Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോണിലെ തിളയ്ക്കുന്ന നദി; സത്യമോ മിഥ്യയോ?

 Mysterious Boiling River

തെക്കേ അമേരിക്കയിലെ വിവിധ രാജ്യങ്ങളിലായി കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ വനമേഖലയാണ് ആമസോണ്‍. ഇന്നുവരെ ആധുനിക മനുഷ്യന്‍ കടന്നു ചെല്ലാത്ത പല പ്രദേശങ്ങളും അതു പോലെ തന്നെ സ്ഥിരീകരിക്കാന്‍ കഴിയാത്ത മിത്തുകളും ആമസോണ്‍ വനത്തിലുണ്ട്. ഇതിലൊന്നായിരുന്നു പെറുവിലെ ആമസോണ്‍ വനാന്തരങ്ങളില്‍ സ്ഥിതി ചെയ്യുന്ന തിളയ്ക്കുന്ന നദി. നൂറ്റാണ്ടുകളായി പ്രദേശവാസികള്‍ പറയുന്ന പഴങ്കഥകളിലും പെറുവിലെ വനാന്തരങ്ങളിലൂടെ സ്വര്‍ണ്ണവേട്ടയ്ക്കു പോയി ജീവനും കൊണ്ടു തിരിച്ചോടിയെത്തിയ സ്പാനിഷ് യാത്രികരുടെ കഥകളിലും ഈ നദിയ്ക്കു സ്ഥാനമുണ്ട്. പക്ഷേ പെറുവില്‍ ഇത്തരമൊരു തിളയ്ക്കുന്ന നദിയ്ക്കുള്ള സാധ്യത ഗവേഷകര്‍ എന്നും തള്ളിക്കളയുകയാണു ചെയ്തത്.

ഇതിനു കാരണവുമുണ്ട്. പ്രകൃതിയില്‍ തിളയ്ക്കുന്ന തടാകങ്ങള്‍ ലോകത്തു പലയിടങ്ങളിലായി കാണപ്പെടുന്നുണ്ട്. കരീബിയന്‍ ദ്വീപായ ഡൊമിനികയിലുള്ള തിളയ്ക്കുന്ന തടാകം പോലുള്ള ഇവ പക്ഷെ എപ്പോഴും അഗ്നിപര്‍വ്വതങ്ങളോടു ബന്ധപ്പെട്ടാണ് കാണപ്പെടുന്നത്. പെറുവിലെ ആമസോണ്‍ മേഖലയില്‍ അഗ്നിപര്‍വ്വതങ്ങള്‍ ഇല്ലാത്തതു കൊണ്ട് തന്നെ അവിടെ ഇത്തരമൊരു തടാകത്തിനോ നദിയ്ക്കോ സാധ്യതയില്ലെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വിലയിരുത്തിയതും. പക്ഷേ പെറുവിലെ തന്നെ ഭൗമ ശാസ്ത്രജ്ഞനായ ആന്‍ഡ്രേസ് റൂസോ ശാസ്ത്രത്തിനു തെറ്റ് പറ്റാനുള്ള സാധ്യതകള്‍ കണക്കിലെടുത്തു കൊണ്ട് തന്നെ ഈ നദിയെ അന്വേഷിച്ച് ഒരു യാത്ര നടത്തി.

തടാകത്തിനു വേണ്ടിയുള്ള അന്വേഷണം

ജിയോതെര്‍മല്‍ വിഷയത്തില്‍ ഡോക്റേറ്റ് എടുത്ത ശേഷമാണ് പെറുവിലെ പല ഭൗമ ശാസ്ത്രജ്ഞരോടും ഇത്തരമൊരു നദിയെക്കുറിച്ച് തിരക്കുന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ ഇത്തരമൊരു നദി നിലനില്‍ക്കാനുള്ള സാധ്യത തള്ളിക്കളയുകയാണ് ചെയ്തത്. നദി കണ്ടെത്തി എന്നു പറയുന്ന വനമേഖലയുടെ പ്രദേശത്തുള്ള ഗ്രാമത്തിലാണ് റൂസോ ജനിച്ചത്. അതുകൊണ്ട് തന്നെ തിളയ്ക്കുന്ന നദിയ്ക്കു പിന്നാലെയുള്ള യാത്ര അവസാനിപ്പിക്കാന്‍ കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്ന കഥകള്‍ റൂസോയെ അനുവദിച്ചില്ല. ഇതോടെയാണ് തന്‍റെ ഗ്രാമത്തില്‍ തന്നെ അന്വേഷണം ആരംഭിക്കാന്‍ റൂസോ തീരുമാനിച്ചത്.

ഇതിനായി തിരികെ ഗ്രാമത്തിലെത്തിയപ്പോഴാണ് റൂസോയുടെ അമ്മ ഇക്കാര്യം പറയുന്നത്. റൂസോയുടെ അമ്മയുടെ സഹോദരി ഈ നദിയില്‍ നീന്തിയിട്ടുണ്ട് എന്ന്. ഇതോടെ സമയം കളയാതെ അമ്മയുടെ സഹോദരിയേയും കൂട്ടി റൂസോ നദി അന്വേഷിച്ചു യാത്ര തുടങ്ങി. വൈകാതെ തിളയ്ക്കുന്ന നദി കണ്ടെത്തുകയും ചെയ്തു. രണ്ടു ദിവസത്തെ യാത്രയ്ക്കൊടുവിലാണ് നദി കണ്ടെത്തിയതെങ്കിലും അതത്ര വെല്ലുവിളി നിറഞ്ഞ യാത്ര അല്ലായിരുന്നുവെന്ന് റൂസോ പറയുന്നു. എന്നിട്ടും ഇത്തരമൊരു അപൂർവ പ്രതിഭാസം ഉണ്ടെന്നു സ്ഥിരീകരിക്കാന്‍ പുറം ലോകത്തിനും ശാസ്ത്രത്തിനും ഇത്ര നാളും എന്തുകൊണ്ട് കഴിഞ്ഞില്ലെന്നാണ് റൂസോ ചിന്തിക്കുന്നത്. ഒരു പക്ഷേ ഇത്തരം മിത്തുകളോടുള്ള ശാസ്ത്രത്തിന്‍റെ അന്ധമായ എതിര്‍പ്പാകാം ഇതിനു കാരണമായതെന്നും റൂസോ കരുതുന്നു.

പൊള്ളുന്ന ചൂട്

നദി കണ്ടെത്തിയ ഉടനെ അതിന്‍റെ താപനില അളക്കുകയാണ് റൂസോ ചെയ്തത്. തിളയ്ക്കാനുള്ള ചൂട് ഇല്ലായിരുന്നു എങ്കിലും തൊട്ടടുത്ത് 86 ഡിഗ്രി സെല്‍ഷ്യസ്‍ വരെ ചൂട് നദിയ്ക്കുണ്ടായിരുന്നു. അതേസമയം റൂസോയുടെ അമ്മയുടെ സഹോദരി നദിയില്‍ നീന്തിയ കാര്യം കൂടി പരിഗണിച്ചാല്‍ നദിയിലെ ജലത്തിന്റെ താപനില കൂടിയും കുറഞ്ഞും കാണപ്പെടുന്നു എന്നതും വ്യക്തമായി. പ്രദേശവാസികളും സ്പാനിഷ് യാത്രികരും പറഞ്ഞത് പോലെ ചില സമയങ്ങളില്‍ നദി തിളച്ചു മറിയാനുള്ള സാധ്യതയുണ്ടെന്നും റൂസോ പറയുന്നു.

2014ലാണ് റൂസോ ഈ നദി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങലില്‍ കാണപ്പെടുന്ന മറ്റു ഹോട്ട് സ്പ്രിങ്ങുകളേക്കാള്‍ വ്യത്യസ്തമായിരുന്നു ഈ നദിയിലേത്. ഒന്ന് മറ്റുള്ള സ്ഥലങ്ങളില്‍ ഉള്ളതിനേക്കാള്‍ അസ്വാഭാവികമായ ചൂട്. രണ്ടാമതായി ഏതാണ്ട് മൂന്നു കിലോമീറ്ററോളം ദൂരം ഇത്തരത്തിലുള്ള കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഹിമാലയത്തില്‍ ഉള്‍പ്പടെ ഇത്തരം ഹോട്ട് സ്പ്രിങ്ങുകള്‍ ഉണ്ടെങ്കിലും ഇതെല്ലാം ഏതാനും മീറ്റര്‍ ദൂരത്തേക്കു മാത്രം നദിയെ ചൂടു പിടിപ്പിക്കുന്നവയാണ്.

പെറുവിലെ ഈ അസാധാരണ പ്രതിഭാസത്തിനു പിന്നില്‍

2013 മുതല്‍ 2017 വരെ ഈ അസാധാരണ താപനിലയുടെ കാരണം കണ്ടെത്താന്‍ റൂസെ നദിയില്‍ പഠനങ്ങള്‍ നടത്തി. ഒടുവില്‍ നാഷണല്‍ ജ്യോഗ്രഫിയിലെ ഗവേഷകരുടെ കൂടി സഹായത്തോടെ നടത്തിയ പഠനത്തില്‍ തിളയ്ക്കുന്ന നദിയുടെ പിന്നിലെ രഹസ്യം റൂസോ കണ്ടെത്തി. ഭൂമിക്കടിയില്‍ നിന്നെത്തുന്ന താപവാതം തന്നെയാണ് നദിയെ ചൂടു പിടിപ്പിക്കുന്നതെന്നാണ് റൂസോ തിരിച്ചറിഞ്ഞത്. പക്ഷെ മറ്റു പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ ഒരു നിശ്ചിത പ്രദേശത്തു മാത്രം നൂറു കണക്കിന് വിള്ളലുകളുണ്ട്. ഈ വിള്ളലുകളിലൂടെയാണ് താപവാതം പുറത്തേക്കു പ്രവഹിക്കുന്നത്. വിള്ളലുകളുടെ എണ്ണത്തിലുള്ള കൂടുതലാണ് നദിയിലെ താപനില മറ്റ് ഹോട്ട് സ്പ്രിങ്ങുകളേക്കാള്‍ ഉയര്‍ന്നതാകാന്‍ കാരണവും.

ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഹൈഡ്രോ തെർമല്‍ പ്രതിഭാസങ്ങളില്‍ സമാനതകളില്ലാത്തതാണ് പെറുവിലെ ഈ തിളയ്ക്കുന്ന തടാകം. പക്ഷെ തടാകത്തിന്‍റെ രഹസ്യം കണ്ടെത്തിയതു കൊണ്ട് മാത്രം റൂസോയുടെ തിളയ്ക്കുന്ന നദിയിലെ ഗവേഷണം അവസാനിക്കുന്നില്ല. ഇപ്പോള്‍ ഈ പ്രത്യേക താപനിലയില്‍ നദിയില്‍ജീവിക്കുന്ന ചെറുജീവികളെക്കുറിച്ചുള്ള പഠനത്തിലാണ് റൂസോ. ഇതിനകം തന്നെ ഏതാനും പുതിയ ജീവികളേയും റൂസോയും സഹഗവേഷകരായ സ്പെന്‍സറും, ജോനാതനും ചേർന്നു കണ്ടെത്തിക്കഴിഞ്ഞു.