിച്ചുള്ള ജോലിയിലെത്താൻ പിന്നെ കടമ്പകൾ പലതാണ്.
പക്ഷേ, ഇങ്ങനെയായിത്തീരേണ്ടതല്ല യൂറോപ്പിലെ ഉന്നതവിദ്യാഭ്യാസം. മികച്ച സർവകലാശാലകൾ, പല രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, പല ഭാഷകൾ, സംസ്കാരങ്ങൾ എന്നിങ്ങനെ ജീവിതം മാറ്റിയെടുക്കാനുള്ള ഘടകങ്ങളൊക്കെ യൂറോപ്പിലെ ഉന്നതവിദ്യാഭ്യാസത്തിനുണ്ട്. പക്ഷേ, അതിനുള്ള തയാറെടുപ്പുകൾ വേറെയായിരിക്കണം.
ഒന്നാമത്, ഏതു രാജ്യമെന്നു തീരുമാനിക്കണം. സാമ്പത്തികമായി എത്ര വലിയ രാജ്യമോ അത്രയും നല്ലത്. പഠനത്തിനിടയ്ക്കും പഠനം കഴിഞ്ഞുമുള്ള ജോലിസാധ്യത, താമസ നിയമ വ്യവസ്ഥകൾ തുടങ്ങിയവ മനസ്സിലാക്കിയ ശേഷം രണ്ടുവർഷമെങ്കിലും ഇന്ത്യയിൽ വച്ച് ആ ഭാഷ പഠിക്കണം. നിലവിൽ അവിടെ കൂടുതൽ തൊഴിലവസരങ്ങളുള്ള മേഖലകൾ അറിയണം. ഇന്ത്യയിലെ ഏതു ഡിഗ്രികൾക്കാണ് അവിടെ അംഗീകാരമെന്നും അറിയണം. ഉദാ: ഇന്ത്യയിലെ മെഡിക്കൽ ഡിഗ്രികൾ യൂറോപ്പിൽ അംഗീകൃതമല്ല. അവിടുത്തെ ജീവിതച്ചെലവുകളെക്കുറിച്ച് ആ നാട്ടിൽ താമസിക്കുന്നവരോട് ചോദിച്ചു മനസ്സിലാക്കണം. വീട്ടുജോലിക്കാരില്ലാതെ അലക്കും പാചകവുമടക്കം സകല പണിയും ചെയ്യാൻ പഠിക്കണം. രണ്ടുവർഷമാണു പഠനമെങ്കിൽ മൂന്നുവർഷം വരുമാനമില്ലാതെ പിടിച്ചുനിൽക്കാനുള്ള സാമ്പത്തികഭദ്രത വേണം. സ്കോളർഷിപ്പ് അവസരങ്ങളും നല്ല ഇന്റേൺഷിപ്പുകളും കണ്ടുപിടിക്കണം. ഇത്രയൊക്കെ ചെയ്ത ശേഷം യൂറോപ്പിലെത്തിയാൽ ശോഭനമായ ഭാവി ഉറപ്പ്.