കടലിന്‍റെ അടിത്തട്ടിലൂടെയും മണല്‍ പരപ്പിലൂടെയും മറ്റും ഇഴഞ്ഞു നീങ്ങുന്ന മത്സ്യങ്ങളെ പലപ്പോഴും നടക്കുന്ന മീനുകള്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഈ വിശേഷണത്തിന്‍റെ യഥാര്‍ത്ഥ അവകാശിയെ ഇപ്പോൾ ഇന്തോനേഷ്യയില്‍ നിന്നു കണ്ടെത്തിയിരിക്കുകയാണ് . കാലുകള്‍ പോലുള്ള അവയവം ഉപയോഗിച്ചു കരയോടു ചേര്‍ന്നുള്ള ഭാഗത്തു മണല്‍പരപ്പില്‍ നടക്കുന്ന മത്സ്യത്തെയാണ് ഫ്രഞ്ച് സ്കൂബാ ഡൈവര്‍ കണ്ടെത്തിയത്. ഇദ്ദേഹം പകര്‍ത്തിയ ദൃശ്യങ്ങള്‍ നാഷണല്‍ ജിയോഗ്രഫിക് ചാനൽ സംപ്രേഷണം ചെയ്തു. ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ലാത്ത മത്സ്യമാണിതെന്നും വ്യക്തമായിട്ടുണ്ട്.
സ്റ്റിങ് ഫിഷ് എന്ന വിഭാഗത്തില്‍ പെട്ടതാണ് ഈ മത്സ്യം. എന്നാല്‍ ഈ വിഭാഗത്തിലെ ഇനിയും തിരിച്ചറിയാത്ത ഇനമാണ് ഈ മത്സ്യമെന്നു ഗവേഷകര്‍ പറയുന്നു. മത്സ്യത്തിന്‍റെ ചെകിളയുടെ ഒരു ഭാഗം പരിണാമത്തിന്‍റെ ഫലമായി കാലുകള്‍ പോലെ രൂപപ്പെട്ടതാകാമെന്നും ഇവര്‍ കരുതുന്നു. ഈ മത്സ്യങ്ങളുടെ ബന്ധുക്കളെന്നു കരുതുന്ന മറ്റ് സ്റ്റിങ് ഫിഷുകള്‍ ചെകിള ഉപയോഗിച്ച് മണ്ണ് കുത്തിയിളക്കി ഇര തേടാറുണ്ട്. അതുകൊണ്ടാണ് കാലുകള്‍ പോലുള്ള അവയവം ചെകിളകളാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്.
എന്നാല്‍ മത്സ്യത്തെ വീണ്ടും കണ്ടെത്തി വിശദമായ പഠനം നടത്താതെ ഇക്കാര്യം സ്ഥിരീകരിക്കാനാകില്ല. ഏതായാലും ഓറഞ്ച് ബ്രൗണ്‍ നിറമുള്ള ഈ മത്സ്യത്തിന്‍റെ രഹസ്യം ഇനി കുറച്ചു കാലത്തേക്ക് ഗവേഷകരെ കുഴക്കുമെന്നുറപ്പാണ്. ചുരുങ്ങിയത് വീണ്ടും മനുഷ്യന്‍റെ കയ്യില്‍ ഇവ പിടിതരും വരെയെങ്കിലും.