നാട്ടിലെ കൃഷിയിടങ്ങളിൽ പ്രശ്നക്കാരനായതിനെ തുടർന്ന് മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിലടച്ചിരുന്ന കല്ലൂർ കൊമ്പനെ (ഭരതൻ) രണ്ടു വർഷത്തെ തടവിന് ശേഷം ഇന്നലെ കൂട്ടിൽ നിന്ന് പുറത്തിറക്കി. ഉരുളൻ തടികൾ കൊണ്ട് നിർമിച്ച കൂടിന്റെ ഒരു വശം മുഴുവൻ അറുത്തു മാറ്റിയാണ് ചങ്ങലകൾ കൊണ്ടും വടങ്ങൾ കൊണ്ടും കാലുകൾ ബന്ധിച്ച ആനയെ പുറത്തിറക്കിയത്. 10 മിനിറ്റോളം കൂട്ടിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാതെ നിന്ന കൊമ്പനെ ഒടുവിൽ കയറുകൾ വലിച്ച് പാപ്പാൻമാർ പുറത്തേക്ക് നടത്തുകയായിരുന്നു.
നടക്കുന്നതിനിടയിൽ ആദ്യമൊക്കെ ശാന്തനായിരുന്നെങ്കിലും പിന്നീട് രണ്ടു തവണ ചിന്നംവിളിച്ച് പ്രകോപിതനായ ആന ചങ്ങല പൊട്ടിച്ച് ഓടാൻ ശ്രമിച്ചു. ഒടുവിൽ വീണ്ടും മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. രണ്ടു വർഷം കൂട്ടിൽ നിന്ന് മെരുങ്ങിയ ശേഷം കാട്ടാന പുറത്തിറങ്ങുമ്പോൾ ഉണ്ടാകാവുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് ആനയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വിദഗ്ധർ പറയുന്നു. ആന വസിച്ചിരുന്ന കൂടിന് സമീപത്തു തന്നെയുള്ള മരത്തിലാണ് ആനയെ ബന്ധിച്ചിട്ടുള്ളത്. പെട്ടെന്നുള്ള പ്രകോപനങ്ങൾ രണ്ടു ദിവസം കഴിയുന്നതോടെ മാറുമെന്നും ഒരു മാസം കഴിയുന്നതോടെ ആനയെ പന്തിയിലേക്ക് മാറ്റാൻ കഴിയുമെന്നുമാണ് കരുതുന്നത്.
ആന വിരണ്ടത് ചങ്ങലയും വടവും പൊട്ടിച്ച്
ഇന്നലെ രാവില 10 മണിക്ക് കൂടിന് പുറത്തിറങ്ങിയ കല്ലൂർ കൊമ്പന്റെ രണ്ടു കാലുകളിൽ ചങ്ങലയും രണ്ടു കാലുകളിൽ വടവുമാണ് ഇട്ടിരുന്നത്. സമീപത്തുള്ള മരങ്ങളിൽ ചുറ്റിയ ശേഷം ആനയ്ക്ക് നടക്കാൻ പാകത്തിൽ അയച്ചു കൊണ്ടു വരികയാണ് ചെയ്തിരുന്നത്. നാലഞ്ച് അടി മുന്നോട്ടു നടന്ന ആന പൊടുന്നനെ ചിന്നം വിളിച്ച് കാലിലെ വടം പൊട്ടിച്ച് ഓടി..
വനപാലകരും ആനയെ പരിപാലിക്കുന്നവരും മാധ്യമപ്രവർത്തകരുമായി അൻപതിലധികം പേർ ആനക്കൂടിന് സമീപത്തുണ്ടായിരുന്നു. ആന പരിഭ്രമത്താല്‍ വിരണ്ടതോടെ ചിതറിയോടിവരിൽ പലരും വീണു. എന്നാൽ കുതറിയോടിയ ആന ഒരു കാലിലെ വടം പൊട്ടാതെ വലിഞ്ഞതിനാൽ മുട്ടുകുത്തി നിലത്ത് വീണു. അത് ചിതറിയോടിയവർക്ക് രക്ഷയായി. ആന എണീക്കുമ്പോഴേയ്ക്കും ചങ്ങലകളും കയറും വീണ്ടും ബന്ധിച്ചു
രണ്ടാമതും വിരണ്ടപ്പോൾ മയക്കുവെടി
എന്നാൽ രണ്ടാമതും ആന കുറുമ്പു കാട്ടി.. ഇത്തവണ ഒരു കാലിലുണ്ടായിരുന്ന വലിയ ചങ്ങല ആന പൊട്ടിച്ചു. പലരും ഭയന്നോടി. തുടർന്ന് ഡോ. അരുൺ സഖറിയ ആനയെ മയക്കുവെടി വച്ചു. ഉടന്‍ തളച്ചു.
ആറളം കൊമ്പനും അതിക്രമം കാട്ടി
കല്ലൂർ കൊമ്പൻ കഴിഞ്ഞിരുന്ന കൂടിന് തൊട്ടടുത്തായി ആറളം കൊമ്പൻ എന്ന കാട്ടാനയും മാസങ്ങളായി കൂട്ടിൽ കിടപ്പുണ്ട്. കൂടിന് പുറത്തിറങ്ങിയ കല്ലൂർ കൊമ്പൻ മുന്നോട്ടു നടക്കവേ ആറളം കൊമ്പന്റെ കൂടിന് സമീപമെത്തിയപ്പോൾ തുമ്പിക്കൈ ഉയർത്തുകയും പരസ്പരം ആശയം കൈമാറുന്ന പ്രതീതി ഉണ്ടാവുകയും ചെയ്തു. തുടർന്ന് കല്ലൂർ കൊമ്പൻ ചിന്നം വിളിച്ച് ചങ്ങല പൊട്ടിച്ചപ്പോൾ കൂട്ടിൽ കിടന്ന ആറളം കൊമ്പനും ഉച്ചത്തിൽ ചിന്നം വിളിച്ച് കൂട് കുത്തിക്കുലുക്കി.
നിയന്ത്രണ വിധേയമാക്കിയത് വനപാലകരുടെയും പരിപാലകരുടെയും മനസ്സാന്നിധ്യം
രണ്ടു തവണ ആന വിരണ്ടപ്പോഴും ചങ്ങലയും വടവും പൊട്ടിച്ച് ഓടാൻ ശ്രമിച്ചപ്പോഴും മനസ്സാന്നിധ്യം കൈവിടാതെ നിന്ന് വനപാലകരും ആനയുടെ പരിപാലകരും കാര്യങ്ങൾ നിയന്ത്രിച്ചതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. അല്ലെങ്കിൽ ഒരു പക്ഷേ കൊമ്പൻ ബന്ധനങ്ങൾ പൊട്ടിച്ച് കാട്ടിലേക്ക് ഓടുമായിരുന്നു. ആന പ്രകോപിതനായപ്പോഴും വീണ്ടും ബന്ധിക്കാനും പ്രശ്നക്കാരനു നേരെ മയക്കുവെടിയുതിര്‍ത്ത് വീണ്ടും ബന്ധിക്കാനും കഴിഞ്ഞതും വിജയമായി. സിസിഎഫ് എൻ. അഞ്ജൻകുമാർ, വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ, ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ പി. ധനേഷ്കുമാർ.
ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയ, റേഞ്ച് ഓഫിസർമാരായ പി. രതീശൻ, പി. സുനിൽ, ആശാലത എന്നിവരുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. ആനയ്ക്ക് ബുധനാഴ്ച വൈകിട്ട് മൈക്രോചിപ്പ് ഘടിപ്പിച്ചിരുന്നു. 2016 നവംബർ 22ന് കല്ലൂരിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടച്ച കൊമ്പനെ അർധ വന്യാവസ്ഥയിൽ തുറന്നു വിടണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ദൗത്യം.