രണ്ടാം ലോകമഹായുദ്ധം കൊണ്ടുപിടിച്ചിരിക്കുന്ന നേരം. 1945 ഫെബ്രുവരിയിലെ ഒരു രാത്രി. ബർമ(ഇന്നത്തെ മ്യാൻമാർ)യോടു ചേർന്നുള്ള ദ്വീപായ റേംറിയിൽ പട്രോളിങ്ങിനിറങ്ങിയതായിരുന്നു ബ്രിട്ടിഷ് സൈന്യം. ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് അവർ ആ ദ്വീപ് ജപ്പാന്റെ കയ്യിൽ നിന്നു പിടിച്ചെടുത്തത്. 1942 മുതൽ റേംറി ജപ്പാന്റെ കൈവശമായിരുന്നു. യുദ്ധസമയത്ത് എയർബേസ് ആക്കാൻ പറ്റിയ ഇടം. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ സേനയുടെ സഹായത്തോടെ ബ്രിട്ടിഷ് സൈന്യം റേംറിയിലേക്ക് ഇരച്ചെത്തിയത്. നടന്നത് രക്തരൂക്ഷിതമായ പോരാട്ടം. ജപ്പാൻ സേനയിലെ ആയിരക്കണക്കിനു പട്ടാളക്കാർ തങ്ങളുടെ താവളം വിട്ടോടി. തൊട്ടുപുറകെ ബ്രിട്ടിഷ് സൈന്യവും.
നാലുപാടു നിന്നും വളഞ്ഞുള്ള ആക്രമണമായിരുന്നു ജപ്പാൻ നേരിട്ടത്. അതിനാൽത്തന്നെ ദ്വീപിന്റെ മറുഭാഗത്തേക്ക് കടക്കാൻ പുതുവഴി തേടി അവർ. മറുവശത്ത് കൂടുതൽ ജാപ്പനീസ് സൈനികരുമുണ്ട്. അവരോടൊപ്പം എത്രയും പെട്ടെന്നു ചേരാനുള്ള തത്രപ്പാടിനിടെ കൂടുതലൊന്നും ആലോചിച്ചില്ല. റേംറി ദ്വീപിലെ കണ്ടൽച്ചെടികൾ തിങ്ങിനിറഞ്ഞ ചതുപ്പിലൂടെ രക്ഷപ്പെടാൻ പദ്ധതിയിട്ടു. ദ്വീപിലെ 16 കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ആ ചതുപ്പുനിലത്തിലേക്ക് അങ്ങനെയാണ് ആയിരത്തോളം ജാപ്പനീസ് സൈനികർ ഇറങ്ങിയത്. പക്ഷേ വിചാരിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. കൊതുകുകളുടെ പടയാണ് ചതുപ്പിൽ കാത്തിരുന്നത്. പിന്നെ കൊടുംവിഷമുള്ള പാമ്പുകളും ചിലന്തികളും തേളുകളും കണ്ടൽക്കാടുകൾക്കിടയിൽ പതുങ്ങി നിന്നാക്രമിച്ചു.
ചുറ്റിലും ഉപ്പുവെള്ളമായതിനാൽ കുടിവെള്ളക്ഷാമത്തിലും സൈനികർ വലഞ്ഞു. ഒട്ടേറെ പേർ യാത്രയ്ക്കിടെ മരിച്ചുവീണു. തീരത്തേക്കു തിരികെ കയറാനുമാകില്ല, കാരണം ബ്രിട്ടിഷ് സൈന്യം കനത്ത പട്രോളിങ്ങിലാണ്. എന്നിട്ടും മുന്നേറിയവരെ പക്ഷേ കാത്തിരുന്നത് ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. അന്നു രാത്രിയിൽ പട്രോളിങ്ങിനിടെ ബ്രിട്ടിഷ് സേനാംഗങ്ങൾ അസാധാരണമായ കരച്ചിലുകളും വെടിയൊച്ചകളും കേട്ടാണു ശ്രദ്ധിച്ചത്. ദൂരെ ചതുപ്പിലെ വെള്ളം തിളച്ചുമറിയുന്നതു പോലുള്ള ശബ്ദം. ഒപ്പം ഒട്ടേറെ പേരുടെ ആർത്തനാദവും. ചുറ്റിലേക്കും ലക്ഷ്യമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയാണ് അവർ. കരയിൽ നിന്ന സൈനികർ കണ്ടു ദൂരെ ചതുപ്പിനു നടുവിൽ പൊട്ടിച്ചിതറുന്ന വെടിയുണ്ടകളുടെ മിന്നലാട്ടങ്ങൾ! എന്താണു സംഭവിച്ചതെന്നറിയാൻ പിറ്റേന്നു നേരം പുലരുന്നതു വരെ കാത്തിരിക്കേണ്ടി വന്നു.
ചതുപ്പിലാകെ ചോര കലങ്ങിയിരിക്കുന്നു. പ്രദേശത്താകെ പാറിപ്പറക്കുന്ന കഴുകന്മാർ. അവർ കൊത്തിപ്പറിക്കുന്നതാകട്ടെ മനുഷ്യന്റെ കൈയ്യും കാലുമെല്ലാം. പിന്നെയാണറിഞ്ഞത് ഉരഗവർഗത്തിൽപ്പെട്ട ലോകത്തിലെ ഏറ്റവും ഭീമന്മാരായ വേട്ടക്കാരുടെ താവളമായിരുന്നു ആ ചതുപ്പെന്ന്. ‘സോൾട്ട് ലേക്ക് ക്രോക്കഡൈൽസ്’ എന്നറിയപ്പെടുന്ന ആ മുതലകൾ ജാപ്പനീസ് സൈനികരെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. യുദ്ധത്തിൽ പരുക്കേറ്റ് ചോരയിറ്റുവീഴുന്ന ശരീരത്തോടെ എത്തിയ സൈനികരെ എളുപ്പത്തിൽ മണത്തറിയാനും മുതലകൾക്കായി. അതിനാൽത്തന്നെ കൂട്ടംകൂടിയായിരുന്നു ആക്രമണം.
പാതിവളർച്ചയെത്തിയ മുതല തന്നെ ധാരാളമാണ് ഒത്ത ഒരു മനുഷ്യനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ. പൂർണ വളർച്ചയെത്തിയ മുതലയ്ക്കാണെങ്കിൽ ഒരെണ്ണത്തിന് പരമാവധി 20 അടി വരെ നീളം വരും, 900 കിലോഗ്രാം ഭാരവും. മുതലകളുടെ ആക്രമണത്തിൽ നിന്ന് ആകെ രക്ഷപ്പെട്ടെത്തിയത് 20 പേരാണ്. അവരാകട്ടെ ബ്രിട്ടിഷ് സൈന്യത്തിന്റെ പിടിയിലുമായി. പലരുടെയും അവസ്ഥ പരുക്കേറ്റ് അതീവ ദയനീയവുമായിരുന്നു. എന്നാൽ 400 പേരെങ്കിലും അന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
സംഭവത്തിന് സാക്ഷ്യം വഹിച്ച ബ്രിട്ടിഷ് സൈനികൻ ബ്രൂസ് സ്റ്റാൻലി റൈറ്റ് ആണ് ഇതു സംബന്ധിച്ച ഏറ്റവും ആധികാരിക വിവരണം നൽകിയിട്ടുള്ളത്. 1962ൽ അദ്ദേഹം എഴുതിയ ‘വൈൽഡ് ലൈഫ് സ്കെച്ചസ് നിയർ ആൻഡ് ഫാർ’ എന്ന പുസ്തകത്തിൽ വിശദമായുണ്ട് ‘ബാറ്റിൽ ഓഫ് റേംറി ഐലന്റി’ലെ ഈ നരഭോജിമുതലകളുടെ വേട്ട നടന്ന രാത്രിയിലെ അനുഭവം. അതുപോലും പക്ഷേ എല്ലാവരും വിശ്വാസത്തിലെടുത്തിട്ടില്ല. എന്നിട്ടും മനുഷ്യനു നേരെ മൃഗങ്ങൾ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയായാണ് ഈ സംഭവം ഇന്നും അറിയപ്പെടുന്നത്. മുതലകളുടെ ആക്രമണത്തിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ടതിന്റെ ഗിന്നസ് റെക്കോർഡും റേംറിയിലെ ഈ നരഭോജി മുതലകളുടെ ആക്രമണത്തിന്റെ പേരിലാണ്!