ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും എക്കാലവും ബഹുമാനിക്കപ്പെടുന്നതുമായ പ്രഫഷൻ ആണു വൈദ്യം. ചൈനയിലെ പാരമ്പര്യവൈദ്യം, ഇന്ത്യയിലെ ആയുർവേദം തുടങ്ങി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പല രൂപത്തിൽ പണ്ടേ വൈദ്യം ഉണ്ടായിരുന്നു. മനുഷ്യനുള്ളിടത്തോളം കാലം നിലനിൽക്കുകയും ചെയ്യും.
കേരളത്തിൽ ആദ്യമായി മെഡിക്കൽ കോളജുകൾ ഉണ്ടാകുന്നത് 1951ലാണ്. ഇപ്പോൾ സർക്കാർ, സ്വകാര്യ മേഖലകളിലായി മുപ്പത്തിയേഴോളം മെഡിക്കൽ കോളജുകൾ കേരളത്തിലുണ്ട്. അന്നുമിന്നും പ്രവേശനം ദുഷ്കരവും പഠനം പണച്ചെലവേറിയതുമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ പ്രഫഷന്റെ ഭാവി എന്താണ് ?
ഏറുന്ന ഡിമാന്‍ഡ്: പണ്ടു നാലു മെഡിക്കൽ കോളജ് ഉണ്ടായിരുന്നിടത്ത് ഇപ്പോൾ മുപ്പത്തിയേഴായ സ്ഥിതിക്ക് നമുക്ക് ആവശ്യത്തിലധികം ഡോക്ടർമാരുണ്ടെന്നും അതിനാൽ ഡിമാൻഡ് കുറയുമെന്നും തോന്നാം. ഇതു ശരിയല്ല. വികസിതരാജ്യങ്ങളിൽ ആയിരം പേർക്കു മൂന്നു ഡോക്ടർമാരിലേറെയുണ്ട്. ഇന്ത്യയിൽ ഇപ്പോഴും ശരാശരി രണ്ടായിരം പേർക്ക് ഒരു ഡോക്ടറേയുള്ളൂ. ഒരു തലമുറകൊണ്ടു പോലും നമുക്ക് ആവശ്യമുള്ള ഡോക്ടർമാരാകില്ലെന്നു സാരം. അഭ്യസ്തവിദ്യരായ ഡോക്ടർമാരുടെ തൊഴിലില്ലായ്മ അടുത്തകാലത്തൊന്നും പ്രശ്നമാകില്ല. ന്യായമായ ശമ്പളവുമുണ്ട്.
മാറുന്ന ട്രെന്‍ഡ്: സ്പെഷലൈസേഷനുകളിലെ ട്രെൻഡ് മാറിവരാൻ പോകുകയാണ്. കേരളത്തിലെ ആളുകൾ കൂടുതൽ സമ്പന്നരായി കൂടുതൽ കാലം ജീവിക്കുകയാണ്. വയസ്സുകാലത്ത് മക്കൾ നോക്കുമെന്ന പ്രതീക്ഷയിലാണു പണ്ട് ആളുകൾ ജീവിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇന്ത്യയിലും പുറത്തും ജോലിയെടുക്കുന്ന തലമുറ സ്വന്തം കാര്യം സ്വയം നോക്കേണ്ടിവരുമെന്ന് ഉറച്ച വിശ്വാസമുള്ളവരാണ്. ഇപ്പോള്‍ ശിശുരോഗ വിദഗ്ധര്‍ക്കാണു തിരക്കെങ്കില്‍ ഭാവിയില്‍ അതു ജെറിയാട്രീഷ്യന്മാര്‍ക്കായിരിക്കും.
കൂട്ട് വേണം, കംപ്യൂട്ടറുമായും: ഡിമാൻഡ് കൂടുമെങ്കിലും പുതിയ തരം സ്പെഷലൈസേഷനുകള്‍ വരുമെങ്കിലും ഡോക്ടർമാരുടെ സ്ഥിതി പൊതുവിൽ സുരക്ഷിതമാണെന്നു വിചാരിക്കരുത്. റോബട്ടിക്സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വളർച്ച ഡോക്ടർമാരുടെ പ്രഫഷനെ പാടെ മാറ്റിമറിക്കും. പരിശോധനയിലും രോഗ നിർണയത്തിലും ഡോക്ടർക്കുള്ള പങ്ക് മിക്കവാറും ഇല്ലാതാകും.
ആശുപത്രിയിൽ എത്തുന്ന രോഗിക്ക് എന്തൊക്കെ പരിശോധനകള്‍ വേണമെന്നു തീരുമാനിക്കുന്ന ജോലിയേ ഇനി ഒരു പരിധി വരെ ഡോക്ടർമാർക്കുണ്ടാകൂ. അതുതന്നെ കയ്യിലുള്ള സെൻസറുകളുടെയും തയാറാക്കുന്ന ചെക്ക് ലിസ്റ്റിന്റെയും അടിസ്ഥാനത്തിൽ കംപ്യൂട്ടർ തീരുമാനിക്കാനും മതി. ടെസ്റ്റ് ചെയ്യുന്ന മെഷീനുകൾ പരസ്പരം സംവദിക്കും. എല്ലാ പരിശോധനാഫലങ്ങളും വിശകലനം ചെയ്ത് റോബട് ഡോക്ടർ രോഗം നിർണയിക്കും; ചികിൽസിക്കും. അതു രോഗിയെ പറഞ്ഞു മനസ്സിലാക്കുന്ന പണി മാത്രമാകും ഡോക്ടറുടേത്. ഇപ്പോഴത്തെ പോലെ കംപ്യൂട്ടറുമായി അകലം പാലിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസം കുട്ടികളെ കുഴിയിൽ ചാടിക്കും. ഓര്‍ത്തിരിക്കുക.
അതിരുകള്‍ അറിയുക: മോഡേൺ മെഡിസിൻ ലോകത്ത് എല്ലായിടത്തും അംഗീകരിക്കപ്പെട്ടതാണെങ്കിലും ഡോക്ടർമാരുടെ കാര്യം അങ്ങനെയല്ല. ഒരു രാജ്യത്തെ മെഡിക്കൽ ഡിഗ്രി മറ്റൊരു രാജ്യത്ത് അതേപടി ഉപയോഗിക്കാൻ പറ്റില്ല. തൽക്കാലം ഒരു പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞാൽ ഗൾഫിൽ നമ്മുടെ ഡിഗ്രി വച്ചു പ്രാക്ടീസ് ചെയ്യാം. ഇംഗ്ലണ്ടിൽ പ്രാക്ടീസ് ചെയ്യാൻ കുറച്ചുകൂടി കടമ്പകളുണ്ട്.
യുഎസിലാകട്ടെ, വർഷങ്ങളോളം നീളുന്ന പരിശീലനം വേണ്ടിവരും. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യൻ ഡിഗ്രി വച്ച് ഡോക്ടറായി പ്രാക്ടീസ് ചെയ്യുക ഏതാണ്ട് അസാധ്യമാണ്. ഇതേ പ്രശ്നം മറ്റു രാജ്യങ്ങളിലെ മെഡിക്കൽ ഡിഗ്രികള്‍ക്കുമുണ്ട്. ചില രാജ്യങ്ങളിൽ എംബിബിഎസ് പഠിക്കാൻ ചെലവ് കുറവും അഡ്മിഷൻ കിട്ടാൻ എളുപ്പവുമാണെങ്കിലും പഠിച്ചുകഴിഞ്ഞ് തിരികെ ഇന്ത്യയിൽ വന്നാൽ പ്രാക്ടീസ് ചെയ്യാൻ പിന്നെയും പരീക്ഷയുണ്ട്. ഇന്ത്യൻ ഡിഗ്രികൾ അംഗീകരിച്ച നാടുകളിൽ പോലും ഈ വിദേശ ഡിഗ്രികൾ അംഗീകരിക്കപ്പെട്ടതായിരിക്കണമെന്നില്ല. ഈ രണ്ടു കാര്യങ്ങളും കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കണം.
Read More: Career Guidance By Muralee Thummarukudy