അര്‍ഹതയുള്ളവരുടെ അതിജീവിക്കല്‍ എന്നത് ഭൂമിയിലെ ജീവന്റെ ഉത്പത്തിയെക്കുറിച്ച് ആദ്യമായി തൃപ്തികരമായ വിശദീകരണം നല്‍കിയ ചാള്‍സ് ഡാര്‍വിന്റെ പ്രശസ്തമായ പ്രമാണങ്ങളില്‍ ഒന്നാണ്. ജീവിച്ചിരിക്കുന്നവയും അല്ലാത്തവയുമായ ജീവികളുടെ ചരിത്രവും അവയുടെ ജീവിതരീതിയും പഠനവിധേയമാക്കിയാണ് ചാള്‍സ് ഡാര്‍വിന് ഈ നിഗമനത്തില്‍ എത്തിയത്. ഇങ്ങനെ ജീവന്‍ നിലനിര്‍ത്താന്‍ നിലവിലുള്ള എല്ലാ വഴികളും അടയുമ്പോള്‍ പുതിയ വഴി കണ്ടെത്തുന്ന ജീവികള്‍ ഇപ്പോഴും ഭൂമിയിലുണ്ട്. ഇങ്ങനെ അതിജീവനത്തിനായി മീന്‍പിടിക്കാന്‍ ഒരു പുള്ളിപ്പുലി കുടുംബം പഠിച്ചതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇന്ന് ശാസ്ത്രലോകത്തെ ആവേശത്തിലാക്കിയിരിക്കുന്നത്.
തെക്കേ ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ ഇത് ശൈത്യകാലമാണ്. മഴയില്ലാത്തത് കാരണം നദികള്‍ എല്ലാം തന്നെ വറ്റിവരണ്ട അവസ്ഥയില്‍. പുള്ളിപ്പുലികളുള്ള സ്ഥിരം ഇരകളായ മൃഗങ്ങളൊക്കെ തന്നെ കൂട്ടത്തോടെ കുടിയേറി കഴിഞ്ഞു. മറ്റുള്ളവയ്ക്ക് വേണ്ടി സിംഹങ്ങളും ചീറ്റകളും ഉള്‍പ്പടെയുള്ള ജീവികള്‍ ശക്തമായ മത്സരവുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് വലിയ ഇരകളെ വേട്ടയാടാന്‍ പറ്റാത്ത തന്റെ രണ്ട് കുട്ടികളുമായി ഒരു അമ്മപ്പുലി അഅതിജീവന സാധ്യതകള്‍ തേടി ഇറങ്ങിയത്.
മഴയില്ലാതെ വരണ്ട് കിടക്കുന്ന നദിയിലെ ക്യാറ്റ് ഫിഷുകളായിരുന്നു ഇവര്‍ കണ്ടെത്തിയ ഇരകള്‍. പക്ഷെ ആ കണ്ടെത്തലും അവയെ ഇരയാക്കലും എല്ലാം അത്ര എളുപ്പമുള്ളതായ കാര്യമായിരുന്നില്ല ആ അമ്മപ്പുലിക്കും കുട്ടികള്‍ക്കും. മൂഷി, മുഴി തുടങ്ങിയ പേരുകളില്‍ നമ്മുടെ നാട്ടിലറിയപ്പെടുന്ന മത്സ്യങ്ങളാണ് ക്യാറ്റ് ഫിഷുകള്‍. ഒന്നിനെ കിട്ടിയാല്‍ പിന്നെ മൂന്നോ നാലോ ദിവസത്തേക്ക് ഇര തേടേണ്ട എന്ന വിധത്തില്‍ വലുപ്പമുള്ള മത്സ്യങ്ങളാണ് ആഫ്രിക്കന്‍ മുഷികള്‍. വറ്റിവരണ്ട നദിയില്‍ ചെളിയില്‍ പിടയുന്ന മൂഷികളെ വേട്ടയാടാന്‍ ആദ്യം രംഗത്തിറങ്ങിയത് അമ്മപ്പുലിയാണ്. എന്നാല്‍ ചെളിയിലേക്ക് ഇറങ്ങാന്‍ ഭയന്ന് അമ്മ പിന്‍മാറി. മക്കളിലൊരാള്‍ രണ്ടും കല്‍പ്പിച്ച് ചെളിയിലേക്ക് ഇറങ്ങി.
പക്ഷെ വേട്ടക്കാരനെത്തിയത് അറിഞ്ഞ മുഷികള്‍ ധ്യാനത്തിലെന്ന പോലെ അനക്കമറ്റ് ചെളിയില്‍ പൂണ്ട് കിടന്നു. ഇതോടെ കുട്ടിപ്പുലി വെട്ടിലായി. മത്സ്യങ്ങളെ കണ്ടെത്താനാകാതെ വിഷമിക്കുമ്പോളാണ് വെള്ളം കുടിക്കാനെത്തിയ ആനയുടെ വിരട്ടലില്‍ ഭയന്ന് അവ തനിയെ ഒളിവില്‍ നിന്ന് പുറത്ത് ചാടിയത്. ഇതോടെ ചെളിയില്‍ കുഴഞ്ഞ് കിടന്ന മത്സ്യത്തെ ഏറെ പണിപ്പെട്ടായാലും കുട്ടിപ്പുലി പിടികൂടി. ചെളിയില്‍ നിന്ന് മത്സ്യത്തെ പിടിക്കുക എന്നത് അത്ര വിഷമമുള്ള കാര്യമായിരുന്നില്ല. മറ്റ് പല പുള്ളിപ്പുലികളും ഇങ്ങനെ ചെളിയില്‍ കിടക്കുന്ന മത്സ്യങ്ങളെ പിടികൂടുന്നത് കണ്ടെത്തിയിട്ടും ഉണ്ട്. പക്ഷെ അമ്മയുടെയും മക്കളുടെയും യഥാര്‍ഥ മീന്‍പിടുത്തം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
രാത്രിയില്‍ നിറയെ വെള്ളമുള്ള മറ്റൊരു തടാകത്തിലായിരുന്നു അമ്മയുടെയും മക്കളുടെയും മറ്റൊരു ദിവസത്തെ മീന്‍പിടുത്തം രാത്രിയില്‍ വേട്ടക്ക് നേതൃത്വം കൊടുത്തത് അമ്മ തന്നെയാണ്. വെള്ളത്തിലേക്കിറങ്ങി മീനിനെ പിടിക്കാന്‍ നടത്തിയ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലു മൂന്നാം തവണ അമ്മ വിജയം കണ്ടു. ഇതോടെ കുട്ടികള്‍ക്കും ആവേശമായി. തങ്ങളേക്കാള്‍ വലിയ രണ്ട് മീനുകളെ പിടിച്ചാണ് അവര്‍ തടാകത്തില്‍ നിന്ന് തിരികെ കയറിയത്. ഇതാദ്യമായാണ് വെള്ളം നിറഞ്ഞു കിടക്കുന്ന തടാകത്തില്‍ നിന്ന് പുള്ളിപ്പുലികള്‍ മീന്‍ പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുന്നത്. ബിബിസി എര്‍ത്ത് എന്ന പരിപാടിയുടെ ഭാഗമായാണ് പുള്ളിപ്പുലികളുടെ അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിന്റെ വിജയം ക്യാമറയില്‍ പകര്‍ത്തിയത്.