ആലപ്പുഴ ∙ 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്കു കിരീടം. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കോഴിക്കോടിനെ മൂന്നു പോയിന്റിനു പിന്നിലാക്കിയാണ് പാലക്കാടിന്റെ നേട്ടം. പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂർ ജില്ലയാണു മൂന്നാം സ്ഥാനത്ത്. തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ട മൽസരങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് പാലക്കാട് ജേതാക്കളായത്. അവസാന നിമിഷം വരെ കടുത്ത മൽസരം കാഴ്ചവച്ച് കോഴിക്കോടും ഒപ്പമുണ്ടായിരുന്നു. അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോൽസവം കാസർകോട് ജില്ലയിലാണ് നടത്തുക.
901 പോയിന്റോടെ കണ്ണൂരാണ് നാലാം സ്ഥാനത്ത്. 895 പോയിന്റോടെ മലപ്പുറം അഞ്ചാം സ്ഥാനത്തും എത്തി. ഇതിനു മുൻപ് 2006ലാണ് ആദ്യമായി 117.5 പവന്റെ ഈ സ്വർണക്കപ്പിൽ മുത്തമിടാൻ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ൽ പാലക്കാട് കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു. കുറഞ്ഞ പോയിന്റുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനക്കാരായി തുടർന്നു വന്ന ദുര്യോഗത്തിനാണ് ഇന്ന് പാലക്കാട് ആലപ്പുഴയുടെ മണ്ണിൽ കടിഞ്ഞാണിട്ടിരിക്കുന്നത്. ചെലവു ചുരുക്കലിൽ ആഘോഷങ്ങളുടെ ഭാഗമായി വരുന്ന സമാപന സമ്മേളനം ഒഴിവായപ്പോൾ സ്വർണക്കപ്പ് കയ്യിലേന്തി ഒരു പടമെടുക്കാൻ ജില്ലയിൽ നിന്നെത്തിയ മൽസരാർഥികൾക്കു സാധിച്ചില്ല എന്ന ദുഖം മാത്രം ബാക്കിവച്ചാണ് വിദ്യാർഥികൾ നാട്ടിലേയ്ക്ക് മടങ്ങുന്നത്.
തുടർച്ചയായ 12 വർഷങ്ങളായി കോഴിക്കോട് പുലർത്തിവന്ന ആധിപത്യമാണ് ഇന്ന് പാലക്കാട് തകർത്തത്. സ്കൂൾ കലാ വിജയികൾക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തിയതിനു ശേഷം 1991ൽ കോഴിക്കോട് ആദ്യമായി സ്വർണക്കപ്പിൽ മുത്തമിട്ടു. പിന്നെ 1992ലും 1993ലും വിജയം വരിച്ചു. 2001, 2002, 2004, 2005 വർഷങ്ങളിൽ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ 2007 മുതൽ തുടർച്ചയായി കിരീടം സ്വന്തമാക്കാൻ കോഴിക്കോടിനു സാധിച്ചിരുന്നു.
അതിജീവനം നൽകിയ പുതിയ പാഠങ്ങളുമായി
പ്രളയം നൽകിയ പുതിയ സ്നേഹ സൗഹൃദങ്ങളുടെയും അതിജീവനത്തിന്റെയും അനുഭവപാങ്ങളുമായാണ് കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള കുരുന്നുകൾ മാറ്റുരയ്ക്കാനെത്തിയത്. മൽസര ഇനങ്ങളിലും അവർ പ്രളയവും ഭീതിയും കൊടുങ്കാറ്റുമെല്ലാം വിഷയമാക്കിയപ്പോൾ ഓർമകളുടെ കണ്ണീർ ചാലുകൾ കാഴ്ചക്കാരിലും പ്രകടമായിരുന്നു. പ്രളയത്തെ തോൽപിച്ച് മൽസരിക്കാനെത്തിയ കുട്ടികളും ക്ലാസ് മുറികളിൽ പോലും വെള്ളം കയറിയിട്ടും കെടാത്ത വീര്യവുമായെത്തിയ മൽസരാർഥികളും നവകേരളം ആർജിക്കുന്ന പുതിയ ജീവിതത്തിന്റെ നേർചിത്രങ്ങളായി.
കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ
കല്ലുകടിയുടെ രണ്ടാം നാൾ
ഷെഡ്യൂളുകളിൽ കാര്യമായ മാറ്റങ്ങളില്ലാതെ ആദ്യ ദിനം കടന്നു പോയെങ്കിലും രണ്ടാം ദിനം കല്ലുകടിയുടേതായി. രാവിലെ ഉപന്യാസ മൽസരത്തിനു വിധികർത്താവായി ദീപാ നിശാന്ത് എത്തിയത് ഒരുപറ്റം വിദ്യാർഥി സംഘടനകളെ പ്രകോപിപ്പിച്ചു. കവിത മോഷണക്കേസിൽ ആരോപണം നേരിടുകയും കുറ്റമേേൽക്കേണ്ടി വരികയും ചെയ്ത ദീപയുടെ ധാർമികതയെ രാഷ്ട്രീയപരമായും അല്ലാതെയും ചോദ്യം ചെയ്ത് നിരവധിപ്പേർ രംഗത്തെത്തിയതോടെ വിധിനിർണയ ഫലം റദ്ദാക്കി പുതിയ വിധികർത്താക്കളെ നിയോഗിക്കേണ്ടി വന്നു സംഘാടകർക്ക്. കൂടിയാട്ടം മൽസരത്തിൽ വിധികർത്താവായി മൽസരാർഥികളുടെ അധ്യാപകൻ തന്നെ എത്തിയത് ഒരു പറ്റം മൽസരാർഥികളെ തെരുവിലിറക്കിയതും കലോൽസവത്തിന്റെ രണ്ടാം ദിവസമാണ്. മൽസരം തടസപ്പെടുത്തിയും വഴി തടഞ്ഞും രംഗത്തെത്തിയ ഒരു പറ്റം വിദ്യാർഥികളെ അനുനയിപ്പിക്കാൻ മൽസരാർഥിയെ മാറ്റുകയും മൽസരം അവസാന ദിവസം പുതിയൊരു വേദിയിൽ നടത്താൻ തീരുമാനിക്കുകയും ചെയ്യേണ്ടി വന്നു.
തിങ്ങിനിറഞ്ഞ വേദികളുമായി മൂന്നാം നാൾ
യുവജനോൽസവം അവസാന ദിനത്തിൽ മൽസരങ്ങൾ കാണാനെത്തിയവരെക്കൊണ്ട് വേദികൾ നിറഞ്ഞു കവിഞ്ഞു. മൊഞ്ചത്തിപ്പെൺകുട്ടികളുടെ ഒപ്പനമൽസരം കാണാൻ വേദി ഒന്നിലും സംഘനൃത്തം കാണാൻ വേദി മൂന്നിലും തടിച്ചു കൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്റ്റുഡന്റ് കേഡറ്റ്സിനു കഴിയാതെ വന്നതോടെ പൊലീസ് സാന്നിധ്യം വേണ്ടിവന്നു. അവധി ദിവസം ആയതും കലാ സ്നേഹികൾക്ക് സൗകര്യമായി. ആലപ്പുഴയ്ക്കു പുറത്തു നിന്നുള്ള നിരവധി കലാ പ്രേമികളാണ് മൂന്നാം ദിനം വിവിധ വേദികളിൽ തടിച്ചു കൂടിയത്.
ചെലവു ചുരുക്കിയ ഉൽസവം
ചെലവു ചുരുക്കുന്നതിനായി സർക്കാരും സംഘാടകരും തീരുമാനിച്ചപ്പോൾ ഏഴു ദിവസം നടന്നു വന്ന കലോൽസവം മൂന്നു ദിവസത്തിലേയ്ക്ക് ചുരുങ്ങിയപ്പോഴും എതിർശബ്ദങ്ങൾ അധികം ഉയരാതെ പരമാവധി മനോഹരമായാണ് കലയുടെ ഉൽസവത്തിനു ആലപ്പുഴയിൽ തിരതാഴുന്നത്. കഴിഞ്ഞ തവണ കലോൽസവ ചെലവ് ഒരുകോടി കവിഞ്ഞിരുന്നെങ്കിൽ ഇത്തവണ അത് 40 ലക്ഷത്തിൽ താഴെ നിർത്താൻ സംഘാടകസമിതിക്ക് സാധിച്ചിട്ടുണ്ട്.
എത്ര നന്ദിപറഞ്ഞാലും..
സംഘാടക സമിതിയുടെയും അധ്യാപകസംഘടനകളുടെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തിനും കഠിനാധ്വാനത്തിനും എത്ര നന്ദിപറഞ്ഞാലും മതിയാവാത്തത്ര മികച്ച സേവനമാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ അവർ കാഴ്ചവച്ചത്. ഭക്ഷണപ്പുരകളെല്ലാം നിറഞ്ഞു കവിഞ്ഞിട്ടും ഭക്ഷണത്തിന് കുറവുണ്ടായില്ലെന്നു മാത്രമല്ല, അധികസമയം കാത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കേണ്ട സാഹചര്യവും കുറവായിരുന്നു. കുടിവെള്ളവും നാരങ്ങാവെള്ളവും ചുക്കുകാപ്പിയുമെല്ലാമായി പൊലീസ് അസോസിയേഷൻ പ്രവർത്തകർ വേദി ഒന്നിനു സമീപം കർമ നിരതരായി. അതുകൊണ്ടുതന്നെ പെരും ചൂടിൽ കുടിവെള്ളം തേടി വേദിയിലെത്തിയവർക്ക് അലയേണ്ടി വന്നില്ല. പൊലീസ് യൂണിഫോമുകളും ചരിത്രരേഖകളുമെല്ലാമായി സംഘടിപ്പിച്ച എക്സിബിഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു.