Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുങ്കിയാനയെ സംരക്ഷിക്കാൻ വനംവകുപ്പിന്റെ നെട്ടോട്ടം!

പാലക്കാട് കാട്ടാനകളെ തുരത്താൻ എത്തിച്ച കുങ്കിയാനയെ കാടിറങ്ങി എത്തുന്ന ഇതര ആനകളിൽനിന്നു സംരക്ഷിക്കാൻ വനംവകുപ്പിന്റെ നെട്ടോട്ടം. കുങ്കിയെ മദപ്പാടിൽ തളച്ചതോടെയാണ് ഈ പെടാപ്പാട്. ഇതിനായി ആനയ്ക്കു ചുറ്റും ഫെൻസിങ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതിനു പുറമെ മുഴുവൻ സമയ നിരീക്ഷണവും ഏർപ്പെടുത്തി. മദപ്പാടു കഴിഞ്ഞു മാത്രമേ ഇനി ആനയെ പുറത്തിറക്കാനാകൂ. അതുവരെ സുരക്ഷയും നിരീക്ഷണവും തുടരും. വെറ്ററിനറി സർജന്റെ പരിശോധനയും ഉണ്ട്. ധോണി കാട്ടിൽ വനംവകുപ്പ് ഓഫിസിനോടു ചേർന്നാണ് കുങ്കിയെ തളച്ചത്.

മദപ്പാടിൽ അനുസരണക്കേടു കാണിച്ചു തുടങ്ങിയതോടെ കാട്ടാനകളെ തുരത്താനുള്ള പട്രോളിങ് അവസാനിപ്പിച്ചു. മദപ്പാടു കഴിയാൻ എത്രമാസം വേണ്ടിവരുമെന്നതിലും വ്യക്തതയില്ല. കുങ്കിയാനയ്ക്കു സമീപത്തേക്ക് കാട്ടാനകൾ എത്താതെ നോക്കേണ്ടതും ഇപ്പോൾ വനംവകുപ്പിന്റെ ചുമതലയാണ്. പുറമെ കാട്ടാനകൾ നാട്ടിലിറങ്ങാതെയും നോക്കണം. ഇറങ്ങിയ കാട്ടാനകളെ ഓടിക്കണം. മുൻപു കാട്ടാനകൾ നാട്ടിലിറങ്ങുന്നതു മാത്രം തടഞ്ഞാൽ മതിയായിരുന്നു.

കുങ്കിയെ നോക്കേണ്ട ചുമതല കൂടി ലഭിച്ചതോടെ കാട്ടാനകൾ ഇറങ്ങുന്നുണ്ടോ എന്നു പരിശോധിക്കാൻ വനപാലകരുടെ പട്രോളിങ് വർധിപ്പിച്ചാണ് വകുപ്പ് പിടിച്ചു നിൽക്കുന്നത്.

ഇനി എന്തു കാട്ടാനാ

മുതുമലയിൽനിന്നു പരിശീലനം ലഭിച്ച കുങ്കിയാന സൂര്യയെ സെപ്റ്റംബർ 24നാണ് ധോണിയിൽ എത്തിച്ചത്. കാട്ടാനകളെ തുരത്താൻ മുതുമലയിൽ പരിശീലനം ലഭിച്ച 3 ആനകളെയാണ് പാലക്കാട്ടേക്ക് നിയോഗിച്ചതെങ്കിലും ഇതിൽ 2 എണ്ണം മദപ്പാടിലായതോടെ സൂര്യ മാത്രമാണ് എത്തിയത്. ധോണിയിലും പരിസരത്തുമായി കുങ്കിയാനയെ ഉപയോഗിച്ച് കുറച്ചു ദിവസം പട്രോളിങ് നടത്തിയെങ്കിലും അപ്പോഴേക്കും ആന മദപ്പാടിലായി.