1930കളിലായിരുന്നു സംഭവം. യുഎസിലെ എഡ്മോറിലുള്ള ഒരു കൃഷിയിടം. കൃഷിപ്പണികൾക്കിടെയാണ് അവിടത്തെ ജോലിക്കാർ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ആകാശത്തുനിന്നു വയലിലേക്ക് ഒരു തീഗോളം പതിക്കുന്നു. ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ അതു പൊട്ടിത്തെറിച്ചു. ആ സ്ഥലം പരിശോധിക്കാനെത്തിയപ്പോൾ കർഷകരെ കാത്തിരുന്നത് ഒരു നീളൻ വിള്ളലായിരുന്നു. അതിനു സമീപത്തു നടത്തിയ പരിശോധനയിൽ ലഭിച്ചതാകട്ടെ ഏകദേശം പത്തു കിലോഗ്രാം ഭാരം വരുന്ന ഒരു അസാധാരണ പാറക്കഷ്ണവും!
കർഷകൻ അതെടുത്തു തന്റെ ധാന്യപ്പുരയുടെ വാതിൽ അടഞ്ഞു പോകാതിരിക്കാനുള്ള ‘ഡോർസ്റ്റോപ്പാക്കി’ മാറ്റി. ഏകദേശം 50 വർഷത്തോളം ഒരു പോറലു പോലും പറ്റാതെ ആ ഡോർ സ്റ്റോപ്പ് ധാന്യപ്പുരയുടെ വാതിലിനിടയിൽ കിടന്നു. 1988ൽ ആ കൃഷിയിടം മിഷിനഗിലെ ഡേവിഡ് മസൂറെക്ക് എന്ന വ്യക്തിക്കു വിറ്റു. ഒപ്പം ആ ഡോർസ്റ്റോപ്പും കൊടുത്തു. തന്റെ ധാന്യപ്പുരയിലെ ആ അസാധാരണ പാറക്കഷ്ണം അടുത്തിടെയാണു ഡേവിഡ് ശ്രദ്ധിച്ചത്.
മിഷിഗനിൽ പലയിടത്തും ഉൽക്കാശിലകൾ കണ്ടെത്തിയെന്നും അതു വിലയ്ക്കെടുക്കുന്നുവെന്നും കേട്ട വാർത്തയെ തുടർന്നായിരുന്നു അത്. സംശയം തോന്നി പാറക്കഷ്ണത്തിന്റെ സാംപിൾ സെൻട്രൽ മിഷിഗൻ സർവകലാശാലയിൽ പരിശോധനയ്ക്കയച്ചു. അവരത് ലോകപ്രശസ്തമായ സ്മിത്‌സോണിയൻ റിസർച്ച് സെന്ററിലേക്കും അയച്ചു.
പിന്നീടാണ് ഡേവിഡിനെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. സർവകലാശാല ആ പാറയ്ക്കിട്ട വില ഒരു ലക്ഷം ഡോളറായിരുന്നു (ഇന്ത്യൻ രൂപയിൽ ഏകദേശം 73 ലക്ഷം വരും!) അന്തംവിട്ടു പോയ ഡേവിഡിനോടു സർവകലാശാലയിലെ ജിയോളജി പ്രഫസർ മോണ സിർബെസ്കുവാണു പറഞ്ഞത്– അദ്ദേഹത്തിന്റെ സംശയം തെറ്റിയില്ല, കൊണ്ടുവന്നത് ഒരു ഉൽക്കാശിലയുടെ (Meteorite) കഷ്ണമാണ്.
ബഹിരാകാശത്ത് അലഞ്ഞു തിരിയുന്ന ഇത്തരം ശിലകൾ ചില സാഹചര്യങ്ങളില്‍ ഭൂമിയിലേക്കു പതിക്കാറുണ്ട്. എന്നാൽ അന്തരീക്ഷവുമായുള്ള ഘർഷണത്തിലൂടെ ഭൂരിഭാഗവും കത്തിത്തീരുകയാണു പതിവ്. ലോഹങ്ങളാലും പാറകളാലും രൂപപ്പെട്ട ഉൽക്കാശിലകളുടെ ചില ഭാഗം ഭൂമിയിൽ പതിക്കുകയും ചെയ്യും. മിഷിഗനിൽനിന്നു തന്നെ അത്തരത്തിൽ പല തവണയായി ഉൽക്കാശിലകൾ ലഭിച്ചിട്ടുമുണ്ട്.
ഡേവിഡിനു ലഭിച്ച ശിലയിൽ 88.5 ശതമാനവും ഇരുമ്പായിരുന്നു, 11.5% നിക്കലും. വിലയുടെ കാര്യത്തിലും ശാസ്ത്രീയമായും നോക്കുകയാണെങ്കിൽ ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും മൂല്യമേറിയ ഉൽക്കാശിലയാണ് ഡേവിഡ് നൽകിയതെന്നായിരുന്നു മോണയുടെ വാക്കുകൾ. മിഷിഗണില്‍ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ആറാമത്തെ ഉൽക്കാശിലയുമാണിത്. ഈ അപൂർവ ശിലയിൽ കൂടുതൽ പരീക്ഷണത്തിനൊരുങ്ങുകയാണു ഗവേഷകർ.
എത്ര വില വേണമെങ്കിലും നൽകി ഉൽക്കാശില ഏറ്റെടുക്കാൻ തയാറാണെന്ന് സ്മിത്‌സോണിയൻ റിസർച് സെന്ററും യുഎസിലെ മെയ്ൻ മ്യൂസിയവും അറിയിച്ചിട്ടുണ്ട്. ഇത്രയും പണം ലഭിച്ചാൽ എന്തു ചെയ്യുമെന്ന് ഡേവിഡിനു നേരെ ഒരു ചോദ്യവും വന്നു. സരസമായിരുന്നു ഉത്തരം– ‘ഇനി വേണം ധാന്യപ്പുരയിലേക്കു പുതിയൊരു ഡോർസ്റ്റോപ്പ് വാങ്ങാൻ..