Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂറ്റന്‍ കടവാവലിനെ വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിനു പറ്റിയ പറ്റ്

Snake vs bat

പല തരത്തിലുള്ള ജീവികള്‍ തമ്മിലുള്ള അത്യപൂർവമായ ഏറ്റുമുട്ടലുകള്‍ പോലും ഇന്ന് ഓസ്ട്രേലിയക്കാര്‍ക്ക് ഒരു അത്ഭുതമല്ലാതായി മാറിയിരിക്കുകയാണ്. കാരണം ഒരോ ദിവസവും ഇത്തരം വ്യത്യയ്തമായ നിരവധി കാഴ്ചകളാണ് ഇവരുടെ മുന്നിലേക്കെത്തുന്നത്. കാര്‍പറ്റ് ഇനത്തില്‍ പെട്ട പെരുമ്പാമ്പ് കൂറ്റന്‍ കടവാവലിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ദൃശ്യമാണ് ഇതിൽ പുതിയത്. പെരുമ്പാമ്പ് മരത്തിനു മുകളില്‍ കയറി കഷ്ടപ്പെട്ടു പിടിച്ചതാണ് കടവാവലിനെ. പക്ഷെ വിഴുങ്ങാന്‍ ശ്രമിച്ച് ഒടുവില്‍ ശ്വാസം മുട്ടി മരിക്കുമെന്ന അവസ്ഥയില്‍ വരെയെത്തി കക്ഷി.

ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലാണ് ഈ സംഭംവം അരങ്ങേറിയത്. ടോണി മോറിസണ്‍ എന്ന പാമ്പുപിടിത്ത വിദഗ്ധനാണ് ഈ കാഴ്ച ക്യാമറയിൽ പകര്‍ത്തിയത്. പെരുമ്പാമ്പിനെ മരത്തിനു മുകളില്‍ കണ്ടെത്തിയെന്നു പറഞ്ഞു ഫോണ്‍ വന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു ടോണി. ടോണിയെത്തുമ്പോൾ മരത്തില്‍ കയറി വാവലിനെ പിടിച്ചു താഴേക്കു തൂങ്ങിക്കിടക്കുകയായിരുന്നു പാമ്പ്. 

വാവലിനെ പിടിച്ചെങ്കിലും വിചാരിച്ച പോലെ അതിനെ എളുപ്പത്തില്‍ വിഴുങ്ങാന്‍ പറ്റാഞ്ഞതാണ് പെരുമ്പാമ്പിനെ പ്രതിസന്ധിയിലാക്കിയത്. വാവലിന്റെ ചിറകുകളായിരുന്നു പ്രശ്നം. തലയും ദേഹവും അടക്കം അകത്താക്കിയെങ്കിലും ചിറകുകള്‍ വിടര്‍ന്നു തന്നെ നിന്നതിനാല്‍ പാമ്പിനു വിഴുങ്ങാന്‍ പറ്റാതെ വന്നു. ഒടുവില്‍ ശ്വാസം മുട്ടുന്ന അവസ്ഥ വന്നതോടെ വാവലിനെ പാമ്പ് പുറത്തേക്കു തന്നെ തുപ്പി. 

‍പാമ്പ് തലകീഴായി കിടന്നതാകാം വാവലിനെ വിഴുങ്ങാന്‍ പറ്റാത്തതിനു കാരണമെന്നാണ ്ടോണി വിലയിരുത്തുന്നത്. നിരപ്പായ പ്രദേശമാണെങ്കില്‍ ചിറകു കൂടി വിഴുങ്ങാൻ പാമ്പിന് ഇത്ര പണിപ്പെടേണ്ടി വരില്ലായിരുന്നു. ഏതായാലും വാവലിനെ ഉപേക്ഷിച്ച് എന്തുചെയ്യണമെന്നറിയാതെ നിന്ന പാമ്പിനെ ടോണി കയ്യോടെ പിടികൂടി ബാഗിലാക്കി. പെരുമ്പാമ്പിനെ കണ്ടെത്തിയതു ജനവാസമുള്ള പ്രദേശത്തായതിനാല്‍ പിന്നീട് പാമ്പിനെ ദൂരേയ്ക്ക് കൊണ്ടുപോയി തുറന്നു വിടുകയും ചെയ്തു.

related stories