വരൂ വിജയിക്കൂ; 25 ലക്ഷം നേടൂ

മോഡലുകൾ: ഗായത്രി ഹരി, ഐറിൻ എൽസ വർഗീസ്, ജസ്റ്റിൻ മാത്യു, എ. വിഷ്ണു(പത്തനംതിട്ട മുസല്യാർ കോളജ് ഒാഫ് എൻജിനീയറിങ് വിദ്യാർഥികൾ)ചിത്രം: നിഖിൽ രാജ്

10 %. ലോകമെങ്ങുമുള്ള സ്റ്റാർട്ടപ്പുകളിൽ വിജയിക്കുന്നതു പത്തു ശതമാനമാണ്. പരാജയപ്പെടുന്ന തൊണ്ണൂറു ശതമാനത്തിൽനിന്ന് ഇവയെ വേറിട്ടുനിർത്തുന്നതെന്ത് ? രാജ്യാന്തര പഠനങ്ങൾ നാലു ഘടകങ്ങൾ ചൂണ്ടിക്കാട്ടുന്നു– വിപണിയെക്കുറിച്ചുള്ള വ്യക്തമായ ബോധം, ഉൽപന്നത്തിന്റെ നവീനത, സ്ഥിരപരിശ്രമം, ശരിയായ പിന്തുണയും മാർഗദർശനവും. ആദ്യ മൂന്നും നമ്മുടെ മികവിന്റെ അടയാളങ്ങളാണ്; നാലാമത്തെ ഘടകമാകട്ടെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതേസമയം, ഏറെ പ്രധാനവും. 

ലോക്ക്‌ഹീഡ് മാർട്ടിൻ പോലെയൊരു രാജ്യാന്തര വമ്പൻ തന്നെയാണു വഴികാട്ടാനുള്ളതെങ്കിലോ ? ‌ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തെ ശക്തിപ്പെടുത്താൻ കേന്ദ്ര ശാസ്ത്ര–സാങ്കേതികവകുപ്പും (ഡിഎസ്ടി) യുഎസിലെ എയ്റോസ്പേസ് വമ്പൻമാരായ ലോക്ഹീഡ് മാർട്ടിനും ചേർന്നു 2007ൽ രൂപം നൽകിയ ഇന്ത്യ ഇന്നവേഷൻ ഗ്രോത്ത് പ്രോഗ്രാം (ഐഐജിപി) ഇന്നു രാജ്യത്തെ ഏറ്റവും വലിയ പൊതു–സ്വകാര്യ സംരംഭങ്ങളിലൊന്നാണ്.

പദ്ധതിയുടെ പരിഷ്കരിച്ച രൂപമായ ഐഐജിപി 2.0 ഈയിടെ അവതരിപ്പിച്ചു. ടാറ്റ ട്രസ്റ്റ്സ് കൂടി നേതൃനിരയിലെത്തിയതോടെ പദ്ധതിക്കു മൂല്യമേറി. ഇംപ്ലിമെന്റേഷൻ പാർട്നർമാരെന്ന നിലയിൽ ഇൻഡോ –യുഎസ് സയൻസ് ആൻഡ് ടെക്നോളജി ഫോറം, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി), ഐഐഎം അഹമ്മദാബാദ്, ഐഐടി ബോംബെ, എംഐടി ടാറ്റ സെന്റർ എന്നിവ കൂടി എത്തുന്നതോടെ പ്രോഗ്രാമിനു കരുത്തേറുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്കു സാമ്പത്തിക–സാങ്കേതിക സഹായങ്ങൾ നൽകുന്നതാണു പ്രോഗ്രാം.രണ്ടു രീതിയിലാണ് ഇത്തവണ പ്രോഗ്രാം എത്തുന്നത്.

1. യൂണിവേഴ്സിറ്റി ചാലഞ്ച്
സർവകലാശാലാ വിദ്യാർഥികൾക്ക് ഒറ്റയ്ക്കോ ടീമായോ പങ്കെടുത്ത് ആശയങ്ങൾ സമർപ്പിക്കാം. വ്യാവസായികം, സാമൂഹികം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്.പ്രാരംഭ സ്ക്രീനിങ് വഴി 30 എണ്ണം തിരഞ്ഞെടുക്കും. തുടർന്ന് ഐ‍ഡിയേഷൻ ഘട്ടം കഴിഞ്ഞ് തിരഞ്ഞെടുക്കുന്ന 10 പ്രോജക്ടുകൾക്കു 10 ലക്ഷം രൂപ വീതം ധനസഹായം. തുടർന്നുള്ള ഇന്നവേഷൻ ഘട്ടം കൂടി കഴിഞ്ഞാൽ ഇവയിൽ നാലു ടീമുകൾക്ക് 25 ലക്ഷം രൂപ വീതം ഗ്രാന്റ്.

2. ഓപ്പൺ ഇന്നവേഷൻ ചാലഞ്ച്
ഈ മൽസരത്തിന് അൽ‌പം വ്യത്യാസമുണ്ട്. സാങ്കേതികമേഖലയിലുള്ളവർക്ക് അപേക്ഷിക്കാം. ആദ്യഘട്ട സ്ക്രീനിങ്ങിലൂടെ ലഭിക്കുന്ന 50 ആശയങ്ങളിൽ നിന്നു പത്തെണ്ണം തിരഞ്ഞെടുക്കും. ഇവർക്ക് സീഡ് ഫണ്ടിങ് (കമ്പനിയിലുള്ള ഇക്വിറ്റി സ്റ്റേക്കുകൾക്കു പകരം നൽകുന്ന പണം) ലഭ്യമാക്കും. യുഎസിലെ പ്രശസ്തമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) സന്ദർശിക്കാനും അവസരമുണ്ടാകും. തുടർന്നുള്ള ഘട്ടത്തിൽ നാലു ടീമുകളെ തിരഞ്ഞെടുക്കുകയും അവർക്കു കൂടുതൽ ധനസഹായം നൽകുകയും ചെയ്യും.

അവസാന തീയതി: മേയ് 15 
വെബ്സൈറ്റ്: www.indiainnovates.in

സ്റ്റാർട്ടപ്പുകൾക്ക് എഫ്ബി കൂട്ട്

‘ഡിസൈൻ ഫോർ ഇന്ത്യ’ പദ്ധതിയുമായി ഫെയ്സ്ബുക്കും നാസ്കോമും
സ്റ്റാർട്ടപ്പുകൾക്കു പിന്തുണയുമായി ഫെയ്സ്ബുക്കും ഇന്ത്യൻ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമും കൈകോർക്കുന്നു. ഇരുകൂട്ടരും ചേർന്നുള്ള ‘ഡിസൈൻ ഫോർ ഇന്ത്യ’ പദ്ധതി ഉൽപന്നങ്ങൾക്കു മികച്ച ഡിസൈൻ ഒരുക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കും.ഡിസൈനിങ്ങിൽ ശ്രദ്ധ പുലർത്താത്ത സാങ്കേതികവിദ്യ എത്ര മികച്ചതാണെങ്കിലും ജനങ്ങളിലേക്ക് എത്തില്ലെന്ന തത്വമാണു സംരംഭത്തിനു പിന്നിൽ. ഇന്ത്യയിൽ നിന്നു ഒട്ടേറെ എൻജിനീയർമാർ പുറത്തുവരുന്നെങ്കിലും ‘പ്രോഡക്ട് ഡിസൈൻ’ മേഖലയിൽ മികച്ച ഡിസൈനർമാരുടെ പോരായ്മയുണ്ട്.

രാജ്യാന്തര കമ്പനികളോടു കിടപിടിക്കുന്ന രീതിയിൽ ഇന്ത്യൻ സ്റ്റാർട്ടപ് ഉൽപന്നങ്ങൾ മികവുറ്റതാക്കുക എന്നതാണു സ്റ്റുഡിയോയുടെ ലക്ഷ്യം.സോഫ്റ്റ്‌വെയർ ഡിസൈൻ രംഗത്തെ പ്രമുഖരിൽ നിന്നു മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ യുവസംരംഭകർക്കു പദ്ധതി വഴിയൊരുക്കും.പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ കോറമംഗലയിൽ സ്ഥാപിച്ച ഡിസൈൻ സ്റ്റുഡിയോയിൽ യുഎക്സ് ഡിസൈൻ പ്രോസസ്, വെർച്വൽ റിയാലിറ്റി ടൂൾകിറ്റ്സ്, പ്രോട്ടോട്ടൈപ്പിങ്, ടെസ്റ്റിങ് തുടങ്ങിയവയിലുള്ള സേവനങ്ങൾ സ്റ്റാർട്ടപ്പുകൾ‌ക്ക് ലഭിക്കും.വെബ്സൈറ്റ്: www. design4india.in

Job Tips >>