Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്യമൃഗ ശല്യം തുടർക്കഥ; മാങ്കുളം ജനത ഭീതിയിൽ!

Wild Elephant

വന്യമൃഗ ശല്യം തുടർക്കഥയായതോടെ അടിമാലി മാങ്കുളം ജനത ഭീതിയിൽ. കാട്ടാന, കാട്ടുപോത്ത്, കരടി, കാട്ടുപന്നി എന്നിവയാണു മാങ്കുളം ജനതയെ ഭീതിയിലാക്കുന്നത്. വിരഞ്ഞപാറ, താളുംകണ്ടംകുടി, അൻപതാംമൈൽ, പാമ്പുംകയം, കോഴിയിളക്കുടി എന്നിവിടങ്ങളിൽ 2ആഴ്ചയായി എത്തിയിട്ടുള്ള കാട്ടാനക്കൂട്ടം പകൽസമയം വനാതിർത്തിയിലേക്കു മാറുകയും രാത്രി കൃഷിയിടങ്ങളിലേക്കെത്തി നാശം വിതയ്ക്കുയുമാണ്. 

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഏക്കറുകണക്കിനു കൃഷി ദേഹണ്ഡങ്ങളാണു കാട്ടാനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്. ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗം ആനശല്യം ഭയന്ന് രാത്രി കാലങ്ങളിൽ വീടുവിട്ടു പോകേണ്ട സാഹചര്യമാണുള്ളത്. ഇതോടൊപ്പമാണു കാട്ടുപോത്തുകളും ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്നത്. 2വർഷം മുൻപ് മാങ്കുളം പനച്ചിനാനിയിൽ മാത്യുവിന്റെ പുരയിടത്തിലെത്തിയ കാട്ടുപോത്ത് അക്രമാസക്തമായെങ്കിലും താമസിയാതെ വനമേഖലയിലേക്കു തന്നെ തിരിച്ചുപോയത് ജനങ്ങൾക്ക് ആശ്വാസമായിരുന്നു. 

എന്നാൽ കഴിഞ്ഞ ദിവസം അൻപതാംമൈൽ സിങ്കുകുടിയിലെത്തിയ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ വനം വകുപ്പിലെ താൽക്കാലിക വാച്ചർ തങ്കസ്വാമി പെരുമാളിന്റെ ജീവൻ അപഹരിച്ചു. 2 വർഷം മുൻപ് പുലർച്ചെ ടാപ്പിങ് ജോലിയിലേർപ്പെട്ടിരുന്ന ആനക്കുളം സ്വദേശി ഗോപകുമാറിനെ കരടി ആക്രമിച്ചു പരുക്കേൽപിച്ചിരുന്നു. രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷമാണ് ഗോപകുമാർ സുഖം പ്രാപിച്ചത്. കാട്ടുപന്നിശല്യവും മാങ്കുളം ജനതയ്ക്ക് ഭീഷണിയാകുകയാണ്. 

ഒന്നര മാസം മുൻപ് പുലർച്ചെ വീട്ടിലെത്തിയ കാട്ടുപന്നിയു ടെ ആക്രമണത്തിൽ പാമ്പുംകയം തോട്ടപ്പിള്ളി ഷാജിക്ക് പരുക്കേ റ്റിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇ ദ്ദേഹം അടുത്തനാളിലാണ് സുഖം പ്രാപിച്ചത്. ഇതോടൊപ്പം മാങ്കുളം ടൗൺ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും പന്നി ശല്യം രൂക്ഷമാകുകയാണ്. കൂട്ടമായെത്തുന്ന പന്നികൾ വ്യാപകമായാണു കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുന്നത്. 

ഇതിനിടെയാണ് വിരിപാറ മേഖയിൽ കഴിഞ്ഞ ദിവസം പുലിയിറങ്ങിയതായുള്ള അഭ്യൂഹവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. കാൽപാടുകൾ പരിശോധിച്ചതിൽ നിന്ന് ഇതു പുലിയല്ലെന്നു വനപാലകർ പറയുന്നുണ്ടെങ്കിലും പുലിപ്പേടിയിലാണു പ്രദേശവാസകൾ. മലയാറ്റൂർ, മാങ്കുളം, മൂന്നാർ, അടിമാലി വനമേഖലകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് മാങ്കുളം. 

ഇക്കാരണത്താലാണ് വേനൽ ആരംഭിച്ചതോടെ വന്യമൃഗങ്ങൾ വനമേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നതത്രേ. ഇവയെ നിയന്ത്രിക്കാൻ സോളർ വൈദ്യുത വേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന വനപാലകരുടെയും ജനപ്രതിനിധികളുടെയും പ്രഖ്യാപനങ്ങൾ പാഴ്‌വാക്കാകുന്നതാണു പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാൻ കാരണമായിരിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. 

സോളർ വേലികളുടെ കേടുകൾ പരിഹരിക്കും

അടിമാലി മാങ്കുളം വനമേഖലയിൽ നിന്നു വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്നതു തടയാൻ സോളർ വൈദ്യുതവേലികൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവയിൽ തകരാറിലായി കിടക്കുന്നവയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനുനടപടികൾ സ്വീകരിച്ചുവരികയാണെന്നും മാങ്കുളം റേഞ്ച് ഓഫിസർ ആർ. ആനന്ദ്, ആനക്കുളം റേഞ്ച് ഓഫിസർ കെ.ടി. റോയ് എന്നിവർ പറഞ്ഞു.

 കമ്പനിക്കുടി, സിങ്കുകുടി, വേലിയാംപാറ, പാമ്പുംകയം, കോഴിയളക്കുടി, പാണ്ഡ്യൻകുടി, ആനക്കുളം എന്നിവിടങ്ങളിൽ സോളർ വൈദ്യുത വേലികളും ആനക്കുളത്ത് ക്രാഷ് ഗാർഡ് റോപ് ഫെൻസിങ്ങും സ്ഥാപിച്ചിട്ടുള്ളത്. ഇവയുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്.