ഏറ്റവും കൂടുതൽ കാലം മാതാപിതാക്കളുടെ ചിറകിനുകീഴിൽ നിൽക്കുന്നതു മലയാളിക്കുട്ടികളാണെന്നു തോന്നുന്നു. ബിരുദപഠനം വരെ വീട്ടുകാരുടെ ചെലവിൽ കഴിയുന്നതു സർവസാധാരണം. എന്നാൽ മറ്റിടങ്ങളിൽ ഇങ്ങനെയല്ല; പ്രത്യേകിച്ചു വികസിത രാജ്യങ്ങളിൽ. ഓരോ രാജ്യത്തെയും നിയമമനുസരിച്ചു പതിനാറോ പതിനെട്ടോ വയസ്സാകുന്നതോടെ സമ്പന്ന കുട്ടികൾ പോലും ജോലിക്കു പോയിത്തുടങ്ങും. അതു കൃഷിയിടത്തിലോ ബീയർ പാർലറിലോ ആകാം. ബറാക് ഒബാമയുടെ മകൾ പോയതു റസ്റ്ററന്റിലെ ജോലിക്കാണ്.
വികസിത രാജ്യങ്ങളിൽ പഠനവായ്പ എളുപ്പത്തിൽ കിട്ടും. പക്ഷേ, അതിന്റെ ഉത്തരവാദിത്തവും കുട്ടികൾക്കാണ്. ചെറുപ്രായത്തിലേ പണിയെടുത്തു തുടങ്ങിയാൽ ഒരു തൊഴിൽ പഠിക്കാം, വായ്പയുടെ ആവശ്യം കുറയ്ക്കുകയും ചെയ്യാം.
സ്വന്തമായി പണമുണ്ടാക്കുക മാത്രമല്ല അവധിക്കാല ജോലികളുടെ ലക്ഷ്യം. വീട്ടിൽ എല്ലാവിധ മാനസിക പിന്തുണയും ലഭിച്ചാണ് കുട്ടികൾ വളരുന്നത്. ജോലി സ്ഥലത്ത് അങ്ങനെയല്ല. പഠനം കഴിഞ്ഞ് ആദ്യമായി ജോലിക്കു ചെല്ലുമ്പോൾ അവിടത്തെ കിടമൽസരവും പാരവയ്പും കണ്ടു കുട്ടികൾ അന്തം വിടും. പഠിക്കുന്ന സമയത്തേ ജോലിക്കു പോയാൽ ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. സമ്പന്ന കുട്ടികൾക്കു സാധാരണ ജോലികൾ ചെയ്യുമ്പോൾ സമൂഹം എങ്ങനെയാണ് ഇത്തരം ജോലി ചെയ്യുന്നവരെ കാണുന്നത് എന്ന ബോധ്യമുണ്ടാകും. എല്ലാ ജോലികളോടും ബഹുമാനമുണ്ടാകും. ജീവിത വീക്ഷണം മാറും.
കേരളത്തിൽ കുട്ടികൾ പണിയെടുക്കാതെയായിട്ട് ഒരു തലമുറയേ ആയിട്ടുള്ളൂ. ഗൾഫ് പണം ജീവിതശൈലി മാറ്റുന്നതുവരെ മിക്ക വീടുകളിലും കുട്ടികൾക്ക് എന്തെങ്കിലും ജോലികളുണ്ടായിരുന്നു. എന്റെ ചേട്ടന്മാർ പാടത്തു പണിക്കാരോടൊപ്പം ജോലി ചെയ്തിട്ടാണ് സ്‌കൂളിലും കോളജിലും പോയിരുന്നത്; കൊയ്യാൻ ചേച്ചിമാരും പോയിരുന്നു. അടുത്ത വീടുകളിലും ചായക്കടയിലും പാലുകൊടുക്കുക എന്റെ ജോലിയായിരുന്നു. പക്ഷേ, ഇപ്പോൾ കൂടുതൽ കുട്ടികൾക്കും വീട്ടിൽ പോലും ഉത്തരവാദിത്തമില്ല. സമ്പന്ന, ദരിദ്ര ഭേദമില്ലാതെ ‘കൊച്ചു തമ്പുരാക്കന്മാർ’ ആയിട്ടാണു പുതിയ തലമുറ വളരുന്നത്.
വാസ്തവത്തിൽ അതവരുടെ കുറ്റമല്ല. കുട്ടികൾക്കു കൊടുക്കാനുള്ള ജോലിയോ അങ്ങനെ ചെയ്യിക്കാനുള്ള സംവിധാനമോ സമൂഹം കണ്ടുപിടിക്കുന്നില്ല. 20 ലക്ഷത്തിലധികം മറുനാട്ടുകാർ ജോലി ചെയ്യുന്ന നാടാണു കേരളം. വേണമെങ്കിൽ നമ്മുടെ കുട്ടികൾക്കു വേഗം ജോലി കിട്ടും. പക്ഷേ, മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പിന്തുണ വേണം. മകൾ റസ്റ്ററന്റിൽ ജോലി ചെയ്താലും ഒബാമയ്ക്കു മാനഹാനിയില്ല. നമ്മുടെ കുട്ടികൾ എൻജിനീയറിങ് പഠനത്തിനിടെ ഹോട്ടലിൽ ജോലി ചെയ്തു ജീവിച്ചാലോ?
പ്ലമിങ് മുതൽ ഫൊട്ടോഗ്രഫി വരെയും ഇവന്റ് മാനേജമെന്റ് മുതൽ വെബ് ഡിസൈൻ വരെയും എത്രയോ മേഖലകൾ. സർക്കാരിന്റെ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമുമായി (അസാപ്) ചേർന്ന് എളുപ്പത്തിൽ ഇതു സാധ്യമാകും. സമൂഹം ചില കാര്യങ്ങൾ മുൻകയ്യെടുക്കണമെന്നു മാത്രം.
1. കുട്ടികളെ നിശ്ചിത പ്രായം മുതൽ പഠനത്തിനൊപ്പം ജോലിയും ചെയ്യാൻ അനുവദിച്ച് പ്രത്യേക നിയമം ഉണ്ടാക്കണം.
2. ജോലി ചെയ്യുന്ന കുട്ടികൾക്കു കോളജുകൾ ഇളവ് അനുവദിക്കണം. ഉദാ: നാലു വർഷ കോഴ്സ് അഞ്ചുവർഷം കൊണ്ടു പൂർത്തിയാക്കാനുള്ള അവസരം.
3. ജോലി ചെയ്തു ഫീസ് അടയ്ക്കുന്നവർക്ക് പഠനവായ്പയിൽ ഇളവ് നൽകണം.
4. പെൺകുട്ടികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ അവരുടെ സംരക്ഷണത്തിനും വിവേചനവും ചൂഷണവും ഒഴിവാക്കുന്നതിനും പ്രത്യേകം സംവിധാനമുണ്ടാക്കണം.
5. പ്രഫഷനൽ കോളജുകളിൽ അഡ്മിഷനു വിഷയവുമായി ബന്ധപ്പെട്ട് മൂന്നുമാസത്തെ തൊഴിൽപരിചയം നിർബന്ധമാക്കണം.
തൽക്കാലം നമ്മുടെ മക്കളെ വീട്ടിലെ പണികളെങ്കിലും പഠിപ്പിച്ചു തുടങ്ങാം. 18 വയസ്സ് കഴിഞ്ഞാൽ പരിചയമുള്ള ഏതെങ്കിലും സ്ഥാപനത്തിൽ അവധി ദിവസമോ വൈകുന്നേരമോ ജോലിക്കു മാർഗമുണ്ടോ എന്നു നോക്കുക. വിദേശ മലയാളികള്‍, അവരുടെ കുട്ടികൾ നാട്ടിൽ ഉണ്ടെങ്കിൽ, ഇക്കാര്യത്തിൽ മുൻകയ്യെടുക്കണം. പാവപ്പെട്ട കുട്ടികൾ വേെറ മാർഗമില്ലാത്തതു കൊണ്ടാണ് പഠനകാലത്തു ജോലിക്കു പോകുന്നതെന്ന ചീത്തപ്പേര് മാറണം. ഇതു വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി സമൂഹം കണ്ടുതുടങ്ങുകയും വേണം.