Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടഞ്ഞാറിൽ ഭീതിപരത്തി കാട്ടാനയുടെ വിളയാട്ടം

തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ മേഖലയിൽ ഒറ്റയാൻ കാട്ടാന ജനവാസ മേഖലയിൽ ഭീതി പരത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈകിട്ടോടെ എത്തുന്ന ആന മുത്തുക്കാണി, കൊന്നമൂട്, കല്ലണ, വട്ടക്കരിക്കകം, ചെന്നല്ലിമൂട് തുടങ്ങിയ ആദിവാസി മേഖലയിലടക്കം കൃഷിയും മറ്റും വ്യാപകമായി നശിപ്പിച്ചു. ചില വീടുകൾക്കു നേരെ ആക്രമിക്കാനെത്തിയതായും പറയുന്നു.

ആനപ്പേടിയിൽ ഉറക്കം നഷ്ടപ്പെട്ട നാട്ടുകാർ ഇന്നലെ സംഘടിച്ചു രാവിലെ എട്ടുമുതൽ രണ്ടുമണിവരെ ആനയെ ചെന്നല്ലിമൂട് ചതുപ്പുമേഖലയിൽ വളഞ്ഞു വച്ചു കാവൽ നിന്നു വനപാലകരെ അറിയിച്ചു. എന്നാൽ വൈകിട്ടു മയക്കുവെടി സംഘം സ്ഥലത്തെത്തുന്നതിനു മുമ്പ് ആന മറ്റൊരു കേന്ദ്രത്തിലേക്കു കടന്നു. ആനയെ കണ്ടെത്താനായെങ്കിലും കനത്ത മഴയും രാത്രിയും ആയതിനാൽ ആനയുടെ സ്ഥിതി മനസ്സിലാക്കാനോ മയക്കുവെടി വേണോ എന്നൊക്കെ തീരുമാനിക്കാനും കഴിഞ്ഞില്ല.

ആന വീണ്ടും ജനവാസ മേഖലയിലേക്കു വരാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പാലോട് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകസംഘം ഇതിനെ കാട്ടിലേക്കു കയറ്റാനുള്ള ശ്രമം രാത്രിയും നടത്തുകയാണ്. അടുത്തിടെ ശല്യക്കാരനായി മാറിയ കല്ലാറിലെ ആനയാണ് ഇടിഞ്ഞാർ മേഖലയിൽ എത്തിയിരിക്കുന്നതെന്നു പറയുന്നു.