ബ്രിട്ടൻ തീരത്തുനിന്നും 208 കിലോ ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യത്തെ പിടികൂടി. ഇത്രയും ഭാരമുള്ള ഒരു മത്സ്യം ചൂണ്ടയില്‍ കുടുങ്ങിയാല്‍ അതിനെ കരയിലേക്കോ ബോട്ടിലേക്കോ പിടിച്ചിടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ നെയ്‌ലാന്‍ഡില്‍ നിന്നുള്ള ആന്‍ഡ്രൂ അല്‍സപ് തന്‍റെ ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തെ ബോട്ടിലേക്കെത്തിച്ചത് രണ്ടു മണിക്കൂര്‍ സമയം കൊണ്ടാണ്. ബോട്ടിലേക്ക് വലിച്ചിട്ടപ്പോള്‍ മീനിന്‍റെ വലിപ്പം കണ്ട് ബോട്ടിലുണ്ടായിരുന്നവര്‍ മുഴുവന്‍ഞെട്ടി. കാരണം അത്രയും വലിയൊരു മത്സ്യത്തെ ആരും കണ്ടിട്ടില്ലായിരുന്നു.
ബ്ലൂഫിന്‍ ഇനത്തില്‍ പെട്ട ട്യൂണ ഫിന്‍ ആണ് ആന്‍ഡ്രൂവിന്‍റെ ചൂണ്ടയില്‍ കുരുങ്ങിയത്. ബ്രിട്ടന്‍റെ തീരത്തു നിന്ന് പിടികൂടിയ ഏറ്റവും വലിയ മത്സ്യം എന്നാണ് ആന്‍ഡ്രൂവിന്‍റെ ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തെ ഇപ്പോൾ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഒരു ടൂറിസ്റ്റ് ഏജന്‍സി നടത്തുന്ന ആന്‍ഡ്രൂ തന്‍റെ അതിഥികള്‍ക്ക് സ്രാവ് വേട്ട കാണാന്‍ നേരിട്ടവസരമുണ്ടാക്കാനാണ് മത്സ്യബന്ധന ബോട്ടിലെത്തിയത്. ആന്‍ഡ്രൂവിന്‍റെ സുഹൃത്തായ ഗാവിന്‍ ഡേവിസിന്‍റേതായിരുന്നു ബോട്ട്. സമയം കളയുന്നതിനു വേണ്ടി ചൂണ്ടയിട്ടുകൊണ്ടിരുന്നപ്പോഴാണ് കനമുള്ളതെന്തോ കുടുങ്ങിയതായി ആന്‍ഡ്രൂ മനസ്സിലാക്കിയത്. ചൂണ്ടയിൽ കുരുങ്ങിയ മത്സ്യത്തെ ബോട്ടിലേക്കു പിടിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ അതത്ര എളുപ്പമല്ലെന്ന് മനസ്സിലായി.
ഇതോടെ ചൂണ്ട്യ്ക്കു വേണ്ടി ആന്‍ഡ്രൂവും മത്സ്യവും തമ്മില്‍ പിടിവലി തുടങ്ങി. ഒടുവില്‍ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് ആന്‍ഡ്രൂന് മത്സ്യത്തെ ബോട്ടിലെത്തിക്കാനായത്. ആറു പേരു കൂടിയാണ് മത്സ്യത്തെ ബോട്ടിലേക്ക് വലിച്ചിട്ടത്.