മറയൂർ, വട്ടവട, പുൽപ്പള്ളി, വടകരപതി... മഴനിഴൽ പ്രദേശങ്ങൾ വർധിക്കുന്നു; വില്ലനാര്? ജാഗ്രതവേണം
ആണ്ടുതോറും വരുന്ന ജലക്ഷാമവും വരള്‍ച്ചയുടെ വിവിധ രൂപങ്ങളും ഈ വര്‍ഷവും പൂര്‍വാധികം ശക്തമായി വരുന്നുണ്ട്. വരള്‍ച്ചയും വെളളപ്പൊക്കവുമില്ലാത്ത ഭൂമിയെ കുറിച്ച് പറയുന്നത് ശാസ്ത്രീയ കാഴ്ചപ്പാടല്ല. അധിക ജലമുണ്ടാകുന്ന വെളളപ്പൊക്കവും ജലക്ഷാമമുണ്ടാക്കുന്ന വരള്‍ച്ചയുമെല്ലാം പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്. മണ്ണിനെ ശുദ്ധീകരിക്കുന്നതിലും അതിലെ ജൈവ,
ആണ്ടുതോറും വരുന്ന ജലക്ഷാമവും വരള്‍ച്ചയുടെ വിവിധ രൂപങ്ങളും ഈ വര്‍ഷവും പൂര്‍വാധികം ശക്തമായി വരുന്നുണ്ട്. വരള്‍ച്ചയും വെളളപ്പൊക്കവുമില്ലാത്ത ഭൂമിയെ കുറിച്ച് പറയുന്നത് ശാസ്ത്രീയ കാഴ്ചപ്പാടല്ല. അധിക ജലമുണ്ടാകുന്ന വെളളപ്പൊക്കവും ജലക്ഷാമമുണ്ടാക്കുന്ന വരള്‍ച്ചയുമെല്ലാം പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്. മണ്ണിനെ ശുദ്ധീകരിക്കുന്നതിലും അതിലെ ജൈവ,
ആണ്ടുതോറും വരുന്ന ജലക്ഷാമവും വരള്‍ച്ചയുടെ വിവിധ രൂപങ്ങളും ഈ വര്‍ഷവും പൂര്‍വാധികം ശക്തമായി വരുന്നുണ്ട്. വരള്‍ച്ചയും വെളളപ്പൊക്കവുമില്ലാത്ത ഭൂമിയെ കുറിച്ച് പറയുന്നത് ശാസ്ത്രീയ കാഴ്ചപ്പാടല്ല. അധിക ജലമുണ്ടാകുന്ന വെളളപ്പൊക്കവും ജലക്ഷാമമുണ്ടാക്കുന്ന വരള്‍ച്ചയുമെല്ലാം പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്. മണ്ണിനെ ശുദ്ധീകരിക്കുന്നതിലും അതിലെ ജൈവ,
ആണ്ടുതോറും വരുന്ന ജലക്ഷാമവും വരള്‍ച്ചയുടെ വിവിധ രൂപങ്ങളും ഈ വര്‍ഷവും പൂര്‍വാധികം ശക്തമായി വരുന്നുണ്ട്. വരള്‍ച്ചയും വെളളപ്പൊക്കവുമില്ലാത്ത ഭൂമിയെ കുറിച്ച് പറയുന്നത് ശാസ്ത്രീയ കാഴ്ചപ്പാടല്ല. അധിക ജലമുണ്ടാകുന്ന വെളളപ്പൊക്കവും ജലക്ഷാമമുണ്ടാക്കുന്ന വരള്‍ച്ചയുമെല്ലാം പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്. മണ്ണിനെ ശുദ്ധീകരിക്കുന്നതിലും അതിലെ ജൈവ, രാസ, ഭൗതിക ഘടകങ്ങളെ വേര്‍തിരിച്ചും പൊടിച്ചും അലിയിച്ചും ഒഴുക്കിയുമെല്ലാം മാറ്റുന്നതിലും വരള്‍ച്ചയ്ക്കും മഴയ്ക്കുമെല്ലാം നിര്‍ണായകമായ പങ്കാണുളളത്.
ഒരു പ്രദേശത്ത് ക്രമാതീതമായി മഴ കുറയുമ്പോഴാണ് വരള്‍ച്ചയുണ്ടാകുന്നത്. കാലാവസ്ഥാ മാറ്റം വിവിധ തലങ്ങളിലായിട്ടാണ് അനുഭവപ്പെടുന്നത്. മഴ കുറയുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന കാലാവസ്ഥാ വരള്‍ച്ചയാണ് ഒന്നാം ഘട്ടം. ജലക്ഷാമം രൂക്ഷമാവുമ്പോള്‍ കൃഷിയെയും മറ്റു ബാധിച്ച് രണ്ടാം ഘട്ടമായ കാര്‍ഷിക വരള്‍ച്ചയിലേയ്ക്ക് മാറും. രൂക്ഷമാവുമ്പോള്‍ ഭൂജല വരള്‍ച്ച എന്ന ഗുരുതരമായ ഘട്ടത്തിലേയ്ക്കും നീങ്ങും.
കാര്‍ണാഡിന്‍റെ (1994) പഠന പ്രകാരം അമേരിക്കയില്‍ മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ തുടര്‍ച്ചയായി ഇരുപതു ദിവസം മഴ കുറയുകയാണെങ്കില്‍ വരള്‍ച്ച പ്രതീക്ഷിക്കാം. ഓസ്ട്രേലിയയിലെ ഗിബ്സ്, മാഹര്‍ (1967) എന്നിവരുടെ നിഗമനത്തില്‍ മഴ കുറയുന്നതു തന്നെ വരള്‍ച്ചയുടെ സൂചകമായി കാണാം.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകളനുസരിച്ച് രാജ്യത്ത് ഇരുപത്തിയാറു ശതമാനമോ അതില്‍ കൂടുതലോ ശരാശരി മഴലഭ്യതയില്‍ കുറവുണ്ടായാല്‍ വരള്‍ച്ച അനുഭവപ്പെടും. 26 മുതല്‍ 50 ശതമാനം വരെ കുറവുണ്ടായാല്‍ മിതപരമായും 50 ശതമാനത്തില്‍ കൂടുതല്‍ കുറവുണ്ടായാല്‍ തീവ്രവരള്‍ച്ചയുമാണ് ഫലം. രാജ്യത്തെ 20 ശതമാനത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ മഴ കുറഞ്ഞാല്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളായി കണക്കാക്കുന്നതാണ്.
മഴയുടെ ലഭ്യതയിലും വരള്‍ച്ചയുടെ രീതിയിലും കേരളത്തിന്‍റെ സ്ഥിതി വ്യത്യസ്തമാണ്. ഇക്കഴിഞ്ഞ വര്‍ഷത്തില്‍ ശരാശരിയേക്കാള്‍ 24 ശതമാനം മഴ കൂടുതല്‍ ലഭിച്ചിട്ടും വേനല്‍ മഴയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് ജലക്ഷാമം രൂക്ഷമാവുകയാണ്.
കാലാവസ്ഥാ ശാസ്ത്രജ്ഞനായ കൂപ്പന്‍സിന്‍റെ വര്‍ഗീകരണമനുസരിച്ച് കേരളത്തില്‍ ഉഷ്ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥയാണുളളത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭിക്കുന്ന കാലവര്‍ഷവും ഒക്ടോബര്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ തുലാവര്‍ഷവും മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ വേനല്‍ മഴയുമാണ് കേരളത്തിലെ മഴക്കാലങ്ങള്‍. അറബിക്കടലിലെ വെളളം സൂര്യപ്രകാശത്താല്‍ നീരാവിയായി കാറ്റിന്‍റെ രൂപത്തില്‍ തിരശ്ചീന ദിശയില്‍ സഞ്ചരിക്കുന്നു. എന്നാല്‍ പശ്ചിമഘട്ട മലനിരകളുടെ സാന്നിദ്ധ്യമുളളതിനാല്‍ ആ ദിശയില്‍ കാറ്റിന് സഞ്ചരിക്കാനാവാതെ വരുമ്പോൾ അത് ഉയര്‍ന്ന് ലംബമായി സഞ്ചരിക്കും. ഉയര്‍ച്ചയിലേയ്ക്കു പോകുന്ന നീരാവി തണുത്ത് മലനിരകളുടെ പടിഞ്ഞാറു വശത്ത് മഴ തരികയും ചെയ്യുന്നുണ്ട്. അങ്ങനെ മലനിരകളാല്‍ തടയപ്പെട്ട് മഴ ലഭിക്കുന്നതിനാല്‍ പര്‍വതജന്യമഴ എന്ന വിഭാഗത്തിലാണ് കേരളത്തിലെ മഴയെ ഉള്‍പ്പെടുത്തിയിട്ടുളളത്. അതുകൊണ്ടുതന്നെ കേരളത്തില്‍ നല്ല മഴ ലഭിക്കുവാന്‍ പശ്ചിമഘട്ട മലനിരകളാവശ്യമാണ്.
ലോകത്തിലേറ്റവും കൂടുതല്‍ മഴപെയ്യുന്ന രാജ്യങ്ങള്‍ ബ്രസീല്‍, ഹവായ് എന്നിവയാണ്. (പ്രതിവര്‍ഷം ശരാശരി 2100 മി. മീ) എന്നാല്‍ കേരളത്തില്‍ വര്‍ഷത്തില്‍ 3000 മി. മീറ്റര്‍ മഴ ലഭിക്കുന്നു. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളായ ഭാരതത്തിലെ ചിറാപുഞ്ചിയിലും മൗന്‍സിന്‍ റാമിലും മഴ മാറിയാല്‍ ടാങ്കര്‍ ലോറി വെളളം നല്‍കേണ്ടി വരുന്നു. അപ്പോള്‍ എത്ര മഴ പെയ്യുന്നു എന്നതല്ല, എത്ര മഴയും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നു എന്നതാണ് പ്രധാനം.
കേരളത്തില്‍ മഴയുടെ ലഭ്യതയില്‍ ഗൗരവമായ ഏറ്റക്കുറിച്ചിലുകള്‍ കാണാവുന്നതാണ്. തീരദേശങ്ങളിലാണ് മഴയില്‍ കുറവുളളത്. ഇടനാട് പ്രദേശങ്ങളില്‍ താരതമ്യേന നല്ല മഴയും മലനാട് വനപ്രദേശങ്ങളില്‍ വലിയ തോതിലുളള മഴയുമാണ് ലഭിക്കുന്നത്. 900 മി. മീറ്റര്‍ മുതല്‍ 5000 മി. മീറ്റര്‍ വരെ വ്യത്യാസത്തിലാണ് മഴ ലഭിക്കുന്നതെങ്കിലും കേരളത്തിലാകെ ശരാശരി പ്രതിവര്‍ഷം 3000 മി. മീറ്റര്‍ മഴയാണ് ലഭിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് തെക്കന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിക്കുന്നത്. വര്‍ഷത്തില്‍ 500 മി. മീറ്ററിനു താഴെ മഴ ലഭിക്കുന്ന ഇടുക്കിയിലെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മലനാട്ടിലെ മുളളന്‍ കൊല്ലി, പുല്‍പ്പള്ളി, പാലക്കാട് ജില്ലയിലെ വടകരപതി, എരുത്തേമ്പതി തുടങ്ങിയ മേഖലകളെ മഴ നിഴല്‍ പ്രദേശങ്ങളെന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.
വര്‍ഷം തോറും ശരാശരി 120 ദിവസങ്ങളിലാണ് മഴ ലഭിക്കുന്നത്. പെയ്യുന്ന ദിവസങ്ങളിലാവട്ടെ ഏതാനും മണിക്കൂര്‍ മാത്രം. ഒരു കണക്കില്‍ പറഞ്ഞാല്‍ തുടര്‍ച്ചയായി പെയ്തിരുന്നെങ്കില്‍ 35 മുതല്‍ 40 മണിക്കൂര്‍ വരെ പെയ്യുന്നത്ര വെളളമേ നമുക്കു ലഭിക്കുന്നുളളൂ. അപ്പോള്‍ 120 ദിവസത്തെ ഏതാനും മണിക്കൂറിലെ മഴവെളളമാണ് പ്രധാന സമ്പത്ത്. 365 ദിവസവും കുടിവെളളം, ഗാര്‍ഹികം, ശുചിത്വം, ആരോഗ്യം, വ്യവസായം, ജലവൈദ്യുതി, കൃഷി എന്നിവക്കെല്ലാമാവശ്യമായ വെളളം ഉറപ്പാക്കേണ്ടത് പ്രധാനമായും ഈ മഴ കൊണ്ടാണ്. 5000 മി. മീറ്ററിലധികം ലഭ്യമായിരുന്ന വാര്‍ഷിക മഴ ഇക്കഴിഞ്ഞ നൂറുവര്‍ഷം കൊണ്ട് 3000 മി. മീറ്ററായി കേരളത്തില്‍ കുറഞ്ഞിട്ടുണ്ട്. 44 നദികളില്‍ മിക്കതിലും വേനല്‍ക്കാലത്ത് നീരൊഴുത്ത് ഉണ്ടാകാറില്ല. സമീപ പ്രദേശങ്ങളിലെ കിണറുകളുള്‍പ്പെടെ വറ്റുന്നതോടൊപ്പം തീരദേശമേഖലകളില്‍ ഉപ്പുവെളളം വ്യാപകമായി നദികളിലേക്കു തളളി കയറുന്നുമുണ്ട്. എല്ലാകാലത്തും നദികളുള്‍പ്പെടെയുളള നീരൊഴുക്കാവശ്യമാണ്. നദികളുടെ ഉല്‍ഭവസ്ഥാനത്തുനിന്നും ധാരാളം വെളളമെടുത്താലും വീണ്ടും നീരുറവയുണ്ടാകും. മധ്യമേഖലകളില്‍ നിന്ന് നദിയിലെ നീരൊഴുക്കിന്‍റെ 50 ശതമാനമേ എടുക്കാവൂ. തീരദേശത്തോടനുബന്ധിച്ചുളള മേഖലകളില്‍ 75 ശതമാനം വെളളവും നദികളിലുള്‍പ്പെടെ കാണേണ്ടതാണ്. അല്ലാതെ വരുമ്പോഴാണ് വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുന്നത്.
ഒരു ഹെക്ടര്‍ വനം മുപ്പതിനായിരം ഘനകിലോമീറ്ററും ഒരു ഹെക്ടര്‍ വയല്‍ 3 ലക്ഷം ലീറ്ററും മഴയെ ഉള്‍ക്കൊളളും. കാവുകളും തണ്ണീര്‍തടങ്ങളും നല്ല ജല ആവാസ വ്യവസ്ഥകളാണ്. ഇക്കഴിഞ്ഞ നൂറുവര്‍ഷത്തിനുളളില്‍ കേരളത്തില്‍ വലുതും ചെറുതുമായ വരള്‍ച്ച വിവിധ വര്‍ഷങ്ങളിലായി അനുഭവപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ വരള്‍ച്ചയുടെ നാള്‍വഴികള്‍
(വരള്‍ച്ച വര്‍ഷങ്ങള്‍)
1901,1904,1905,1911,1913,1915,1918,1920,1925,
1939,1941,1961,1965,1966,1968,1972,1974,1979,
1982,1985,1987,2000,2002,2009,2013.
തുടര്‍ വരള്‍ച്ച വര്‍ഷങ്ങള്‍
1951- 1952
1965 - 1966
2002 - 2003
ഗ്രാമപദേശങ്ങളിലെ പ്രധാന ജലസ്രോതസ്സ് തുറന്ന കിണറുകളാണ്. 78 ലക്ഷം കുടുംബങ്ങള്‍ക്കായി ഏകദേശം 60 ലക്ഷം വരെ കിണറുകളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. സംസ്ഥാനത്തെ 30 ബ്ലോക്കുകളില്‍ ഭൂജലവിതാനം ക്രമാതീതമായി താഴ്ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മഴയുടെ ലഭ്യതയില്‍ വർധനവുണ്ടായിട്ടും കേരളത്തില്‍ ജലക്ഷാമമുണ്ടാകുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. നഗരവല്‍ക്കരണവും ഭൂവിനിയോഗ രീതിയിലെ മാറ്റവും ധാരാളം ജലസ്രോതസ്സുകളെയാണ് നശിപ്പിക്കുന്നത്. അതുപോലെ കെട്ടിട നിര്‍മ്മാണ രീതികളും പലപ്പോഴും ജലത്തെ ഒഴുക്കി കളയുന്നതാണ്. മുറ്റവും മറ്റിടങ്ങളും വ്യാപകമായി സിമന്‍റിടുന്നതിനാല്‍ ഭൂഗർഭത്തിലേക്ക് മഴവെളളം പോകുന്നതിന്‍റെ അളവിലും കുറവുണ്ടാകുന്നുണ്ട്. മാത്രമല്ല മണ്ണിന്‍റെ ജൈവാംശവും ജലാഗിരണ ശേഷിയും കുറഞ്ഞു വരികയാണ്. ഏറ്റവും വലിയ മഴസംഭരണിയായ മണ്ണിലുണ്ടാകുന്ന മാറ്റം ദീര്‍ഘകാലത്തില്‍ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.
ആറുമാസക്കാലം മഴ, തുടര്‍ന്ന് പിന്നാലെ വരള്‍ച്ചയുടെ ആറുമാസം എന്നതാണ് അവസ്ഥ. വെളളത്തിന്‍റെ സമ്പന്ന കാലമായ മഴക്കാലത്തെ വെളളം സമഗ്രവും ശാസ്ത്രീയവുമായി സംഭരിക്കുകയും സംരക്ഷിക്കുകയും ചെയ്താല്‍ വേനലിന്‍റെ വറുതിയെ പ്രതിരോധിക്കുവാന്‍ കഴിയും. വേനല്‍ക്കാലത്ത് വെളളത്തിന്‍റെ ലഭ്യതയില്‍ കുറവുണ്ടാകുന്നതിനോടൊപ്പം ജലത്തിന്‍റെ ഗുണനിലവാരത്തിനും പ്രശ്നങ്ങളുണ്ടാകുന്നു. വരള്‍ച്ചയെ പ്രതിരോധിക്കുവാനും ജലസുരക്ഷ ഉറപ്പാക്കുവാനുമായി മഴവെളള സംഭരണം, ഭൂജലപരിപോഷണം എന്നിവയ്ക്ക് വലിയ സാധ്യതയാണുളളത്. ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള ഒരു പുരപ്പുറത്ത് പ്രതിവര്‍ഷം 3 ലക്ഷം ലീറ്ററും ഒരു ഹെക്ടര്‍ ഭൂമിയില്‍ ഒരു കോടി ഇരുപതുലക്ഷം ലീറ്ററും മഴയാണ് വീഴുന്നത്.
പുരപ്പുറത്തെ മഴവെളളത്തെ ഫെറോസിമന്‍റ് ടാങ്കിലും മറ്റ് സംഭരണികളും ശേഖരിക്കാവുന്നതാണ്. മഴവെളളത്തെ തുറന്ന കിണറുകളിലേക്ക് ശുദ്ധീകരിച്ച് കടത്തി വിടുന്ന കിണര്‍ റീചാര്‍ജിന് നല്ല സാധ്യതയാണുളളത്. കൃത്രിമമായി കുളങ്ങള്‍ തയാറാക്കിയും തടയണകള്‍ നിര്‍മിച്ചും പരമാവധി മഴയെ കരുതേണ്ടതുണ്ട്. വീഴുന്ന മഴയെ അതാതിടങ്ങളില്‍ താഴ്ത്തുകയെന്നതാണ് ജലസംരക്ഷണത്തിലെ പ്രധാന രീതി. ഓടുന്ന വെളളത്തെ നടത്തിയും നടക്കുന്നവയെ നിർത്തിയും നില്‍ക്കുന്നവയെ ഇരുത്തിയും ഇരിക്കുന്നവയെ ഉറക്കിയും പരമാവധി ഭൂമിയില്‍ തന്നെ കരുതണം. ജലസ്രോതസ്സുകള്‍ പരമാവധി മലിനരഹിതമായി സംരക്ഷിക്കേണ്ടതുണ്ട്. തണ്ണീര്‍ത്തടങ്ങള്‍, വയലുകള്‍, നദികള്‍, തോടുകള്‍, പുഴകള്‍, നീരുറവകള്‍, മലകള്‍, വനങ്ങള്‍, കാവുകള്‍ മറ്റ് ജലാര്‍ദ്രമേഖലകള്‍ എന്നിവയെല്ലാം നിലനിർത്തിയും ശുദ്ധിയായി പരിപാലിച്ചും മാത്രമെ വരള്‍ച്ചയെ പ്രതിരോധിക്കാനാവൂ.
എല്ലാവര്‍ക്കും കുടിവെളളം ഉള്‍പ്പെടെ ലഭ്യമാക്കുന്നതില്‍ പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപ്രകാരം തന്നെ ഉത്തരവാദിത്വമുണ്ട്. തൊഴിലുറപ്പു പദ്ധതി, സംയോജിത നീര്‍ത്തട വികസന പരിപാടി, നബാര്‍ഡ് നീര്‍ത്തട പദ്ധതികള്‍, ജലനിധി തുടങ്ങിയ വിവിധ പദ്ധതികളില്‍ ജലസംരക്ഷണത്തിന് വലിയ സാധ്യതയാണു ളളത്. നീര്‍ത്തടാധിഷ്ഠിത വികസന മാസ്റ്റര്‍ പ്ലാനുകള്‍ ബ്ലോക്കു പഞ്ചായത്തുകളിലും ജലവിഭവ ഭൂപടം ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാക്കിയിട്ടുണ്ട്.
ജലപഞ്ചായത്തുകള്‍ നമുക്കാവശ്യമാണ്. ജലസഭകള്‍ ചേര്‍ന്നും ജലവിഭവ പഠനങ്ങള്‍ നടത്തിയും കൂടുതല്‍ ജലാവബോധ പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കേണ്ടതാണ്. ജലസൗഹൃദ ഭവനങ്ങളും ജലസൗഹൃദ ക്യാംപസുകളും ജലസൗഹൃദ ഗ്രാമങ്ങളും നാം വിചാരിച്ചാല്‍ സജ്ജമാക്കുവാന്‍ കഴിയും. മഴവെളളസംഭരണത്തിന്‍റെയും കൃത്രിമ ഭൂജലപരിപോഷണത്തിന്‍റെയും നിരവധി മാതൃകകള്‍ മുന്നിലുണ്ട്. ജലസുരക്ഷാപ്രവര്‍ത്തനങ്ങളില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത പഞ്ചായത്തുകളുടെ അനുഭവങ്ങള്‍ ഏറ്റെടുക്കുവാന്‍ പഞ്ചായത്തുകള്‍ക്കു കഴിയണം.
മഴയുടെയും മണ്‍സൂണിന്‍റെയും നാട്ടില്‍ വരള്‍ച്ചയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയും. വെളളത്തിന്‍റെ സമ്പന്നകാലത്ത് മഴയെ പരമാവധി സംഭരിച്ചും ശേഖരിച്ചും സംരക്ഷിച്ചും വേനലുകള്‍ക്കായി കരുതാം. വരള്‍ച്ചയെ നമുക്ക് ഇല്ലാതാക്കുവാന്‍ കഴിയില്ല. പക്ഷേ വരള്‍ച്ചാ കാലത്തുണ്ടാകുന്ന കെടുതികള്‍ നമുക്ക് പ്രതിരോധിക്കുവാന്‍ കഴിയും. മഴയുടെ വരവിന്‍റെയും പോക്കിനെയും തിരിച്ചറിയുന്ന, വേനല്‍ക്കാലത്തേക്കും ജലം കരുതുന്ന പ്രവര്‍ത്തനങ്ങളാണ് നമുക്കാവശ്യം. ജലസുരക്ഷ, ജലശുദ്ധി മേഖലകളില്‍ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി സമസ്ത ജനവിഭാഗങ്ങള്‍ക്കും വലിയ പങ്കാണുളളത്. പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ നിരവധി മാതൃകകള്‍ സൃഷ്ടിക്കുന്ന പഞ്ചായത്തുകള്‍ക്ക് കഴിയട്ടെ. പ്രശ്നം നിലനില്‍പ്പിന്‍റെയാണ്. ജീവന്‍റെ അടിസ്ഥാനവുമാണ്.
(സംസ്ഥാന ജലവിഭവ വകുപ്പിന്റെ കമ്യൂണിക്കേഷൻ ആൻഡ് കപ്പാസിറ്റി ഡവലപ്മെന്റ് യൂണിറ്റ് ഡയറക്ടറാണ് ലേഖകൻ)