‘‘എല്ലാവരും നിങ്ങളെ ഹീറോയെന്നു വിളിക്കുന്നു...’’- ചെസ്‌ലി സള്ളൻബെർഗറോടു മാധ്യമപ്രവർത്തക പറഞ്ഞു.
നിർവികാരമായി അദ്ദേഹത്തിന്റെ മറുപടി: ‘‘എനിക്കങ്ങനെ തോന്നുന്നില്ല.’’
രണ്ട് എൻജിനും തകർന്ന യുഎസ് എയർവേയ്സ് വിമാനം ഹഡ്സൻ നദിയിൽ ക്രാഷ് ലാൻഡ് ചെയ്ത് 2009ൽ 155 പേരുടെ ജീവൻ രക്ഷിച്ച പൈലറ്റാണു പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതം പിന്നീട് ‘സള്ളി’ എന്ന പേരിൽ ഹോളിവുഡ് ചിത്രമായി.
വിമാനം പറത്താൻ എത്രമാത്രം സാങ്കേതിക പരിജ്ഞാനം ഉണ്ടാകണം, നിർണായക നിമിഷങ്ങളിൽ ഉചിത തീരുമാനം എങ്ങനെയെടുക്കണം, സമ്മർദഘട്ടത്തിലും എത്രമാത്രം സംയമനം വേണം തുടങ്ങിയ കാര്യങ്ങളിൽ ഒരു പൈലറ്റിനുള്ള പാഠപുസ്തകമാണു ചെസ്‌ലിയുടെ കഥ.
ഒരുങ്ങാം കരുതലോടെ...
സർക്കാർ–സ്വകാര്യ ഏവിയേഷൻ അക്കാദമികൾ ഏറെയുണ്ട് ഇന്ത്യയിൽ. ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അംഗീകാരമുള്ള ഫ്ലൈയിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നാണു പൈലറ്റ് ലൈസൻസ് നേടേണ്ടത്. വ്യോമയാന വകുപ്പിനു കീഴിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഠാൻ അക്കാദമി (ഐജിആർയുഎ) ഉണ്ട്. 45 ലക്ഷത്തോളം രൂപയാണു ഫീസ്.
കുറഞ്ഞ പ്രായം: 17 വയസ്സ്
യോഗ്യത: പ്ലസ് ടു
‘ആബ് ഇനിഷ്യോ ടു സിപിഎൽ’ (മൾട്ടി എൻജിൻ വിമാനത്തിലെ ഇൻസ്‌ട്രമെന്റ് റേറ്റിങ് അടങ്ങുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്) കോഴ്‌സിൽ ചേരാൻ മാത്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 55 % മാർക്കോടെ പ്ലസ് ടു ജയിക്കണം; പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 50%.
അക്കാദമികളിൽ എഴുത്തുപരീക്ഷ, അഭിരുചി/ സൈക്കോമെട്രിക് ടെസ്‌റ്റ്, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിയ കടമ്പകളുമുണ്ട്. വിമാനക്കമ്പനികൾ നിയമനഘട്ടത്തിലും ഇതെല്ലാം നടത്തും.
പഠിച്ചും പറന്നും
തിയറിയും പ്രാക്ടിക്കലും ചേർന്നതാണു പരിശീലനം. എയർ നാവിഗേഷൻ, മീറ്റിയറോളജി (ഓൺലൈൻ പരീക്ഷ), എയർ റഗുലേഷൻസ്, ടെക്‌നിക്കൽ ജനറൽ, ടെക്‌നിക്കൽ സ്‌പെസിഫിക് എന്നീ അഞ്ചു വിഷയങ്ങളിൽ എഴുത്തുപരീക്ഷ. പറക്കൽ പരിശീലനം പൂർത്തിയാക്കുകയും ഈ അഞ്ചു വിഷയങ്ങളിൽ പാസാകുകയും ചെയ്‌താൽ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസിന് (സിപിഎൽ) അപേക്ഷിക്കാം.
∙പൈലറ്റ് ആകാൻ വ്യോമസേനയുടെ ക്ലാസ് 2, ക്ലാസ് 1 മെഡിക്കൽ പരിശോധനകളും പൂർത്തിയാക്കണം. മികച്ച ശാരീരികക്ഷമത നിർബന്ധം.
∙എയർക്രാഫ്റ്റ് റേഡിയോ ഓപ്പറേഷൻ പഠനത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളുമായി ആശയവിനിമയത്തിനുള്ള റേഡിയോ ടെലിഫോൺ (ആർടി) പരിശീലനവും പൂർത്തിയാക്കണം. വയർലെസ് പ്ലാനിങ് കമ്മിഷൻ നടത്തുന്ന ഈ പരീക്ഷ എഴുതാനുള്ള കുറഞ്ഞപ്രായം 18.
∙സിപിഎല്ലും ആർടിയും വിജയകരമായി നേടിയാൽ ഫ്ലൈറ്റ് റേഡിയോ ടെലിഫോൺ ഓപ്പറേറ്റേഴ്‌സ് ലൈസൻസും (എഫ്‌ആർടിഒഎൽ) ഡിജിസിഎ നൽകും. മേഘങ്ങൾമൂലം കാഴ്‌ച അസാധ്യമാകുമ്പോൾ യന്ത്രസഹായത്തോടെ മുന്നോട്ടു കാണാനുള്ള പരിശീലനവുമുണ്ട്.
∙ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തുന്ന ഇംഗ്ലിഷ് പരിജ്ഞാന (ലൈവൽ 4) പരീക്ഷയും പാസാകണം. പ്രാക്ടിക്കലിലേക്കു കടക്കും മുൻപ് തിയറി പരീക്ഷകളെല്ലാം എഴുതിയെടുക്കുന്നതാണ് നല്ലത്– പഠനം പെട്ടെന്നു തീരും; ഫീസും ലാഭിക്കാം.
പറക്കാം പ്രാക്ടിക്കലിലേക്ക്...
ചീഫ് ഫ്ലൈറ്റ് ഇൻസ്ട്രക്ടറുടെ സ്പെഷൽ വൈവ പാസായാൽ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് (എസ്പിഎൽ) ലഭിക്കും. അടിസ്ഥാന സാങ്കേതികജ്ഞാനമാകും പരിശോധിക്കുക. ചെറിയ വിമാനങ്ങൾ പറത്തി പരിശീലിച്ചാൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ) ലഭിക്കും. തുടർന്നാണു വലിയ വിമാനങ്ങളിലെ പരിശീലനം.
ജോലി നേടാൻ
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് അഞ്ചുവർഷമാണു കാലാവധി. വിമാനക്കമ്പനികളിലേക്ക് സിലക്ട് ചെയ്യപ്പെട്ടാൽ പിന്നീട് ടൈപ്പ് ട്രെയിനിങ് അഥവാ സ്പെഷലൈസേഷനു വിടും. ചെലവായ 30 ലക്ഷത്തോളം രൂപ ഉദ്യോഗാർഥി വഹിക്കണം. നമുക്ക് അഭിരുചിയുള്ള, തൊഴിൽ സാധ്യത ഏറെയുള്ള ഒരു പ്രത്യേക എയർക്രാഫ്റ്റ് മോഡൽ കണ്ടെത്തി അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വേണം പഠനം.
More Campus Updates>>