പാമ്പും മത്സ്യവും തമ്മിലുള്ള കടുത്ത പോരാട്ടം കൗതുകമാകുന്നു

പാമ്പും മത്സ്യവും തമ്മിലുള്ള ജീവൻമരണ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ ഉൾഗ്രാമത്തിലെവിടെയോ നിന്നു പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പാമ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലും പാമ്പും കീരിയും തമ്മിലുള്ള ഏറ്റുമുട്ടലുമൊക്കെ ഇവിടങ്ങളിൽ സാധാരണമാണ്. എന്നാൽ ഈ ദൃശ്യങ്ങൾ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്.

കുളത്തിനരികിലെ ചതുപ്പു നിറഞ്ഞ പ്രദേശത്തായിരുന്നു പാമ്പും മത്സ്യവും തമ്മിലുള്ള കടുത്ത പോരാട്ടം നടന്നത്. സാധാരണ വലിപ്പം കുറഞ്ഞ പോരാളികളെ വലിപ്പം കൂടിയ എതിരാളികൾ കീഴ്പ്പെടുത്തുകയാണ് പതിവ്. ഇവിടെ പതിവിനു വിപരീതമായി ചെറിയ മീനിന്റെ വായ്ക്കുള്ളിലായിരുന്നു പാമ്പിന്റെ തല. പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഫലമായി മീന്‍ കടിച്ചു പിടിച്ചതാണ് പാമ്പിനെ. എന്നാൽ രക്ഷപെടാനുള്ള അവസാന ശ്രമമായി പാമ്പ് ചതുപ്പിൽ നിന്നും കരയിലേക്കു കയറിയതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായി. 

കണ്ടു നിന്നിരുന്ന ഗ്രാമവാസികൾ വെള്ളം ഒഴിച്ചു നൽകി മീനിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. സ്വന്തം ജീവൻ നഷ്ടപ്പെടുമെന്നുറപ്പായപ്പോഴും പാമ്പിന്റെ തലയിലെ പിടിവിടാൻ മീൻ ഒരുക്കമായിരുന്നില്ല. അൽപസമയത്തിനകം രണ്ടു ജീവികളുടെയും ജീവൻ നഷ്ടപ്പെട്ടു. കടുത്ത പോരാട്ടത്തിന്റെ അവസാനം ആര് ജയിക്കുമെന്നറിയാൻ കാത്തിരുന്ന ഗ്രാമവാസികൾ നിരാശരായി. ഈ അപൂർവ ദൃശ്യങ്ങൾ ഇതുവരെ മുപ്പത്തിയേഴായിരത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.