പഠനത്തോടൊപ്പം ചില്ലറ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തു പണം സമ്പാദിക്കുന്ന വിദ്യാർഥികളുണ്ട്. വീട്ടുകാരെ പൂര്‍ണ്ണമായും ആശ്രയിക്കാതെ അത്യാവശ്യം ചെലവുകളൊക്കെ കഴിയും. പിന്നെ അധ്വാനിച്ച് പണമുണ്ടാക്കി പഠിക്കുന്നതില്‍ അഭിമാനവും തോന്നും. തൊഴിലില്‍ നിന്നു ലഭിക്കുന്ന പരിശീലനത്തിന്റെ മെച്ചം വേറെ. പക്ഷേ, പാര്‍ട്ട് ടൈം ജോലിക്കായി കുട്ടികള്‍ ക്യാംപസിന്റെ പുറത്തേക്കു പോകുന്നതു ക്ലാസുകള്‍ നഷ്ടമാക്കാന്‍ ഇടയാക്കുന്നതായി അധ്യാപകര്‍ പരാതിപ്പെടാറുണ്ട്. ഇതിനൊരു പരിഹാരമായി കോളജിന്റെ ലൈബ്രറിയില്‍ തന്നെ വിദ്യാർഥികള്‍ക്കു പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരമൊരുക്കുകയാണു പഞ്ചാബ് സര്‍വകലാശാല.
ലൈബ്രറിയില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുന്നതിനും എടുത്തു നല്‍കുന്നതിനുമൊക്കെയായാണ് പാര്‍ട്ട് ടൈമായി വിദ്യാർഥികളെ നിയമിക്കുന്നത്. മണിക്കൂര്‍ ഒന്നിന് പ്രതിഫലമായി 100 രൂപ വിദ്യാർഥികള്‍ക്ക് നല്‍കും. ഇത്തരത്തില്‍ ഒരു മാസം പരമാവധി 40 മണിക്കൂര്‍ വരെ ഒരു വിദ്യാർഥിക്ക് ലൈബ്രറിയില്‍ പണിയെടുക്കാം. ഇത്തരത്തില്‍ 100 വിദ്യാർഥികള്‍ക്കു പ്രതിമാസം ജോലി നല്‍കുന്നതിനായി 4 ലക്ഷം രൂപ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുവദിച്ചു. ഇതിനു പുറമേ തൊഴില്‍ സര്‍ട്ടിഫിക്കറ്റും വിദ്യാർഥികള്‍ക്ക് നല്‍കും.
താത്പര്യമുള്ള വിദ്യാർഥികള്‍ക്കു ലൈബ്രറിയില്‍ ഇതിനായി എൻറോള്‍ ചെയ്യാമെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണവും അവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന സമയവും അനുസരിച്ച് ഇവരെ ക്യാംപസ് ലൈബ്രറിയില്‍ പാര്‍ട്ട് ടൈം ജോലിക്കായി വിന്യസിക്കും. 2017ല്‍ സര്‍വകലാശാല ഫീസ് വർധന നടപ്പിലാക്കിയപ്പോള്‍ വിദ്യാർഥികളുടെ ഭാഗത്തു നിന്നു വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അപ്പോഴാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അരുണ്‍ കെ. ഗ്രോവര്‍ പാര്‍ട്ട് ടൈം ജോലിയെന്ന ആശയം മുന്നോട്ടു വച്ചത്.
ലൈബ്രറിക്കു പുറമേ എവിടെയൊക്കെയാണു ക്യാംപസിനുള്ളില്‍ വിദ്യാർഥികളെ പാര്‍ട്ട് ടൈം ജോലിക്കായി നിയമിക്കാന്‍ സാധിക്കുകയെന്നും സര്‍വകലാശാല പരിശോധിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റില്‍ ഇന്റേണുകളായും ഡേറ്റാ പ്രോസസിങ് ഓപ്പറേറ്റര്‍മാരായും വിദ്യാർഥികളെ നിയമിക്കുന്നതും പരിഗണനയിലാണ്.
University News>>