Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലൂർ കൊമ്പനെ 25 ന് പുറത്തിറക്കാൻ ആലോചന

കല്ലൂർ കൊമ്പൻ

കഴിഞ്ഞ രണ്ടു വർഷമായി മുത്തങ്ങയിലെ ആനപന്തിയിലുള്ള കൂട്ടിൽ കഴിയുന്ന കല്ലൂർ കൊമ്പനെ 25ന് പുറത്തിറക്കാൻ ആലോചന. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ കൊമ്പനെ ഉടൻ പുറത്തിറക്കി അർധ വന്യാവസ്ഥയിൽ മുത്തങ്ങ പന്തിയോടു ചേർന്ന വനമേഖലയിൽ മേയാൻ വിടണമെന്ന് വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൻ.അഞ്ജൻകുമാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 

ആനയ്ക്ക് ഘടിപ്പിക്കേണ്ട മൈക്രോചിപ്പുകളും മറ്റും സജ്ജമാണെന്നും 25ന് തുറന്നുവിടണമെന്നാണ് പ്രാഥമിക ആലോചനയെന്നും വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എൻ. ടി. സാജൻ പറഞ്ഞു. ഫോറസ്റ്റ്് വെറ്ററിനറി സർജന്റെ അഭിപ്രായം കൂടി കണക്കിലെടുത്തേ അന്തിമ തീരുമാനമുണ്ടാകൂ. മൈക്രോ ചിപ്പ് ഘടിപ്പിക്കുമ്പോൾ വേദനയുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ കരുതൽ ആവശ്യമാണ്. 

ആനയെ തുറന്നു വിടുമ്പോൾ ആനയ്ക്കും പാപ്പാൻമാർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള നടപടികളും കൈക്കൊണ്ടു വരികയാണ്. 2016 നവംംബർ 22 നാണ് കല്ലൂർ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടച്ചത്. അന്നു മുതൽ മുത്തങ്ങ പന്തിയിലെ കൂട്ടിൽ തന്നെയാണ് കൊമ്പൻ. ആദ്യം വളരെ ഇടുങ്ങിയ കൂട്ടിലായിരുന്നെങ്കിൽ പിന്നീട് കൂടിന്റെ വിസ്താരം വർധിപ്പിച്ചിരുന്നു. പാപ്പാൻമാരോട് നന്നായി ഇണങ്ങുകയും അവരെ പുറത്തു കയറ്റാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോൾ കല്ലൂർ കൊമ്പൻ.