സൗഭാഗ്യ പാടി; അസ്ഥി നുറുങ്ങുന്ന വേദനയോടെ

‘പാടീടാം, കല്യാണത്തിനു കൂടിടാം...’ അസ്ഥി ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കാൽ നീട്ടിവച്ച് സൗഭാഗ്യ പാടി. തോഴികൾ ചേർന്നുപാടി. വേദിയിൽനിന്നിറങ്ങിയ സൗഭാഗ്യയുമായി വാഹനം നേരെ കൊല്ലം തേവള്ളിയിലെ ആശുപത്രിയിലേക്കു പുറപ്പെട്ടു. അപകടത്തിൽ കാലിനു ഗുരുതരമായി പരുക്കേറ്റ സൗഭാഗ്യയുടെ കാലിൽ സ്റ്റീൽ പട്ടകൾ പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ബുധനാഴ്ചയാണ്. േതവള്ളി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ സൗഭാഗ്യ അവിടെനിന്നുള്ള എച്ച്എസ്എസ് ഒപ്പനസംഘത്തിലെ പ്രധാന ഗായികയാണ്. 

കഴിഞ്ഞയാഴ്ച സ്കൂട്ടറിൽ കാർ ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തിൽ കാലിനു ഗുരുതരമായി പരുക്കേറ്റ സൗഭാഗ്യക്ക് ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു.  കലോത്സവത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം പരിഗണിച്ച് ശസ്ത്രക്രിയ ഇന്നത്തേക്കു മാറ്റി. യാത്രാക്ഷീണം  ഒഴിയട്ടെയെന്നു കരുതി, ഒടുവിൽ ബുധനാഴ്ചയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഏഴിന്  ആശുപത്രിയിൽനിന്നു പുറപ്പെട്ട വാഹനത്തിൽ ഒൻപതോടെയാണ് സൗഭാഗ്യ ആലപ്പുഴയിലെ ഒന്നാംവേദിയിൽ ഒപ്പനയ്ക്കെത്തിയത്.  ഊഴമെത്തിയപ്പോൾ ഉച്ചകഴിഞ്ഞു. വേദിയുടെ ഒരുവശത്ത് ബെ‍ഞ്ചുകൾ നിരത്തി, സദസ്സിന് അഭിമുഖമായി ഇരുന്നാണ് പാടിയത്. സഹഗായകരായ ആസിയയും ആതിരയും പതിവുപോലെ കളിക്കാരെ നോക്കി അകമ്പടി പാടി.

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ